കരിവെള്ളൂർ മുരളി
സമനില നഷ്ടപ്പെട്ട രണ്ടു വിഭാഗം വര്‍ഗ്ഗീയ ഭ്രാന്തന്മാര്‍, പലതരം നിക്ഷിപ്ത താല്പര്യങ്ങളുടെയും,ഉന്മാദത്തോളമെത്തിയ ആത്മരതിയുടെ യും ഹിപ്പോക്രസിയുടെയും അശ്ലീലം പ്രകടിപ്പിക്കുന്ന ചില ബുദ്ധിജീവികള്‍.അവരുടെ മഴവില്‍ സഖ്യം തീര്‍ക്കുന്ന നെഗറ്റീവ് റിവ്യുകളുടെ സംഘഗാനം കേട്ട് ആരും പിന്തിരിയരുത്.’ആമി’ മലയാളത്തിലെ മികച്ച ചിത്രങ്ങളില്‍ ഒന്നാണ്. മലയാള ഭാഷയ്ക്കും ചരിത്രത്തിനും നമ്മുടെ സമൂഹം എന്നും വേട്ടയാടിയ ഭാവിയുടെ അഭിമാനമായ എഴുത്തുകാരി കമല സുരയ്യക്കും സമര്‍പ്പിക്കപ്പെട്ട ഏറ്റവും ഉന്നതമായ ആദരമാണത്.നിര്‍മ്മാണ ഘട്ടത്തിലും അതിന്റെ ഓരോ പടവുകളിലും നിരന്തരം ഈ ചിത്രം നേരിട്ട ആക്ഷേപ ശരങ്ങള്‍ അതിന്റെ റിലീസ് തീയതി തൊട്ടു സര്‍വ്വ സീമകളും ലംഘിച്ചിരിക്കയാണ്.
എത്ര നിഷ്കളങ്കമായി ചിന്തിച്ചാലും അസൂത്രിതമെന്നു ഒറ്റ നോട്ടത്തില്‍ തന്നെ ആര്‍ക്കും തോന്നാവുന്ന വിധം സംഘടിതമായ ‘എതിര്‍ എഴുത്തു’കളാണ് ആദ്യ ദിവസങ്ങളില്‍ തന്നെ ‘ആമി’കാണുവാന്‍ എന്നെ പ്രേരിപ്പിച്ചത്.ഞാന്‍ പ്രതീക്ഷിച്ചത് സംഘികളും മറ്റുമാവും എതിര്‍പ്പിന്റെ ചാമ്പ്യന്മാര്‍ എന്നാണ്.സംഭവിച്ചത് മറ്റൊന്നാണ് .ഇതു ഞങ്ങള്‍ അറിഞ്ഞ കമല സുരയ്യ അല്ല എന്ന ‘അറിവാളി’കളുടെ കൂട്ടക്കരച്ചില്‍ ആണ്.
‘കമല്‍’എന്ന സംവിധായകന്‍ മുഖ്യധാരയുടെ രുചികള്‍ക്കൊത്തു പാചകം നിര്‍വഹിക്കുന്ന ശരാശരിക്കാരനാണ് എന്ന് അദ്ദേഹത്തിന്‍റെ പഴയ ചിത്രങ്ങളെ മുന്‍ നിര്‍ത്തി ആരെങ്കിലും പറഞ്ഞാല്‍ അത് നിഷേധിക്കാനാവില്ല.അതിനു അപവാദമായി ‘സെല്ലുലോയിഡ് ,പോലെ അപൂര്‍വ്വം ചിത്രങ്ങളേ ഉള്ളൂ താനും.മാധവിക്കുട്ടിയെപ്പോലെ അസാമാന്യമായ പ്രതിഭയും അത്ഭുതകരമായ ജീവിതബോധവുമുള്ള അതുല്യയായ ഒരു എഴുത്തുകാരിയുടെ സംഘര്‍ഷഭരിതമായ ജീവിതവും കലയും ആവിഷ്ക്കരിക്കുന്ന ഒരു ബയോപിക് കമലിന്റെ കൈകളില്‍ എത്രത്തോളം ഭദ്രമാകും എന്ന സന്ദേഹമാണ് തുടക്കം മുതല്‍ ഏവരും ഉയര്‍ത്തിയിരുന്നത്.

എന്നാല്‍ അത്ഭുതകരമായി ഒരു ജീവചരിത്ര സിനിമയുടെ എല്ലാ പരിമിതികളെയും അതിജീവിച്ച് എല്ലാ സാധ്യതകളെയും വിജയത്തിന്റെ ചവിട്ടുപടികളാക്കുകയാണ് ഇവിടെ കമല്‍ ചെയ്തത്.അദ്ദേഹത്തിനു സര്‍ഗ്ഗാത്മകമായും രാഷ്ട്രീയമായും ഇത് ഒരു ജീവന്മരണ സമരമായിരുന്നു. ഇതില്‍ ജയിക്കേണ്ടത് അദ്ദേഹത്തിന്‍റെ ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു.തന്റെ ദേശീയത,ദേശസ്നേഹം,മത പക്ഷപാത രാഹിത്യം ഇതെല്ലാം അലറിവിളിക്കുന്ന ആള്‍ക്കൂട്ടങ്ങള്‍ക്കു മുന്‍പില്‍ തെളിയിക്കേണ്ട ബാധ്യത അദ്ദേഹത്തിനുണ്ടായിരുന്നു.ഈ അലറുന്ന ആള്‍ക്കൂട്ടങ്ങള്‍ക്കൊപ്പം ചേര്‍ന്ന് ആമിയെ ആക്രമിക്കുമ്പോള്‍ തങ്ങളുടെ പ്രഖ്യാപിത മതേതര സങ്കല്പങ്ങള്‍ ഒറ്റു കൊടുക്കുകയാണ് സോഷ്യല്‍ മീഡിയ ബുദ്ധിജീവികള്‍ പലരുംചെയ്തത്.
പൊതു ബോധത്തിനെതിരായ പ്രതിബോധമാണ് കമല സുരയ്യ എന്ന എഴുത്തുകാരിയുടെ കലയുടെയും ജീവിതത്തിന്റെയും കാതല്‍.ഇപ്പോഴും അതൊന്നും അംഗീകരിക്കാനാവാത്ത വിധം പ്രബലമാണ് നമ്മുടെ സമൂഹത്തിന്റെ ആണ്‍ കോയ്മാ ബോധം.നായികാ കേന്ദ്രിതമായ ഒരു സിനിമയും നമ്മുടെ കാഴ്ചാസമൂഹം ഇപ്പോഴും അംഗീകരിക്കുന്നില്ല.കുടുംബത്തിന്റെ നിര്‍ബന്ധം,ചെറുക്കാനാവാത്ത വിധം ശക്തമായ അതിന്റെ ആകര്‍ഷകത്വം അങ്ങനെ വരുമ്പോള്‍ മനസ്സില്ലാ മനസ്സോടെയാണ് മലയാളി പുരുഷന്‍ അത്തരം സിനിമ കാണാന്‍ എത്തുന്നത്.

‘ആമി’ കമലാസുരയ്യയുടെ നാളിതുവരെയുള്ള രചനകളും ആത്മകഥകളും ഇന്റര്‍വ്യുകളും ഓര്‍മ്മക്കുറിപ്പുകളും ഉറ്റ ബന്ധുക്കളുടെ ഓര്‍മ്മകളുമെല്ലാം ശേഖരിച്ചും ആശ്രയിച്ചും രൂപപ്പെടുത്തിയ സിനിമയാണ്.അതില്‍ ചരിത്രപരമോ വസ്തുതാപരമോ ആയ തെറ്റുകള്‍ ഇതുവരെ ആരും ചൂണ്ടിക്കാണിച്ചിട്ടില്ല. ഇതിലൂടെയൊക്കെ തന്നെയാണ് ഭ്രമാത്മകമായ ഒരു മനോലോകത്ത് ജീവിച്ച കമല എന്ന എഴുത്തുകാരിയെ നമ്മളും അറിഞ്ഞത്.നിങ്ങളൊന്നും കണ്ടതും അറിഞ്ഞതുമല്ല ഞങ്ങള്‍ കണ്ട കമല. അത് കമല്‍ തന്നില്ല എന്നാണ് അവരുടെ പരാതി.ഇതു കലയിലെ ഒരുതരം ഉപഭോഗ സങ്കല്‍പ്പമാണ്.ഞങ്ങളുടെ പൂര്‍വ നിശ്ചിതബോധത്തില്‍ ഉള്ളതിനെ നിങ്ങള്‍ തൃപ്തിപ്പെടുത്തിതരണം. ഓരോരുത്തരും കണ്ട കമല ഓരോന്നാണ്.അതുകൊണ്ട് ഈ ഉപഭോഗ താല്പര്യത്തെ തൃപ്തിപ്പെടുത്താന്‍ ആര്‍ക്കും വയ്യ .ഏഴു ദശകത്തിലധികം നീണ്ട കമല സുരയ്യയുടെ ജീവിതത്തിലെയും എഴുത്തിലെയും ചില പ്രധാന സംഭവങ്ങള്‍ രണ്ടു മണിക്കൂറിലേക്കൊതുക്കുക .അത് ഈ കാലത്തിന്റെ രാഷ്ട്രീയവും സാമൂഹികവുമായ മുഴുവന്‍ സംഭവ വികാസങ്ങളുടെയും പശ്ചാത്തലത്തില്‍ അവതരിപ്പിക്കുകഇതൊക്കെ വിജയകരമായി പൂര്‍ത്തിയാക്കാന്‍ ഈ ചിത്രത്തിന് കഴിഞ്ഞു .

അസാധാരണമായ അഭിനയ ശേഷി കൊണ്ട് ഉദാത്തമാണ് ഈ ചിത്രം.ആമിയായി മഞ്ജു വാരിയര്‍,ആമിയുടെ ബാല്യ യൌവന ഘട്ടങ്ങളെ അവതരിപ്പിച്ച രണ്ടു കുട്ടികള്‍,’മാധവദാസ്‌’ ആയി മുരളി ഗോപി,’കൃഷ്ണ’നായി ടോവിനോ തോമസ്‌,ബാലാമണിയമ്മ-വിജയലക്ഷ്മി ,അക്ബര്‍ അലിയായി അനൂപ്‌ മേനോന്‍ ,ആര്‍ എസ് എസ്കാരനായി സന്തോഷ്‌ കീഴാറ്റൂര്‍,മികച്ച അഭിനയകലയുടെ എക്കാലത്തെയും മാതൃകകളില്‍ ഒന്നാണ് ആമിഎന്ന ചിത്രം.ഒറ്റ സീനില്‍ വന്നു പോകുന്നവര്‍ പോലും അപാരമായ അഭിനയ ശേഷിയുടെ മുദ്ര പതിപ്പിക്കുന്നു.കണക്കുമാഷ് ആയി ദിനേശ് പ്രഭാകര്‍,ലോകസേവപാര്‍ട്ടി നേതാവായി ശശി എരഞ്ഞിക്കല്‍,നാലപ്പാടന്‍,കുട്ടികൃഷ്ണ മാരാര്‍,ചങ്ങമ്പുഴ എന്നീ കഥാപാത്രങ്ങളായി വന്നവര്‍,വള്ളത്തോള്‍ ആയി സുശീല്‍കുമാര്‍,എസ്.കെ.നായര്‍ ആയി രഞ്ജി പണിക്കര്‍,കുട്ടിയമ്മയായി സേതുലക്ഷ്മി,ജാനുവമ്മയായി കെപിഎസി ലളിത എന്നുതുടങ്ങി കാസ്റ്റിങ്ങും ആക്റ്റിംഗും ഇത്രയേറെ കുറ്റമറ്റതായിത്തീര്‍ന്ന ഒരു സിനിമ മലയാളത്തില്‍ അടുത്ത കാലത്തെങ്ങും ഉണ്ടായിട്ടില്ല.

ഫാഷിസത്തിന്റെ കാലൊച്ചകള്‍ അടുത്തെത്തി കഴിഞ്ഞ ഒരു കാലത്ത് അതിനെ ചിന്തകൊണ്ടും ജീവിതം കൊണ്ടും പ്രതിരോധിച്ച ധീരയായ ഒരു എഴുത്തുകാരിക്ക് നല്‍കുന്ന ഈ ഉദകം മലയാളി ഒന്നടങ്കം സ്വീകരിക്കേണ്ടിയിരുന്നു.ഈ അസ്വാരസ്യങ്ങള്‍ അപ്രത്യക്ഷമാകും.ആമി കാണുന്നതും അതിനെ പിന്തുണ ക്കുന്നതും നമ്മുടെ കാലത്തെ ഒരു രാഷ്ട്രീയ സമരത്തിലുള്ള പങ്കാളിത്തമാണെന്നു ഞാന്‍ കരുതുന്നു.കൊതിക്കെറുവുകളുടെ പേരില്‍ അത് കളഞ്ഞു കുളിക്കുന്നവര്‍ ആ സമര പങ്കാളിത്തമാണ് തുലച്ചു കളയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here