കൊച്ചി: കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ കുടിശിക തീര്‍ക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. 2018 ജൂലായ് വരെയുള്ള പെന്‍ഷന്‍ കൊടുത്തു തീര്‍ക്കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിട്ടുള്ളത്. 600 കോടിരൂപ ഇതിനായി വായ്പയെടുക്കും. കാര്‍ഷിക സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം രൂപവത്കരിച്ച് ധാരണാപത്രത്തില്‍ സര്‍ക്കാര്‍ ഒപ്പുവെക്കും.

ബാങ്ക് അക്കൗണ്ട് വഴിയാവും പെന്‍ഷന്‍ വിതരണം ചെയ്യുകയെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. അതിനിടെ പെന്‍ഷന്‍ വിതരണത്തിനായി ഹൈക്കോടതി മുന്നോട്ടുവച്ച നിര്‍ദ്ദേശം പ്രായോഗികമല്ലെന്ന് കെ.എസ്.ആര്‍.ടി.സി മാനേജിങ് ഡയറക്ടര്‍ ഹൈക്കോടതിയെ അറിയിച്ചു.

വരുമാനത്തില്‍നിന്ന് ഒരു തുക പെന്‍ഷന്‍ വിതരണത്തിനായി മാറ്റിവെക്കണമെന്നായിരുന്നു ഹൈക്കോടതി നിര്‍ദ്ദേശം. എന്നാല്‍, ഡീസലിനും വായ്പാ തിരിച്ചടവിനും വന്‍തുക മാറ്റിവെക്കേണ്ടി വരുന്നതിനാല്‍ ഈ നിര്‍ദ്ദേശം പ്രായോഗികമല്ലെന്നാണ് കെ.എസ്.ആര്‍.ടി.സി അധികൃതര്‍ അറിയിച്ചിട്ടുള്ളത്.

സുശീല്‍ ഖന്ന റിപ്പോര്‍ട്ട് നടപ്പാക്കുന്നതോടെ കോര്‍പ്പറേഷന്റെ സാമ്പത്തിക സ്ഥിതി മെചപ്പെടുമെന്നും അപ്പോള്‍ പെന്‍ഷന് മുഖ്യ പരിഗണന നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്. പെന്‍ഷന്‍ ലഭിക്കാത്തതില്‍ മനംനൊന്ത് രണ്ട് മുന്‍ ജീവനക്കാര്‍ ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ വിഷയത്തില്‍ അടിയന്തരയോഗം വിളിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here