ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ ജനങ്ങള്‍ക്ക് ഏറ്റവും പ്രിയങ്കരനായ കമ്മ്യൂണിറ്റി ലീഡര്‍ രവി  റഗ്ബീറിനെ നാടുകടത്തരുതെന്ന അപേക്ഷയുമായി ന്യുയോര്‍ക്ക് മേയര്‍ ബില്‍ ഡി ബ്ലാസിയൊ ഇമിഗ്രേഷന്‍ ആന്റ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് ഫില്‍ഡ് ഓഫീസര്‍ ഡറക്ടര്‍ തോമസ് ഡെക്കര്‍ക്ക് കത്തയച്ചു. 

രവിയുടെ അറസ്റ്റിനെ തുടര്‍ന്നുണ്ടായ പ്രതിഷേധ പ്രകടനങ്ങളില്‍ ന്യൂയോര്‍ക്ക് പൊലീസ് സ്വീകരിച്ച നിലപാടുകള്‍ വിമര്‍ശന വിധേയമായിരുന്നു.

ഫെഡറല്‍ ജഡ്ജിയുടെ ഉത്തരവിനെ തുടര്‍ന്നു കസ്റ്റഡിയിലായിരുന്ന രവിയെ വിട്ടയച്ചുവെങ്കിലും നാടുകടത്തല്‍ നടപടികളുമായി ഇമിഗ്രേഷന്‍ വകുപ്പ് മുന്നോട്ടു പോകുകയായിരുന്നു. ഫെബ്രുവരി 10 ശനിയാഴ്ചയോടു കൂടി രവിയെ അമേരിക്കയില്‍ നിന്നും തിരിച്ചയക്കുമെന്നാണ് അധികൃതരില്‍ നിന്നും ലഭിച്ച അനൗദ്യോഗിക അറിയിപ്പില്‍ പറയുന്നത്.

20 വര്‍ഷം നിയമപരമായി സ്ഥിരതാമസക്കാരനായിരുന്ന രവി ന്യൂയോര്‍ക്ക് സമൂഹത്തിനു നല്‍കിയ സേവനവും പ്രാസംഗികന്‍, വിദ്യാഭ്യാസ പ്രവര്‍ത്തകന്‍, സംഘാടകന്‍ എന്ന നിലയിലുള്ള പ്രവര്‍ത്തനങ്ങളും എന്നും ആദരിക്കപ്പെടേണ്ടതാണെന്നും മേയര്‍ എഴുതിയ കത്തില്‍ ചൂണ്ടികാണിക്കുന്നു. മേയറെ പിന്തുണച്ചു നിരവധി കൗണ്‍സില്‍ അംഗങ്ങളും  രംഗത്തെത്തിയിട്ടുണ്ട്. മൂന്നു ദിവസത്തിനുള്ളില്‍ രവി റഗ്ബീറിന്റെ അമേരിക്കന്‍ ജീവിതത്തെക്കുറിച്ചുള്ള അവ്യക്തത മാറുമെന്നാണ് പ്രതീക്ഷ.

LEAVE A REPLY

Please enter your comment!
Please enter your name here