ദുബൈ: ദക്ഷിണാഫ്രിക്കയെ അവരുടെ നാട്ടില്‍ ആദ്യമായി ഏകദിന പരമ്പരയില്‍ മുട്ടുകുത്തിച്ച ഇന്ത്യയ്ക്ക് മറ്റൊരു നേട്ടം കൂടി. ഐസിസി ഏകദിന റാങ്കിംഗില്‍ ഇന്ത്യ ഒന്നാം സ്ഥാനത്തെത്തി. അഞ്ചാം ഏകദിനത്തിലെ 73 റണ്‍സ് ജയത്തോടെ ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു. ദക്ഷിണാഫ്രിക്കയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ഇന്ത്യ റാങ്കിംഗില്‍ മുമ്പന്മാരായത്. 122 പോയിന്റാണ് ഇന്ത്യയ്ക്കുള്ളത്. ദക്ഷിണാഫ്രിക്കയാകട്ടെ 121 പോയിന്റില്‍ നിന്ന് 118ലേക്ക് വീണു. പരമ്പര തുടങ്ങുംമുമ്പ് ഇന്ത്യയുടെ സമ്പാദ്യം 119 പോയിന്റായിരുന്നു.

അവസാന മത്സരം കൂടി ജയിച്ചാല്‍ ഇന്ത്യയ്ക്ക് പോയിന്റ് പട്ടികയില്‍ കൂടുതല്‍ ആധിപത്യം നേടാം. ദക്ഷിണാഫ്രിക്കയുടെ വീഴ്ച്ച ഇംഗ്ലണ്ടിനും ഗുണമായിട്ടുണ്ട്. ന്യൂസിലന്‍ഡിനെതിരേ ഈ മാസം നടക്കുന്ന ഏകദിന പരമ്പര 5-0ത്തിന് ജയിക്കാനായാല്‍ ഇംഗ്ലണ്ടിന് രണ്ടാം സ്ഥാനത്ത് എത്താനാകും. അഞ്ചാം തവണയാണ് ഇന്ത്യ ഐസിസി റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത് എത്തുന്നത്. സിംബാബ്‌വെയ്‌ക്കെതിരേ മൂന്നാം ഏകദിനം ജയിച്ച അഫ്ഗാനിസ്ഥാന്‍ റാങ്കിംഗില്‍ ഒരു നില മെച്ചപ്പെടുത്തി.

ഏകദിന ലോകകപ്പ് ചാമ്പ്യന്മാരായ ഓസ്‌ട്രേലിയ റാങ്കിംഗില്‍ അഞ്ചാം സ്ഥാനത്താണ്. സ്വന്തം നാട്ടില്‍ ഇംഗ്ലണ്ടിനെതിരേ ദയനീയ തോല്‍വിയേറ്റു വാങ്ങിയതാണ് കങ്കാരുക്കള്‍ക്ക് വിനയായത്. 112 പോയിന്റാണ് അവരുടെ സമ്പാദ്യം. പാക്കിസ്ഥാന്‍ 96 പോയിന്റുമായി ആറാംസ്ഥാനത്തും ബംഗ്ലാദേശ് (90) ഏഴാമതുമാണ്. ശ്രീലങ്കയും (84), വിന്‍ഡീസും (76) ആണ് പിന്നാലെയുള്ള സ്ഥാനങ്ങളില്‍.

LEAVE A REPLY

Please enter your comment!
Please enter your name here