തിരുവനന്തപുരം : പൊലീസ് കസ്റ്റഡിയിലിരിക്കെ മരിച്ച അനിയന്‍ ശ്രീജീവിന്റെ കൊലയാളികളെ ശിക്ഷിക്കണമെന്ന ആവശ്യവുമായി സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം നടത്തുന്ന ശ്രീജിത്തിന്റെ അടുത്ത സുഹൃത്തായ ആന്‍ഡേഴ്സണ്‍ എഡ്വേഡ് ചെങ്ങന്നൂരില്‍ മത്സരിക്കും. ‘പൊതുജനമാണ് സാര്‍’ എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോട് പറഞ്ഞതിന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആക്രമണത്തിനിരയായ മുന്‍ യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് ആന്‍ഡേഴ്സണ്‍.

പൊലീസ് കസ്റ്റഡിയില്‍ ഇരിക്കെ കൊല്ലപ്പെട്ട അനിയന്‍ ശ്രീജിവിന് നീതി കിട്ടണമെന്നാവശ്യപ്പെട്ട് നിരാഹാര സമരം നടത്തുന്ന ശ്രീജിത്തിന്റെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചെത്തിയ രമേശ് ചെന്നിത്തല, സമരപ്പന്തലില്‍ തന്നെ ചോദ്യം ചെയ്ത യുവാവിനോട് നീയാരാണ് എന്ന് ചോദിച്ചു. ‘ ഞാന്‍ പൊതുജനമാണ് സാര്‍ ‘ എന്ന ആന്‍ഡേഴ്സണ്‍ന്റെ വാക്കുകള്‍ സാമൂഹ്യ മാധ്യമങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു.

ചെങ്ങന്നൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് ഫെയ്സ് ബുക്ക് ലൈവില്‍ പറഞ്ഞ ആന്റേഴ്സണ്‍ താന്‍ വിജയിച്ചില്ലെങ്കിലും രാഷ്ട്രീയക്കാരെ പാഠം പഠിപ്പിക്കുമെന്ന് പറഞ്ഞു. സാധാരണക്കാരനെ വിലയില്ലാത്ത രാഷ്ട്രീയ നേതാക്കളാണ് ഇന്നുള്ളത്. ഈ രാഷ്ട്രീയക്കാര്‍ക്കെതിരെ യുവാക്കളെ അണിനിരത്തും, സോഷ്യല്‍ മീഡിയയുടെ പിന്തുണയാണ് തനിക്കുള്ളത്, പൊതുജനം ആരാണെന്ന് ചില രാഷ്ട്രീയക്കാരെ അറിയിക്കേണ്ടതുണ്ടെന്നും ആന്‍ഡേഴ്സണ്‍ പറഞ്ഞു.

രമേശ് ചെന്നിത്തലയെ സമരപ്പന്തലില്‍ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ആന്‍ഡേഴ്സണെ യൂത്ത് കോണ്‍ഗ്രസുകാര്‍ ആക്രമിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് വാരിയെല്ലിന് ക്ഷതമേറ്റ ആന്‍ഡേഴ്സണ്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. താന്‍ ആശുപത്രിയിലായിരുന്നപ്പോള്‍ തന്റെ രാഷ്ട്രീയ എതിരാളികള്‍ പോലും തന്നെ ആശ്വസിപ്പിക്കാനെത്തിയിരുന്നു. എന്നാല്‍ താന്‍ വിശ്വസിച്ച പാര്‍ട്ടിയോ ആളുകളോ തന്നെ കാണാനോ ആശ്വസിപ്പിക്കാനോ എത്തിയില്ല. മറിച്ച് ഇപ്പോഴും യൂത്ത് കോണ്‍ഗ്രസുകാര്‍ തന്നെ ആക്രമിക്കുകയാണെന്നും ആന്‍ഡേഴ്സണ്‍ ഫെയ്സ് ബുക്ക് ലൈവില്‍ ആരോപിച്ചു.

ചെങ്ങന്നൂര്‍ ഇലക്ഷനില്‍ മത്സരിക്കാനുള്ള തന്റെ തീരുമാനത്തിന് സാമൂഹ്യമാധ്യമങ്ങളില്‍ വന്‍ സ്വീകരണമാണ് ലഭിക്കുന്നത്. മത്സരത്തില്‍ ജയവും തോല്‍വിയും ഉണ്ടാകും അതിനപ്പുറം രാഷ്ട്രീയക്കാരനെ പൊതുജനമെന്താണെന്ന് അറിയിക്കാനുള്ള ഒരു അവസരമാണ് തനിക്ക് ലഭിച്ചിരിക്കുന്നതെന്നും ആന്‍ഡേഴ്സണ്‍ പറഞ്ഞു.

തിരഞ്ഞെടുപ്പുകളാണ് രാഷ്ട്രീയ നേതാക്കളുടെ ഭാവി നിശ്ചയിക്കുന്നത്. ഒരു രൂപ പോലും ചിലവാക്കാതെ ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും അതിന് എല്ലാവരുടെയും സഹായം തനിക്കുണ്ടാകണമെന്നും ആന്‍ഡേഴ്സണ്‍ ആഭ്യര്‍ത്ഥിച്ചു. തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള പണം സുഹൃത്തുക്കള്‍ നല്‍കുമെന്നും പ്രചരണത്തിനായി സാമൂഹ്യമാധ്യമങ്ങളെ ഉപയോഗിക്കുമെന്നും ആന്‍ഡേഴ്സണ്‍ പറഞ്ഞു.

മണ്ഡലത്തില്‍ പൊതുജനം എന്ന പേരില്‍ അഞ്ച് പേരുടെ സംഘം തെരുവുനാടകം കളിക്കും. പ്രകാശ് കുട്ടന്‍ സംവിധാനം ചെയ്യുന്ന നാടകത്തിലെ മുഖ്യകഥാതന്തു രമേശ് ചെന്നിത്തല, താന്‍ ആരാണെന്ന് ചോദിച്ചതും ‘പൊതുജനമാണ് സാര്‍’ എന്ന മറുപടി നല്‍കിയതുമായി ബന്ധപ്പെട്ടാണ്. പ്രകൃതി സൗഹൃദ പ്രചരണത്തിനാണ് മുന്‍തൂക്കം നല്‍കുകയെന്നും ആന്‍ഡേഴ്സണ്‍ പറഞ്ഞു. കെഎസ്യു, യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ ഇപ്പോഴും ആക്രമിക്കുകയാണെന്നും ആന്‍ഡേഴ്സണ്‍ കൂട്ടിച്ചേര്‍ത്തു.

രമേശ് ചെന്നിത്തല ആഭ്യന്തരമാന്ത്രിയായിരിക്കുമ്പോഴാണ് ശ്രീജിത്തിന്റെ അനിയന്‍ ശ്രീജിവ് ഒരു പോലീസുകാരന്റെ ബന്ധുവായ പെണ്‍കുട്ടിയെ പ്രണയിച്ചെന്നാരോപിച്ച് സ്റ്റേഷനിലേക്ക് കള്ളക്കേസെടുത്ത് വിളിപ്പിച്ച് മര്‍ദ്ദിച്ച് കൊന്നത്. അനിയന്‍ പിടഞ്ഞ് മരിക്കുന്നത് നേരിട്ട് കാണേണ്ടി വന്ന ശ്രീജിത്ത് നീതികിട്ടണമെന്നാവശ്യപ്പെട്ട് ഇപ്പോഴും സമരം തുടരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here