ദോഹ. ആധുനിക മനുഷ്യന്‍ അഭിമുഖീകരിക്കുന്ന പ്രധാന ആരോഗ്യ പ്രശ്‌നമായി കാന്‍സര്‍ മാറിയിരിക്കുന്നുവെന്നും കാന്‍സര്‍ പ്രതിരോധമാണ് ചികില്‍സയേക്കാള്‍ പ്രധാനമെന്നും ഖത്തര്‍ ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലെ നാഷണല്‍ സെന്റര്‍ ഫോര്‍ കാന്‍സര്‍ കെയര്‍ ആന്റ് റിസര്‍ച്ച് റിസ്‌ക് ആന്റ് പേഷ്യന്റ് സേഫ്റ്റി വകുപ്പ് മേധാവി തങ്കം പണിക്കര്‍ അഭിപ്രായപ്പെട്ടു. മീഡിയ പ്ലസ്, ആന്റി സ്‌മോക്കിംഗ് സൊസൈറ്റി, സ്‌കില്‍സ് ഡവലപ്‌മെന്റ് സെന്റര്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടന്ന ലോക കാന്‍സര്‍ ദിനാചരണ ബോധവല്‍ക്കരണ പരിപാടിയില്‍ വിഷയമവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു അവര്‍.

കാന്‍സര്‍ എന്നത് മരണമണിയായി കണക്കാക്കിയിരുന്ന കാലം കഴിഞ്ഞു. വൈദ്യ ശാസ്ത്രം പുരോഗമിക്കുന്നതിനനുസരിച്ച് പല കാന്‍സറുകളും നേരത്തെ കണ്ടെത്താനായാല്‍ ചികില്‍സിച്ച് ഭേദമാക്കാനാകുമെന്നത് ആശ്വാസകരമാണ്. അനാരോഗ്യകരമായ എല്ലാ ശീലങ്ങളും അവസാനിപ്പിക്കുകയാണ് കാന്‍സര്‍ പ്രതിരോധത്തിന്റെ ആദ്യ പടി, അവര്‍ പറഞ്ഞു.
മിക്ക കാന്‍സറുകളും ഉണ്ടാകുന്നതും പടരുന്നതും തെറ്റായ ജീവിതശൈലി സ്വീകരിക്കുകയും ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നതുകൊണ്ടാണ്. വ്യക്തി തലത്തിലും സമൂഹ തലത്തിലുമുളള ശ്രദ്ധയും ബോധവല്‍ക്കരണവും നല്ലൊരു ശതമാനം കാന്‍സറുകളും പ്രതിരോധിക്കുവാന്‍ സഹായകമാകുമെന്നാണ് വൈദ്യ ശാസ്ത്രരംഗത്തെ ഗവേഷണങ്ങള്‍ തെളിയിക്കുന്നത്.

ആരോഗ്യകരമായ ഭക്ഷണക്രമം, സ്ഥിരമായ കായികാഭ്യാസം, സമ്മര്‍ദ്ധങ്ങള്‍ ലഘൂകരിക്കുന്നതിന് സഹായമായ ഗൃഹാന്തരീക്ഷം മുതലായവ കാന്‍സര്‍ പ്രതിരോധത്തില്‍ ഏറെ പ്രധാനമാണ്.

ഫാസ്റ്റ് ഫുഡും റെഡ് മീറ്റും പരമാവധി ഒഴിവാക്കുകയും പഴങ്ങളും പച്ചക്കറികളും ആന്റി ഓക്‌സിഡന്‍സ് കൂടുതലുള്ള ഭക്ഷണ സാധനങ്ങളും പതിവാക്കുകയും ചെയ്യുവാന്‍ നാം ശ്രദ്ധിക്കണം. കുട്ടികളില്‍ ശരിയായ ഭക്ഷണ സംസ്‌കാരം രൂപീകരിക്കുന്നതില്‍ രക്ഷിതാക്കള്‍ മാതൃകയാവണം.

ആധുനിക ചികില്‍സാ സംവിധാനങ്ങള്‍ കാന്‍സര്‍ പരിചരണം കൂടുതല്‍ സൗകര്യപ്രദവും കാര്യക്ഷമവുമാക്കിയിട്ടുണ്ടെങ്കിലും രോഗം വരാതെ നോക്കുക തന്നെയാണ് ചികില്‍സയേക്കാള്‍ പ്രധാനം. കാന്‍സറിനെ പ്രതിരോധിക്കുവാനും അതിന്റെ വ്യാപനം തടയുവാനും സഹായിക്കുന്ന ബോധവല്‍ക്കരണ പരിപാടികള്‍ക്ക് തുടക്കം കുറിക്കുവാനുമുള്ള അവസരമാണ് ലോക കാന്‍സര്‍ ദിനമെന്ന് അവര്‍ ഓര്‍മിപ്പിച്ചു.

ഐ.സി. ബി. എഫ്. പ്രസിഡണ്ട് ഡേവിസ് എടക്കുളത്തൂര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. മൈന്‍ഡ് പവര്‍ ട്രെയിനറും സക്‌സസ് കോച്ചുമായ ഡോ. ഷൈജു കാരയില്‍ സംസാരിച്ചു. കാന്‍സര്‍ പ്രതിരോധത്തില്‍ മാനസികാരോഗ്യത്തിന്റെ പങ്ക് വലുതാണെന്നും പ്രതീക്ഷയും പ്രത്യാശയും നല്‍കുന്നതോടൊപ്പം മനസിന്റെ സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുന്നതിനുള്ള സംവിധാനങ്ങളും ഏറെ പ്രസക്തമാണെന്ന് അദ്ദേഹം പറഞ്ഞു. മനസിനെ സംഘര്‍ഷ മുക്തമാക്കുവാന്‍ സാധ്യമായ എല്ലാ മാര്‍ഗങ്ങളും പ്രയോജനപ്പെടുത്തണം.

കാന്‍സറിനെ പ്രതിരോധിക്കുവാന്‍ നമുക്ക് കഴിയും എനിക്ക് കഴിയുമെന്നതാണ് ഈ വര്‍ഷത്തെ കാന്‍സര്‍ ദിന പ്രമേയം. കാന്‍സര്‍ പ്രതിരോധം സംബന്ധിച്ച് പൊതുജനങ്ങളില്‍ ആത്മവിശ്വാസം വളര്‍ത്തുന്നതിന്റെ ഭാഗമായാണ് കഴിഞ്ഞ വര്‍ഷം മുതല്‍ മൂന്ന് വര്‍ഷത്തേക്ക് ഇതേ പ്രമേയം തന്നെ ചര്‍ച്ചചെയ്യുന്നത്.

മീഡി പ്ലസ് സി.ഇ.ഒ. ഡോ. അമാനുല്ല വടക്കാങ്ങര പരിപാടി നിയന്ത്രിച്ചു.

ഷറഫുദ്ധീന്‍ തങ്കയത്തില്‍, മുഹമ്മദ് റഫീഖ്, സിയാഹുറഹ്മാന്‍, ജോജിന്‍ മാത്യൂ, സെയ്തലവി അണ്ടേക്കാട്, ശരണ്‍ സുകു, ഖാജാ ഹുസൈന്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here