വാഷിംഗ്‌ടൺ: അമേരിക്കയിൽ ഡൗൺസ് സിൻഡ്രോം ബാധിച്ച കുട്ടിയെ കമ്പനിയുടെ മുഖമായി മാറ്റി പ്രമുഖ ബേബി ഫുഡ് ബ്രാൻഡ് ഗർബർ. കമ്പനിയുടെ 91 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരത്തിലൊരു നിലപാട് ഗർബർ സ്വീകരിച്ചത്.’സ്പോക്സ്ബേബി’എന്ന പേരിലാണ് പതിനെട്ട് മാസം പ്രായമുള്ള കുട്ടിയെ കമ്പനി തിരഞ്ഞെടുത്തത്.

ജോർജിയയിലെ ഡാൽട്ടണിൽ നിന്നുള്ള ലൂക്കാസ് എന്ന കുട്ടിയാണ് ഈ ഭാഗ്യവാൻ. 140,000-ത്തിലധികം അപേക്ഷകരിൽ നിന്നാണ് എട്ടാമത്തെ ഗർബേർ ബേബി ഫോട്ടോയ്ക്കായി ലൂക്കാസിനെ തിരഞ്ഞെടുത്തതെന്നും, അവന്റെ നിഷ്കളങ്കമായ ചിരിയും നോട്ടവുമാണ് അവൻ 2018ലെ സ്പോക്സ്ബേബിയാകാൻ കാരണമെന്നും കമ്പനി വാർത്താകുറിപ്പിൽ പറഞ്ഞു.

2010 മുതലാണ് ഗർബർ ഇത്തരത്തിൽ മത്സരം സംഘടിപ്പിക്കാൻ തുടങ്ങിയത്. ലൂക്കാസിന്റെ കുടുംബത്തിന് 50,000 ഡോളർ സമ്മാനമായി കമ്പനി നൽകും. കൂടാതെ ഈ വർഷം മുഴുവനും ഗർബറിന്റെ എല്ലാ പരസ്യങ്ങളിലും, സോഷ്യൽ മീഡിയ ചാനലുകളിൽ ലൂക്കാസിന്റെ മുഖമായിരിക്കും പ്രത്യക്ഷപ്പെടുക.ഇത്തരത്തിൽ വലിയൊരു അവസരം കിട്ടിയതിൽ സന്തോഷിക്കുന്നു, ഇവനെ പോലെ ഡൗൺസ് സിൻഡ്രോം ബാധിച്ച കുട്ടികൾക്ക് സമൂഹത്തിൽ ഇത്തരത്തിൽ അവസരങ്ങൾ ലഭിച്ചാൽ അത് കുടുതൽ നല്ലതായിരിക്കുമെന്നും, അവർക്കും അതിൽ നിന്ന് കൂടുതൽ സന്തോഷം ലഭിക്കുമെന്നും ലൂക്കാസിന്റെ അമ്മ വ്യക്തമാക്കി.കമ്പനിയുടെ പുതിയ തീരുമാനത്തിന് സമൂഹ മാധ്യമങ്ങളിലൂടെ അഭിനന്ദനപ്രവാഹവുമായി നിരവധിപേരാണ് രംഗത്തെത്തിയിരിക്കുന്നത്. പരസ്യങ്ങളില്‍ എത്തുന്നതിന് മുന്‍പേ ലൂക്കാസ് പ്രശസ്തനായി മാറിയിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here