മാലി: മാലിദ്വീപിലെ പ്രതിസന്ധിക്കിടെ പിന്തുണ ആവശ്യപ്പെട്ട് പ്രസിഡന്റ് അബ്ദുല്ല യമീന്റെ പ്രതിനിധി സംഘം വിവിധ രാജ്യങ്ങിലേക്ക് പുറപ്പെട്ടു. എന്നാല്‍ ഇന്ത്യയിലേക്ക് പ്രതിനിധി സംഘത്തെ അയച്ചില്ല. ചൈന, പാകിസ്താന്‍, സഊദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലേക്ക് അയച്ചിട്ടും നല്ല ബന്ധത്തിലുള്ള ഇന്ത്യയിലേക്ക് പ്രതിനിധികളെ അയക്കാത്തതിന്റെ കാരണം വ്യക്തമല്ല.

അതേസമയം, ഇന്ത്യയിലേക്ക് വരാനാണ് ആദ്യം പദ്ധതിയിട്ടതെന്നും എന്നാല്‍ ഇന്ത്യന്‍ നേതാക്കന്മാര്‍ക്ക് പറ്റിയ സമയം ഇല്ലാത്തതിനാലാണ് മാറ്റിവച്ചതെന്നും നേരത്തെ നിശ്ചയിച്ചിരുന്ന പ്രതിനിധി സംഘത്തലവന്‍ അഹമ്മദ് മുഹമ്മദ് പറഞ്ഞു. വിദേശകാര്യ മന്ത്രി രാജ്യത്തിനു പുറത്താണെന്നും പ്രധാനമന്ത്രി ഈയാഴ്ച യു.എ.ഇയിലേക്ക് പോവുന്നുണ്ടെന്നും ഞങ്ങള്‍ക്കറിയാമെന്നും അദ്ദേഹം പറഞ്ഞു.

മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദ് അടക്കമുള്ള ഒന്‍പതു പേര്‍ക്കെതിരെ സര്‍ക്കാര്‍ ചുമത്തിയ തീവ്രവാദ കുറ്റം ഒഴിവാക്കിക്കൊണ്ട് സുപ്രിം കോടതി വിധി വന്നതോടെയാണ് മാലിയില്‍ പ്രതിസന്ധി തുടങ്ങിയത്. കോടതി വിധി നടപ്പിലാക്കരുതെന്ന് പ്രസിഡന്റ് യമീന്‍ സൈന്യത്തോട് ആവശ്യപ്പെടുകയും രാജ്യത്ത് 15 ദിവസത്തെ അടിയന്തരാവസ്ഥ ജഡ്ജിമാരെയും പ്രതിപക്ഷ നേതാക്കളെയും അറസ്റ്റ് ചെയ്യിക്കുകയും ചെയ്തു.

അബ്ദുല്ല യമീന്റെ നടപടിക്ക് പിന്തുണ ആവശ്യപ്പെട്ടു കൊണ്ടാണ് ഇപ്പോള്‍ പ്രതിനിധി സംഘങ്ങള്‍ വിവിധ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തുന്നത്. എന്നാല്‍ ഇന്ത്യയില്‍ നിന്ന് അനുകൂല പ്രതികരണമല്ല മാലിക്ക് ലഭിച്ചത്.

നേരത്തെ, മുന്‍ പ്രസിഡന്റ് അബ്ദുല്ല നഷീദ് ഇന്ത്യയോട് സഹായം അഭ്യര്‍ഥിച്ചിരുന്നു. അടിയന്തരാവസ്ഥ നീക്കി രാഷ്ട്രീയ പ്രതിസന്ധി ഇല്ലാതാക്കാന്‍ ഇന്ത്യ സൈന്യത്തെ അയയ്ക്കണമെന്നായിരുന്നു നഷീദിന്റെ ആവശ്യം. ഇതിലും ഇന്ത്യ കൃത്യമായ പ്രതികരണം അറിയിച്ചിരുന്നില്ല. സംഭവവികാസങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും അടിയന്തരാവസ്ഥ ഇന്ത്യയെ ബുദ്ധിമുട്ടാക്കുന്നുവെന്നുമായിരുന്നു ആദ്യ പ്രതികരണം.

LEAVE A REPLY

Please enter your comment!
Please enter your name here