ന്യൂയോര്‍ക്ക്:ഈ മയിലിന്റെ പേര് ഡെക്സ്റ്റര്‍. ചിത്രകാരിയും ഫോട്ടോഗ്രാഫറുമൊക്കെയായ ബ്രൂക്ക്‌ലിന്‍ സ്വദേശിനി വെന്റിക്കോയ്ക്ക് ഡെക്സ്റ്റര്‍ ഏറെ പ്രിയപ്പെട്ടവനാണ്. കണ്ടാല്‍ ആരുമൊന്നു കൊതിക്കും, ഇതു പോലൊരു മയിലിനു വേണ്ടി. ഊണിലും ഉറക്കത്തിലും എന്നു വേണ്ട, എവിടെ പോയാലും ഡെക്സ്റ്റര്‍ ഒപ്പമുണ്ട്. അപ്പോഴാണ് വെന്റിക്കോയ്ക്ക് വിമാനം കയറേണ്ട ആവശ്യമുണ്ടായത്. രണ്ടാമതൊന്ന് ആലോചിച്ചില്ല.

യുണൈറ്റഡ് എയര്‍ലൈന്‍സ് ഫ്‌ളൈറ്റില്‍ രണ്ടു ടിക്കറ്റ് റിസര്‍വ് ചെയ്തു. ന്യൂവാര്‍ക്ക് എയര്‍പോര്‍ട്ടില്‍ ലഗ്ഗേജ് കാര്‍ട്ടിനു മുകളില്‍ മയിലുമായി എത്തിയ വെന്റിക്കോയെ കണ്ട സുരക്ഷാഭടന്മാര്‍ അമ്പരന്നു. ഒരു തരത്തിലും മയിലിനെ അകത്തു പ്രവേശിപ്പിക്കില്ലെന്ന് അവര്‍. ടിക്കറ്റുണ്ടെന്നും പോയെ പറ്റുവെന്നും വെന്റിക്കോയും. മയിലുമായുള്ള മാനസികമായ അടുപ്പം മൂലമാണ് താന്‍ ഇതിനു തയ്യാറായതെന്നും ഇക്കാര്യത്തില്‍ ഏവിയേഷന്‍ നിയമത്തില്‍ കാതലായ മാറ്റമുണ്ടാക്കണമെന്നുമാണ് ഇവരുടെ ആവശ്യം. ഒടുവില്‍ ഇരുവരുമില്ലാതെ വിമാനം പറന്നു. ഇത്തരത്തില്‍ മാനസികമായ അടുപ്പമുള്ള മൃഗങ്ങളും പക്ഷികളുമായി വിമാനത്തില്‍ സഞ്ചരിക്കാനെത്തിയവരുടെ എണ്ണത്തില്‍ കാര്യമായ വര്‍ദ്ധനയുണ്ടായിട്ടുണ്ടെന്ന് എയല്‍ലൈന്‍സും സമ്മതിക്കുന്നു.

എന്നാല്‍, ഇക്കാര്യത്തില്‍ നിലവില്‍ വിട്ടുവീഴ്ചയ്ക്ക് കമ്പനി തയ്യാറല്ലെന്ന് ഡെയ്‌ലിമെയ്‌ലിനു നല്‍കിയ അഭിമുഖത്തില്‍ അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം “സ്‌നേഹികള്‍’ ഇനി വിമാനയാത്ര ചെയ്യുമ്പോള്‍ ആവശ്യമായി മുന്‍കരുതലെടുക്കേണ്ടിയിരിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here