Home / കായികം / കൊച്ചിയിലെ ഗാലറിയില്‍ രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വിക്ടര്‍ പുള്‍ഗ

കൊച്ചിയിലെ ഗാലറിയില്‍ രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വിക്ടര്‍ പുള്‍ഗ

കൊച്ചി: കൊച്ചിയിലെ ഗാലറിയില്‍ രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മടങ്ങിയെത്തിയ മുന്‍ ബ്ലാസ്റ്റേഴ്‌സ് താരം വിക്ടര്‍ പുള്‍ഗ എപ്പോള്‍ ടീമിനു വേണ്ടിയിറങ്ങുമെന്ന ആകാംക്ഷയില്‍ കാത്തിരിക്കുകയാണ് ആരാധകര്‍. ഡേവിഡ് ജെയിംസിന് പിന്നാലെ പുള്‍ഗയും മടങ്ങിയെത്തിയതോടെ പുത്തന്‍ പ്രതീക്ഷകളോടെയാണ് ആരാധകരും. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും പുള്‍ഗയെ ഇറക്കിയില്ല. എന്നാല്‍ വരുന്ന പ്രധാന മത്സരങ്ങളിലേക്ക് രഹസ്യ ആയുധമായി ജെയിംസ് പുള്‍ഗയെ കരുതിവെച്ചേക്കുവാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

സ്പാനിഷ് താരമായ പുള്‍ഗ ആദ്യ രണ്ട് സീസണുകളില്‍ ബ്ലാസ്‌റ്റേഴ്‌സ് ആരാധകരുടെ ഇഷ്ടതാരമായിരുന്നു. കുറിയ പാസുകളിലൂടെ ബാഴ്‌സലോണയും, സ്‌പെയിന്‍ ദേശീയ ടീമും ലോകം കീഴടക്കിയ കാലത്താണ് പുള്‍ഗയും സ്‌പെയിനില്‍ കളിക്കുന്നത്. ടിക്കി ടാക്കയുടെ സ്വാധീനം എല്ലാ സ്പാനിഷ് ക്ലബുകളേയും ചെറുതായെങ്കിലും സ്വാധീനിച്ചിട്ടുണ്ട്. വിയ്യാറയലിന്റെ ബി ടീമില്‍ കളിച്ച പുള്‍ഗയും ഇത് പിന്തുടര്‍ന്നിട്ടുണ്ട്.

പാസുകളിലൂടെ കളി മെനയുന്ന സ്പാനിഷ് രീതി തന്നെയാണ് പൂള്‍ഗയും മുന്‍ സീസണുകളില്‍ കളിച്ചിട്ടുള്ളത്. അതില്‍ തന്നെ ഏറ്റവും പ്രധാനപ്പെട്ട പൊസിഷനാണ് പുള്‍ഗ കളിക്കുന്ന സെന്‍ട്രല്‍ മിഡ്ഫീല്‍ഡ്. പന്ത് കൈമാറി മുന്നേറി കളിക്കുന്ന താരമാണ് പുള്‍ഗയെന്ന് മുന്‍ സീസണുകളില്‍ തെളിയിച്ചതാണ്. ഈ സീസണില്‍ ബ്ലാസ്റ്റേഴ്‌സിന് ഇല്ലാതെപോയതും ഇങ്ങനെയൊരു മിഡ്ഫീല്‍ഡ് കളിക്കാരനെയാണ്. ആദ്യ മത്സരങ്ങളില്‍ നിന്ന് വ്യത്യസ്തമായി പന്ത് കൈവശം വെച്ച് കളിക്കാനുള്ള ശ്രമങ്ങള്‍ ബ്ലാസ്റ്റേഴ്‌സ് കഴിഞ്ഞ ഒന്ന് രണ്ട് മത്സരങ്ങളില്‍ നടത്തുന്നുണ്ട്. ഇപ്പോഴും കൃത്യതയേടെ എന്ന് പറയാനാവില്ലെങ്കിലും പാസുകള്‍ നല്‍കി കളിക്കുന്നതില്‍ ബ്ലാസ്റ്റേഴ്‌സ് മികവ് പുലര്‍ത്തി തുടങ്ങി.

പുള്‍ഗ ഗ്രൗണ്ടിലിറങ്ങുന്നതോടെ, ഏറ്റവും പ്രധാനമായി ഉണ്ടാകുന്നത് മിഡ്ഫീല്‍ഡില്‍ മികച്ചൊരു സാന്നിധ്യമാണ്. നടുവില്‍ നിന്ന് കളി നിയന്ത്രിക്കുന്ന ഒരാളുണ്ടാകേണ്ടത് ആവശ്യമാണ് പ്രത്യേകിച്ച് ഇനി വരുന്ന മത്സരങ്ങളില്‍. പുള്‍ഗ മികച്ച സ്‌കില്ലുകളുള്ള കളിക്കാരനാണ്. ചുറ്റും എതിരാളികളെത്തുമ്പോള്‍ സമ്മര്‍ദത്താല്‍ പന്ത് നഷ്ടപ്പെടുത്താതെ കളിക്കാന്‍ പുള്‍ഗയ്ക്കാകും. ബ്ലാസ്റ്റേഴ്‌സിന്റെ മറ്റ് താരങ്ങള്‍ പരാജയപ്പെടുന്നത് അവിടെയാണ്. എതിര്‍ പാളയത്തിലെ വിടവ് കണ്ടെത്തി പന്ത് നല്‍കാനും മിടുക്കനാണ് പൂള്‍ഗ. ശാരീരികമായി കരുത്തനായതിനാല്‍, കടുത്ത ഫൗളിലൂടെയല്ലാതെ പുള്‍ഗയുടെ കാലില്‍ നിന്ന് പന്ത് തട്ടിയെടുക്കാനും എതിരാളികള്‍ക്ക് കഴിയില്ല.

മുന്നേറ്റനിരയുമായി നല്ല ധാരണ കണ്ടെത്താന്‍ മുന്‍ സീസണുകളില്‍ പുള്‍ഗയ്ക്ക് സാധിച്ചിരുന്നു. മുന്‍നിരയില്‍ ബെര്‍ബറ്റോവിനും ഗുഡ്‌ജോണ്‍ ബാള്‍ഡ് വിിന്‍സനും സഹായകമാകും മധ്യനിരയില്‍ പുള്‍ഗയുടെ വരവ്. മധ്യനിരയില്‍ പുള്‍ഗയുടെ സാന്നിധ്യം തന്നെ, ബ്ലാസ്‌റ്റേഴ്‌സിന് ഗുണമാണെന്ന് കരുതാം, കാരണം, പുള്‍ഗ ഇറങ്ങിയാല്‍ തടയാനായി ഒന്നിലേറെ എതിരാളികള്‍ ഉണ്ടാകുമെന്ന കാര്യത്തില്‍ സംശയമില്ല. ഇത് പെക്കൂസനടക്കമുള്ള സഹതാരങ്ങള്‍ക്ക് കൂടുതല്‍ സ്വതന്ത്രമായി കളിക്കാന്‍ അവസരം നല്‍കും.

ലോങ് റേഞ്ച് ഷോട്ടുകളില്‍ മികവ് പുലര്‍ത്താനും ഈ താരത്തിന് കഴിവുണ്ട്. പന്തുമായി മുന്നേറുന്നതിനൊപ്പം പൊസെഷന്‍ നഷ്ടമായാല്‍ പിന്നിലേക്കിറങ്ങി പന്ത് റിക്കവര്‍ ചെയ്യാനും പുള്‍ഗയുടെ കരുത്ത് സഹായകമാണ്.

ചുരുക്കി പറഞ്ഞാല്‍ പുള്‍ഗ എത്തുന്നതോടെ മധ്യനിര കരുത്താര്‍ജിക്കുമെന്ന് കരുതാം. മുന്‍ നിരയും പ്രതിരോധവും ശക്തമായതിനാല്‍ മധ്യനിര കൂടി ഉറച്ചതാകുമ്പോള്‍ ടീം സന്തുലിതമാകും. നോര്‍ത്ത് ഈസ്റ്റിനെതിരായ മത്സരത്തില്‍ പുള്‍ഗയെ ഇറക്കാനുള്ള സാധ്യത ഉണ്ട്. അങ്ങനെ വന്നാല്‍ ബെര്‍ബറ്റോവോ പെസിച്ചോ പുറത്തിരിക്കേണ്ടിവരും.

Check Also

പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തി ബ്ലാസ്റ്റേഴ്‌സ്: നോര്‍ത്ത് ഈസ്റ്റിനെതിരായ കളിയില്‍ ഒരു ഗോള്‍ ജയം

ഗുവാഹത്തി: നോര്‍ത്ത് ഈസ്റ്റിനെ അവരുടെ തട്ടകത്തില്‍ തറപറ്റിച്ച് കേരളാ ബ്ലാസ്റ്റേഴ്‌സ്. എതിരില്ലാത്ത ഒരു ഗോളിനാണ് വിജയം. ഇതോടെ കേരളം പ്ലേ ഓഫ് …

Leave a Reply

Your email address will not be published. Required fields are marked *