കൊച്ചി: പാറ്റൂര്‍ ഭൂമിയിടപാട് കേസില്‍ സംസ്ഥാന സർക്കാരിന് തിരിച്ചടി നല്‍കി ഹൈക്കോടതിയുടെ വിധി. കേസിലെ വിജിലന്‍സ് അന്വേഷണവും എഫ്ഐആറും കോടതി റദ്ദാക്കി. മുന്‍ ചീഫ് സെക്രട്ടറി ഭരത് ഭൂഷണ്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ വിധി. വിധി വന്നതോടെ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉള്‍പ്പടെയുള്ള കേസിലെ അഞ്ച് പ്രതികൾ കുറ്റവിമുക്തരാകും. പ്രഥമ ദൃഷ്ട്യ കേസ് നിലനില്‍ക്കുന്നതല്ലെന്ന് കോടതി വ്യക്തമാക്കി.

ഉത്തരവില്‍ മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന് രൂക്ഷമായ വിമര്‍ശനവും ഉയര്‍ന്നു. ഭൂപതിവ് രേഖകള്‍ വ്യാജമാണെന്ന് തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ല. ഒരു ദിവസം മാത്രമാണ് കോടതിയില്‍ എത്തിയത്. പിന്നീട് അപ്രത്യക്ഷമായി. പിന്നീട് സോഷ്യല്‍ മീഡിയയിലാണ് ജേക്കബ് തോമസിനെ കാണുന്നത്. ജേക്കബ് തോമസിനെ അച്ചടക്കം പഠിപ്പിക്കേണ്ട സമയം അതിക്രമിച്ചുകഴിഞ്ഞിരിക്കുന്നു. ജേക്കബ് തോമസിനെതിരായ കോടതിയലക്ഷ്യം നിലനില്‍ക്കുന്നു. ജേക്കബ് തോമസ് ഡി.ജി.പിയായിരിക്കാന്‍ യോഗ്യനാണോ എന്നും കോടതി വിമര്‍ശിച്ചു.

ഫ്ലാറ്റ് കമ്പനിക്കുവേണ്ടി മുൻ സർക്കാരിന്റെ കാലത്തെ റവന്യൂവകുപ്പ് ഫയൽ പൂഴ്ത്തിയെന്നും കമ്പനിക്കുവേണ്ടി ഒത്താശ ചെയ്തെന്നുമാണു കേസ്. ആകെ അഞ്ച് പ്രതികളുള്ള കേസിൽ നാലാം പ്രതിയാണ് ഉമ്മൻ ചാണ്ടി. ഉമ്മൻ ചാണ്ടിക്കും യുഡിഎഫിനും വിധി ആശ്വാസമാണ്. കേരളാ വാട്ടർ അതോറിറ്റി മുൻ എക്സിക്യുട്ടീവ് എൻജിനീയർമാരായ സോമശേഖരൻ നായർ, മധു, മുൻ ചീഫ് സെക്രട്ടറി ഭരത് ഭൂഷൺ, ടി.എസ് അശോക്‌ എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ.

പാറ്റൂർ കേസിലെ ഭൂമി പതിവ് രേഖകൾ അപൂർണ്ണമാണ് എന്ന് വിജിലൻസ് ഡയറക്ടർ ആയിരിക്കെ ജേക്കബ് തോമസ് ലോകായുക്തയിൽ റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്മേൽ ഹൈക്കോടതി ജേക്കബ് തോമസിനെ വിളിച്ചു വരുത്തി വിശദീകരണം തേടിയിരുന്നു. രേഖാമൂലം വിശദീകരണം നൽകാനും ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ, വിശദീകരണം വൈകിയ സാഹചര്യത്തിൽ ഹൈക്കോടതി ഇടക്കാല ഉത്തരവിലൂടെ ജേക്കബ് തോമസിനെതിരെ വിമർശിച്ചിരുന്നു.

എന്നാൽ, വിശദീകരണം വൈകിയ സാഹചര്യത്തിൽ ഹൈക്കോടതി ഇടക്കാല ഉത്തരവിലൂടെ ജേക്കബ് തോമസിനെതിരെ വിമർശനം ഉന്നയിച്ചു. മാത്രമല്ല, പാറ്റൂർ കേസിലെ ഭൂമിപതിവു രേഖകൾ പൂർണമാണെന്നും ഹൈക്കോടതി അന്നു നിരീക്ഷിച്ചിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here