Home / ഇന്ത്യ / രഥയാത്ര വീണ്ടും; രാമജന്മഭൂമി വിഷയം ആളിക്കത്തിക്കാനൊരുങ്ങി ആര്‍.എസ്.എസ്

രഥയാത്ര വീണ്ടും; രാമജന്മഭൂമി വിഷയം ആളിക്കത്തിക്കാനൊരുങ്ങി ആര്‍.എസ്.എസ്

ന്യൂഡല്‍ഹി: അടുത്തവര്‍ഷം നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് രാമജന്മഭൂമി വിഷയം ആളിക്കത്തിക്കാനൊരുങ്ങി സംഘപരിവാരം. ഇതിന്റെ ഭാഗമായി അയോധ്യയില്‍ നിന്നു തമിഴ്‌നാട്ടിലെ രാമേശ്വരം വരെ ആര്‍.എസ്.എസ് സംഘടിപ്പിക്കുന്ന രഥയാത്ര ചൊവ്വാഴ്ച തുടങ്ങും.

പള്ളിനിലനിന്ന സ്ഥലത്തിനടുത്തുള്ള വി.എച്ച്.പി ആസ്ഥാനം സ്ഥിതിചെയ്യുന്ന കര്‍സേവക്പുരം എന്ന സ്ഥലത്തു വച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് യാത്ര ഫ്‌ളാഗ് ഓഫ് ചെയ്യും. മഹാരാഷ്ട്ര, മധ്യപ്രദേശ് വഴി കര്‍ണാടകയിലെത്തിയ ശേഷം യാത്ര കേരളത്തിലുമെത്തും. അടുത്തമാസം 23നാണ് യാത്ര സമാപിക്കുക. 41 ദിവസം നീണ്ടുനില്‍ക്കുന്ന യാത്രയ്ക്കിടെ  43 പൊതുയോഗങ്ങളാവും ഉണ്ടാവുക.

പള്ളി നിലനിന്ന സ്ഥാനത്ത് രാമക്ഷേത്രം നിര്‍മിക്കുക, ഞായയറാഴ്ചയ്ക്കു പകരം വ്യാഴാഴ്ച വാരാന്ത്യ അവധിയായി പ്രഖ്യാപിക്കുക, ലോക ഹിന്ദുദിനമായി ഒരു ദിവസം പ്രഖ്യാപിക്കുക തുടങ്ങിയ അഞ്ചുആവശ്യങ്ങളാണ് യാത്രയില്‍ ഉന്നയിക്കുക. രാം രാജ്യ രഥ് യാത്ര എന്ന പേരില്‍ കേരളം ആസ്ഥാനമായ ശ്രീ രാംദാസ് മിഷന്‍ യൂനിവേഴ്‌സല്‍ സൊസൈറ്റി എന്ന സ്ഥാപനത്തിന്റെ ആഭിമുഖ്യത്തിലാണ് യാത്ര നടത്തുന്നത്.

യാത്രയുടെ റൂട്ടില്‍ തടസ്സങ്ങള്‍ ഇല്ലെന്ന് ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രായം യാത്രകടന്നുപോവുന്ന ആറുസംസ്ഥാനങ്ങളിലെ പൊലിസ് മേധാവികള്‍ക്കും കത്തയച്ചിട്ടുണ്ട്. ആവശ്യമായ സുരക്ഷാമുന്‍കരുതല്‍ നടപടികള്‍ എടുക്കണമെന്നാവശ്യപ്പെടുന്ന കത്തില്‍ യാത്രയുടെ റൂട്ട് വിശദമാക്കുന്ന രേഖയും ഉണ്ട്. മാര്‍ച്ച് 11നാണ് യാത്ര കേരളത്തിലെത്തുക. മാനന്തവാടിയില്‍ പൊതുസമ്മേളനത്തോടെ ആരംഭിക്കുന്ന യാത്ര പിന്നീട് കണ്ണൂര്‍, കോഴിക്കോട്, മേലാറ്റൂര്‍ (മലപ്പുറം), പാലക്കാട്, എറണാകുളം, കോട്ടയം, പത്തനംതിട്ട, പുനലൂര്‍ വഴി മധുരയില്‍ എത്തും. 23ന് രാമേശ്വരത്ത് യാത്ര എത്തുമെങ്കിലും തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിലാണ് സമാപനസമ്മേളനം നടക്കുക.

ബി.ജെ.പിക്കു ബലികേറാമലയായ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലൂടെയാണ് യാത്ര കൂടുതലും സഞ്ചരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. നിയമസഭാതെരഞ്ഞെടുപ്പു നടക്കുന്ന കര്‍ണാടകയില്‍ യാത്രയ്ക്കിടെ ഏഴു പൊതുപരിപാടികള്‍ ഉണ്ട്. കേരളത്തില്‍ പത്തു പൊതുയോഗവും തമിഴ്‌നാട്ടില്‍ മൂന്നു പൊതുയോഗവും നടക്കും. രഥയാത്രയെ എങ്ങിനെ നേരിടണമെന്നത് പലവിഷയത്തിലും കേന്ദ്രവുമായി ഉടക്കിനു നിന്ന് കേരളത്തിലെ ഇടതുപക്ഷസര്‍ക്കാരിനു കനത്തതലവേദന കൂടിയാവും.

നേരത്തെ രൂക്ഷമായ വര്‍ഗീയകലാപങ്ങള്‍ വിതച്ച് 1990ല്‍ എല്‍.കെ അദ്വാനി നടത്തിയ രഥയാത്രയാണ് ബാബരി മസ്ജിദിന്റെ തകര്‍ച്ചയിലും തുടര്‍ന്ന് കേന്ദ്രത്തില്‍ ആദ്യമായി ബി.ജെ.പി സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതിലും കലാശിച്ചത്. അദ്വാനിയുടെ യാത്ര ബിഹാറില്‍ അന്നത്തെ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവ് തടഞ്ഞതോടെ യാത്ര ഇടക്കുവച്ച് നിര്‍ത്തേണ്ടിവന്നു. യാത്രകടന്നുപോ ഗുജറാത്ത്, ഉത്തര്‍പ്രദേശ്, കര്‍ണാടക, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലുണ്ടായ വര്‍ഗീയകലാപങ്ങളില്‍ നൂറുകണക്കിനാളുകള്‍ കൊല്ലപ്പെടുകയുംചെയ്തു.

Check Also

മുസ്​ലിമായി ജീവിക്കാന്‍ അനുവദിക്കണമെന്ന് ഹാദിയ

ന്യൂഡല്‍ഹി: താന്‍ മുസ്​ലിമാണെന്നും അതിനാൽ തന്നെ മുസ്​ലിമായി ജീവിക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട്​ ഹാദിയയുടെ സത്യവാങ്​മൂലം. സുപ്രീം കോടതിയിലാണ്​ സത്യവാങ്​മൂലം സമര്‍പിച്ചത്​. …

Leave a Reply

Your email address will not be published. Required fields are marked *