ഹോങ്കോങ്: ചൈന നിര്‍മ്മിക്കുന്ന സാമ്പത്തിക ഇടനാഴി ( ‘വണ്‍ ബെല്‍റ്റ് വണ്‍ റോഡ്’ )ക്ക് പുതിയ ഭീഷണി. ഭൂകമ്പമോ സുനാമിയോ പോലുള്ള പ്രകൃതി ദുരന്തമുണ്ടായാല്‍ പദ്ധതി നടപ്പാകില്ലെന്ന് വിദഗ്ധര്‍ ചൈനയ്ക്ക് മുന്നറിയിപ്പ് നല്‍കി. ലോകത്തിലെ ഏറ്റവും ശക്തിയേറിയ ഭൂകമ്പമുണ്ടാകാന്‍ സാധ്യതയേറെയുള്ള മേഖലയാണ് മഖ്‌റാന്‍ ട്രെഞ്ചിനോട് ചേര്‍ന്ന് നിലനില്‍ക്കുന്ന ഗ്വാദര്‍ തുറമുഖം. കോടികള്‍ ചെലവിട്ടാണ് പാകിസ്താനിലെ ഗ്വാദര്‍ തുറമുഖത്തോട് ചേര്‍ന്ന് ഇടനാഴി നിര്‍മ്മിക്കുന്നത്.

1945ലുണ്ടായ ഭൂകമ്പത്തിലും സൂനാമിയിലും 4000ത്തോളം പേര്‍ കൊല്ലപ്പെട്ടിരുന്നു. റിക്ടര്‍ സ്‌കെയിലില്‍ 8.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് അന്നുണ്ടായത്. ഇറാന്‍, പാകിസ്താന്‍, ഒമാന്‍, ഇന്ത്യ, എന്നിവടങ്ങളിലാണ് കൂടുതല്‍ മരണവും നാശനഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്തത്. രണ്ട് ടെക്ടോണിക് ഫലകങ്ങള്‍ കൂടിച്ചേരുന്നയിടത്താണു ട്രഞ്ചിന്റെ സ്ഥാനം. അതിനാല്‍ത്തന്നെ ഭൂമിക്കടിയിലെ പ്രവചനാതീത സ്വഭാവമാണു പ്രത്യേകത.

കാര്യത്തിന്റെ ഗുരുതരാവസ്ഥ തിരിച്ചറിഞ്ഞതിനാല്‍ വന്‍ മുന്നൊരുക്കങ്ങളാണു ചൈനയും പാകിസ്താനും സ്വീകരിക്കുന്നത്. ഇരുരാജ്യങ്ങളില്‍നിന്നുമുള്ള 40 ഗവേഷകരെ ഉള്‍പ്പെടെ മഖ്‌റാന്‍ ട്രഞ്ചില്‍ ചൈന ജിയോളജിക്കല്‍ സര്‍വേ നടത്തി്. എന്നിട്ടു പോലും മേഖലയെപ്പറ്റി കാര്യമായൊന്നും മനസ്സിലാക്കാനായില്ലെന്നാണ് റിപ്പോര്‍ട്ട്.

നിലവില്‍ കാര്യമായ തകരാറൊന്നും ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നു ചൈന വ്യക്തമാക്കുമ്പോഴും ആശങ്ക പൂര്‍ണമായും വിട്ടൊഴിഞ്ഞിട്ടില്ലെന്നാണ് സൂചന. പുരാതന കാലത്ത് ചൈനയില്‍നിന്ന് ഏഷ്യയിലേക്കും ആഫ്രിക്കയിലേക്കും യൂറോപ്പിലേക്കും വ്യാപിച്ചു കിടന്നിരുന്ന വ്യാപാര ഇടനാഴിയെ പുനഃസൃഷ്ടിക്കുക എന്ന ചൈനയുടെ സ്വപ്നമാണു ഭൂകമ്പ-സൂനാമി ഭീഷണിക്കു മുന്നില്‍ ചോദ്യചിഹ്നമാകുന്നത്. ഇന്ത്യക്കെതിരെ തന്ത്രപ്രധാന നീക്കങ്ങള്‍ നടത്താന്‍ ഗ്വാദര്‍ തുറമുഖം വഴി സാധിക്കുമെന്ന ആഗ്രഹത്തിനും ഭൂകമ്പഭീഷണി വിലങ്ങുതടിയാകും.

ഭൂകമ്പത്തെയോ സൂനാമിയെയോ നേരിടാന്‍ പാകിസ്താന് കാര്യമായ ദുരന്ത നിവാരണ സംവിധാനങ്ങളില്ലെന്നതും ആശങ്ക വര്‍ധിപ്പിക്കുന്നു. പാകിസ്താനിലെ മുന്‍കാല ദുരന്ത നിവാരണ അനുഭവങ്ങളും ഈ വാദത്തിന് അനുകൂലമാണ്. കിലോമീറ്റര്‍ കണക്കിന് നീളത്തില്‍ ഭൂമിക്കടിയില്‍ ‘മൃദു എക്കല്‍’ അടിഞ്ഞുകൂടിക്കിടക്കുന്ന മേഖലയാണ് മഖ്‌റാന്‍ ട്രഞ്ച്. ‘ശാസ്ത്രീയമായ ഒട്ടേറെ ചോദ്യങ്ങള്‍ക്കു മേഖലയില്‍ ഉത്തരം കിട്ടാതെ നില്‍പ്പുണ്ട്. അവയെപ്പറ്റി വിവരം ലഭിച്ചാല്‍ ദുരന്തത്തെ ഫലപ്രദമായി നേരിടാനാകും. അതിനാണു ശ്രമം’– ചൈനീസ് യൂണിവേഴ്‌സിറ്റി ഓഫ് ഹോങ്കോങ്ങിലെ സീസ്‌മോളജിസ്റ്റ് യാങ് ഹോങ്‌ഫെങ് വ്യക്തമാക്കുന്നു.

പാക്ക് അധിനിവേശ കശ്മീരിലൂടെ (പിഒകെ) ചൈന നിര്‍മിക്കുന്ന സാമ്പത്തിക ഇടനാഴിക്കു വേണ്ടി ഗ്വാദര്‍ തുറമുഖം ചൈനയ്ക്ക് 40 വര്‍ഷത്തേക്കു പാട്ടത്തിനു നല്‍കിയിരിക്കുകയാണ്. ഇക്കാര്യത്തില്‍ ഇന്ത്യ തുടക്കം മുതല്‍ തന്നെ പ്രതിഷേധം വ്യക്തമാക്കിയിട്ടുണ്ട്. 6200 കോടി ഡോളറാണു പദ്ധതിക്കായി ചൈന ചെലവിടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here