ആംസ്റ്റര്‍ഡാം: ആംസ്ട്രര്‍ഡാമിലെത്തുന്ന നിരവധി പേരെ ആകര്‍ഷിക്കുന്നതാണ് ഇവിടുത്തെ റെഡ് സ്ട്രീറ്റ് ഡിസ്ട്രിക്ട്. ചില്ലുകൂട്ടില്‍ അണിഞ്ഞൊരുങ്ങി ബിക്കിനി ധരിച്ച് പുരുഷന്മാരെ കാത്തിരിക്കുന്ന നിരവധി വേശ്യകളെ ഇവിടെ യഥേഷ്ടം കാണാം. എന്നാല്‍ ഇവിടുത്തെ വേശ്യകള്‍ക്ക് കൂടുതല്‍ നിയന്ത്രണം വരാന്‍ പോകുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഇവിടുത്തെ ലൈംഗിക തൊഴിലാളികളായ സ്ത്രീകളെ കണ്ടാല്‍ ഒറ്റ നോട്ടത്തില്‍ ഇവര്‍ വളരെ സന്തോഷവതികളായി പറുദീസയില്‍ കഴിയുന്നവരാണെന്ന് തോന്നാമെങ്കിലും ഇവരില്‍ മിക്കവരും വളരെ പരിതാപകരമായ അവസ്ഥയിലാണ് ജീവിതം മുന്നോട്ട് കൊണ്ട് പോകുന്നതെന്നും വെളിപ്പെട്ടിട്ടുണ്ട്.

ഇത്തരം മാംസവ്യാപാരത്തിലൂടെ ആംസ്ട്രര്‍ഡാമിലെ ഈ തെരുവുകളില്‍ സമൃദ്ധിയെത്തുന്നുവെന്ന് തോന്നാമെങ്കിലും ഇവിടെ കടുത്ത മനുഷ്യത്വരഹിതമായ ചൂഷണമാണ് നടന്ന് വരുന്നതെന്ന് ഡെയിലി മെയില്‍ നടത്തിയ അന്വേഷണത്തിലൂടെ വെളിപ്പെട്ടിട്ടുണ്ട്. ഡച്ച് കോടതികളില്‍ വച്ച് നടന്ന മനുഷ്യക്കടത്ത് കുറ്റ വിചാരണകള്‍ക്കിടെ ഈ റെഡ് സ്ട്രീറ്റുകളിലെത്തുന്ന യുവതികളുടെ കരളലിയിപ്പിക്കുന്ന കഥകളാണ് പുറത്ത് വന്നിരിക്കുന്നത്. ഇവരില്‍ മിക്കവരും കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും പിമ്പുകള്‍ മുഖാന്തിരം ഇവിടെ എത്തുകയായിരുന്നുവെന്നും പലരെയും മറ്റ് പലതും വാഗ്ദാനം ചെയ്ത് ചതിച്ച് ഇവിടേക്കെത്തിക്കുകയായിരുന്നുവെന്നുമാണ് വെളിപ്പെട്ടിരിക്കുന്നത്.

ഇതിനെ തുടര്‍ന്നാണ് ഇവിടുത്തെ ലൈംഗിക വ്യാപാരത്തിന് കടുത്ത നിയന്ത്രണമേര്‍പ്പെടുത്താന്‍ അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്. ഇവിടേക്ക് ഈ യുവതികളെ എത്തിക്കുന്നതിന് മുമ്പായി മനുഷ്യക്കടത്തുകാര്‍ അടിക്കുകയും , കത്തികൊണ്ട് കുത്തുകയും എന്തിനേറെ ബലാത്സംഗത്തിന് വിധേയരാക്കുകുകയും ചെയ്യാറുണ്ടെന്ന സത്യവും മറനീക്കി പുറത്ത് വന്നിരിക്കുകയാണിപ്പോള്‍. ഇവിടെയെത്തുന്ന ചില സ്ത്രീകളെ സുന്ദരികളാക്കുന്നതിനായി വേദനാജനകങ്ങളായ കോസ്‌മെറ്റിക് ശസ്ത്രക്രിയകള്‍ക്ക് വിധേയരാക്കാറുണ്ടെന്നും ഗര്‍ഭിണികളായാല്‍ നിര്‍ബന്ധിത അബോര്‍ഷന് വിധേയരാക്കാറുണ്ടെന്നും വെളിപ്പെട്ടിട്ടുണ്ട്.

ഇതിനെ തുടര്‍ന്നാണ് ഇവിടുത്തെ മനുഷ്യത്വരഹിതമായ ലൈംഗിക വ്യാപാരത്തിനെതിരെ ഹോളണ്ടിലെ നിരവധി രാഷ്ട്രീയ നേതാക്കളും കാംപയിനര്‍മാരും രംഗത്തെത്തിയിരിക്കുന്നത്. ഇവിടെ കമേഴ്‌സ്യലൈസ്ഡ് റേപ്പാണ് നടക്കുന്നതെന്നും ലൈംഗിക തൊഴിലാളികള്‍ നരകസമാനമായ അവസ്ഥയിലാണ് കഴിയുന്നതെന്നും ഒരു ഡച്ച് എംപി ഉയര്‍ത്തിക്കാട്ടുന്നു.

ഇതിനെ തുടര്‍ന്നാണ് റെഡ് സ്ട്രീറ്റ് ഡിസ്ട്രിക്ടിലെ ഈ വക പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നതിനായി പുതിയ കര്‍ക്കശമായ നിയമം അടുത്ത വര്‍ഷം മുതല്‍ പ്രാബല്യത്തില്‍ വരുന്നത്. ഇത് പ്രകാരം മനുഷ്യക്കടത്തിലൂടെ ഇവിടെയെത്തുന്ന യുവതികളാണെന്നറിഞ്ഞ് കൊണ്ട് അവരുമായി സെക്‌സിലേര്‍പ്പെടുന്നവര്‍ക്ക് നാല് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാനുള്ള വകുപ്പുണ്ടാകും.

LEAVE A REPLY

Please enter your comment!
Please enter your name here