ജിദ്ദ: യമനിലുള്ള 4500 ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനായി ഇന്ത്യന്‍ സര്‍ക്കാരിന് തുണയായത് സഊദി അറേബ്യയുടെ പിന്തുണകൊണ്ടാണെന്നു കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്.

സഊദി അറേബ്യയുമായി രാജ്യത്തിന് ഊഷ്മള ബന്ധമാണുള്ളതെന്നും റിയാദ് ഇന്ത്യന്‍ എംബസ്സി ബോയ്‌സ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ തടിച്ചു കൂടിയ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്തുകൊണ്ട് കേന്ദ്രമന്ത്രി വ്യക്തമാക്കി.

ഏതു രാജ്യത്തു ചെന്നാലും ഇന്ത്യക്കാരെക്കുറിച്ച് നല്ലതു മാത്രമേ കേള്‍ക്കുന്നുള്ളൂ. ഇന്ത്യക്കാര്‍ കഠിനാധ്വാനികളും നിയമ വ്യവസ്ഥകള്‍ അംഗീകരിക്കുന്നവരുമാണ്. നേരത്തെ ഇന്ത്യന്‍ എംബസികളില്‍ ചെന്ന് സഹായമഭ്യര്‍ഥിക്കാന്‍ എല്ലാവര്‍ക്കും ഭയമായിരുന്നു. എന്നാല്‍ ഇന്ന് ആ അവസ്ഥ മാറി.

പ്രവാസികള്‍ക്ക് വിദേശ രാജ്യങ്ങളില്‍ അവരുടെ വീടുപോലെയാണ് എംബസികള്‍. ഓരോ വിഷയങ്ങളിലും ഉടന്‍ പരിഹാരം നല്‍കാന്‍ എംബസികള്‍ മുന്നോട്ട് വരും.

വിദേശകാര്യമന്ത്രി എന്ന നിലയില്‍ വിദേശത്തുള്ള ഇന്ത്യക്കാരുടെ എല്ലാ പ്രശ്‌നങ്ങളിലും താന്‍ സജീവമായി ഇടപെട്ടുവരുന്നുണ്ട്. കോട്ടും സ്യൂട്ടും ധരിച്ചുള്ള വിദേശകാര്യ മന്ത്രിമാരുടെ കാലം മാറിയെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.

പ്രധാനമന്ത്രിയുടെ സഊദി സന്ദര്‍ശന വേളയില്‍ സ്വച്ഛ് ഭാരത്, മേക്ക് ഇന്‍ ഇന്ത്യപദ്ധതികളെ കുറിച്ച് സഊദി ഭരണകൂടത്തെ ധരിപ്പിക്കാന്‍ മോദിക്കായി. അതിന്റെ കൂടി ഫലമായാണ് രാജ്യത്തിന്റെ പൈതൃകോത്സവത്തില്‍ ഇന്ത്യയെ അതിഥി രാജ്യമായി ക്ഷണിച്ചതെന്നു കരുതുന്നതായി മന്ത്രി പറഞ്ഞു.

സഊദിയുമായുള്ള ബന്ധം കഴിഞ്ഞ വര്‍ഷങ്ങളില്‍ ഊര്‍ജ്ജിതമാക്കാന്‍ എന്‍.ഡി.എ സര്‍ക്കാരിന് സാധിച്ചു. സഊദി അറേബ്യയിലെ ഓരോ ഇന്ത്യക്കാരനും ഇന്ത്യയുടെ അംബാസിഡര്‍മാരായി പ്രര്‍ത്തിക്കണമെന്നും സുഷമസ്വരാജ് അഭ്യര്‍ഥിച്ചു.

സര്‍ക്കാരിന് പ്രവാസികളുടെ പിന്തുണ ഉണ്ടാകണമെന്നും സുഷമ സ്വരാജ് പറഞ്ഞു.അംബാസിഡര്‍ അഹമ്മദ് ജാവേദ് ,ഡി സി എം ഡോ: സുഹൈല്‍ അജാസ് ഖാന്‍, ഫസ്റ്റ് സെക്രട്ടറി നാരായണന്‍, അനില്‍ നോട്ടിയാല്‍, മീഡിയയുടെ ചുമതലയുള്ള ഹിഫ്‌സുല്‍ റഹ്മാന്‍, തുടങ്ങി എംബസിയിലെ എല്ലാ ഉധ്യോഗസ്ഥരും ഇന്ത്യന്‍ സമൂഹത്തിന്റെ നിരവധി സംഘടനാപ്രതിനിധികള്‍ സാംസ്‌കാരിക പ്രവര്‍ത്തകര്‍ തുടങ്ങി നിരവധി പേര്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here