ബാംഗളൂര്‍: പ്രസംഗങ്ങള്‍ നടത്തി സമയം പാഴാക്കാതെ പ്രവര്‍ത്തിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഓര്‍മിപ്പിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സിദ്ധരാമയ്യ സര്‍ക്കാരിനെതിരെ പറയത്തക്ക അഴിമതി ഒന്നുമില്ലെന്നും, കോണ്‍ഗ്രസിനെ വീണ്ടും അധികാരത്തിലേറ്റി ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ അവസരം നല്‍കണമെന്നും അദ്ദേഹം അണികളോട് ആഹ്വാനം ചെയ്തു.

കര്‍ണാടകയില്‍ വിവിധയിടങ്ങളില്‍ വന്‍ സ്വീകരണം ഏറ്റുവാങ്ങി നടത്തിയ ജനാശീര്‍വാദ യാത്രയിലാണ്, ബിജെപി ഭരണത്തിനെതിരെ രാഹുല്‍ ആഞ്ഞടിച്ചത്. ഭരണകാലാവധി പൂര്‍ത്തിയാകാറായെന്നും വീണ്ടും വോട്ടു ചോദിച്ച് ജനത്തിനു മുന്നിലേയ്ക് പോകുമ്പോള്‍ രാജ്യത്തിനായി എന്തു ചെയ്‌തെന്നു വിശദീകരിക്കേണ്ടിവരുമെന്നും പ്രധാനമന്ത്രി ഓര്‍മിക്കണമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. അഞ്ചുവര്‍ഷമായിട്ടും അക്കൗണ്ട് തുറക്കാത്ത സര്‍ക്കാരാണ് മോദിയുടേതെന്നും,തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും, കള്ളപ്പണം തടയുന്നതിലും ബി ജെ പി പരാജയപ്പെട്ടെന്നും കരതഗിയില്‍ നടന്ന പൊതുസമ്മേളനത്തില്‍ രാഹുല്‍ ആരോപിച്ചു.

കോണ്‍ഗ്രസിനെക്കുറിച്ച് സംസാരിക്കാനല്ല, യുവാക്കള്‍ക്ക് തൊഴില്‍ നല്‍കാനും കര്‍ഷകരെ സഹായിക്കാനും രാജ്യത്ത് സ്‌കൂളുകളും ആശുപത്രികളും സ്ഥാപിക്കാനുമാണ് രാജ്യം മോദിയെ പ്രധാനമന്ത്രിയാക്കിയതെന്ന് രാഹുല്‍ ഓര്‍മിപ്പിച്ചു. വാചകമടി നിര്‍ത്തി പ്രവര്‍ത്തിച്ചു തുടങ്ങാനും രാഹുല്‍ മോദിയോട് ആവശ്യപ്പെട്ടു. മോദി സര്‍ക്കാരിന് ഇനി അധികകാലം അവശേഷിക്കുന്നില്ലെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ ചൂണ്ടിക്കാട്ടി.

കര്‍ണാടകയില്‍നിന്നുള്ള സാമൂഹ്യ പരിഷ്‌കര്‍ത്താവായിരുന്ന ബാസവയ്ക്ക്, തൊഴിലായിരുന്നു ആരാധനയെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. ഇതേ ബാസവയുടെ പേര് ആവര്‍ത്തിച്ചു പറയുന്ന മോദി, വാചകമടിക്കുക മാത്രമാണ് ചെയ്യുന്നതെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ സിദ്ധരാമയ്യ സര്‍ക്കാരിന്റെ പേരില്‍ ഒരു അഴിമതി ആരോപണം പോലുമില്ലെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. അതിനു മുന്‍പുള്ള ബിജെപി സര്‍ക്കാര്‍ അഴിമതിയുടെ എണ്ണത്തില്‍ ലോക റെക്കോര്‍ഡ് സ്ഥാപിച്ചവരാണെന്നും രാഹുല്‍ പരിഹസിച്ചു.

പ്രത്യേകം തയാറാക്കിയ ബസിലാണ് നാലു ദിവസത്തെ ജനാശീര്‍വാദ യാത്ര പുരോഗമിക്കുന്നത്. ബസ് കടന്നു പോകുന്ന വഴികളില്‍ രാഹുലിനെ കാണാന്‍ പാര്‍ട്ടി അണികളുംടെയും പ്രദേശ വാസികളുടെയും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ജനാശീര്‍വാദ യാത്രയുടെ മൂന്നാം ദിവസമായ ഇന്ന് ദേവദുര്‍ഗയില്‍ ഗോത്രവര്‍ഗ റാലിയെ രാഹുല്‍ അഭിസംബോധന ചെയ്യും. വൈകുന്നേരം കലബുറഗിയില്‍നടക്കുന്ന പൊതുസമ്മേളനത്തിലും പങ്കെടുക്കും.

LEAVE A REPLY

Please enter your comment!
Please enter your name here