കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജിയില്‍ അങ്കമാലി കോടതി ഇന്ന് വിധി പറയും. എന്നാല്‍ നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ദിലീപിന് നല്‍കാന്‍ പാടില്ലെന്ന നിലപാടിലാണ് പ്രോസിക്യൂഷന്‍. ദൃശ്യങ്ങള്‍ നല്‍കുന്നത് നടിയുടെ സുരക്ഷയ്ക്കും സ്വകാര്യജീവിതത്തിനും ഭീഷണിയാണെന്നാണ് പ്രോസിക്യൂഷന്റെ നിലപാട്. കേസ് അട്ടിമറിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ദിലീപ് ശ്രമിക്കുമെന്നതിനാല്‍ ദൃശ്യങ്ങളുടെ പകര്‍പ്പ് നല്‍കരുതെന്നും പ്രോസിക്യൂഷന്‍ വാദിക്കും.

കുറ്റപത്രത്തിനൊപ്പം പൊലീസ് നല്‍കിയ രേഖകള്‍ ആവശ്യപ്പെട്ടാണ് ദിലീപ് ഹര്‍ജി നല്‍കിയത്. വിചാരണ സമയത്ത് പൊലീസ് സമര്‍പ്പിച്ച രേഖകളുടെയും തെളിവുകളുടെയും പട്ടിക നല്‍കാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരം ഗൗരവ സ്വഭാവമുള്ള ചില രേഖകള്‍ ഒഴികെ മറ്റുള്ളവ പൊലീസ് പ്രതിഭാഗത്തിന് കൈമാറിയിട്ടുണ്ട്.മൊഴിപ്പകര്‍പ്പുകള്‍, വിവിധ പരിശോധനാ ഫലങ്ങള്‍, സിസിടിവി ദൃശ്യങ്ങള്‍, ഫോണ്‍ വിളി വിവരങ്ങള്‍ തുടങ്ങിയവയാണ് പൊലീസ് പ്രതിഭാഗത്തിന് നല്‍കിയതനടി ആക്രമിക്കപ്പെട്ട വാഹനം കടന്നുപോയ സ്ഥലത്തെ ആറ് സിസിടിവി ദൃശ്യങ്ങളാണ് കൈമാറിയത്. രണ്ട് പ്രതികളുടെ മൊബൈല്‍ ഫോണ്‍ സംഭാഷണങ്ങളുടെ ഫോറന്‍സിക് പരിശോധന ഫലവും കൈമാറിയിട്ടുണ്ട്.

ഇത് ബുധനാഴ്ചയ്ക്കകം പരിശോധിക്കാനാണ് കോടതി നിര്‍ദേശം. കേസിലെ എല്ലാ പ്രതികളോടും ഇന്നു ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലാ പ്രതികള്‍ക്കും കുറ്റപത്രം കൈമാറി. കേസുമായി ബന്ധപ്പെട്ട് അങ്കമാലി കോടതിയുടെ അധികാര പരിധിയിലുള്ള ഹര്‍ജികളില്‍ തീര്‍പ്പായാല്‍ കേസ് വിചാരണക്കോടതിയിലേക്കു കൈമാറാനാകും.

LEAVE A REPLY

Please enter your comment!
Please enter your name here