ഹൂസ്റ്റന്‍: ഏഴു മണിക്കൂര്‍ നീണ്ടു നിന്ന അതിസങ്കീര്‍ണ്ണമായ ശസ്ത്രക്രിയയിലൂടെ സയാമിസ് ഇരട്ടകളായ രണ്ടു പെണ്‍കുട്ടികളെ വിജയകരമായി വേര്‍പിരിച്ചതായി ഹൂസ്റ്റന്‍ ടെക്‌സസ് ചില്‍ഡ്രന്‍സ് ആശുപത്രി അധികൃതര്‍ ഫെബ്രുവരി 12 തിങ്കളാഴ്ച നടത്തിയ പത്രസമ്മേളനത്തില്‍ വെളിപ്പെടുത്തി.

35 ആഴ്ചയും അഞ്ചു ദിവസവും പ്രായമായ ഇരട്ടകുട്ടികളെ 2016 ഡിസംബര്‍ 29 നാണ് സിസേറിയനിലൂടെ പുറത്തെടുത്തത്. നെഞ്ചും വയറും പരസ്പരം ഒട്ടിയിരുന്ന കുട്ടികളുടെ ശ്വാസകോശവുമായി ബന്ധപ്പെട്ട ഡയഫ്രവും ലിവറും ഹൃദയത്തിന്റെ ഒരു ഭാഗവും പരസ്പരം പങ്കുവയ്ക്കുന്ന സ്ഥിതിയിലായിരുന്നു ഇവരുടെ ജനനം.

ദീര്‍ഘനാളുകളായി ശസ്ത്രക്രിയയ്ക്ക് തയാറെടുത്തുകൊണ്ടിരുന്ന കുട്ടികളെ പൂര്‍ണ്ണമായും ജനുവരി 13 നാണ് വേര്‍തിരിച്ചതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. 75 ശസ്ത്രക്രിയാ വിദഗ്ധരും അനസ്‌തേഷ്യോളജിസ്റ്റ്, കാര്‍ഡിയോളജിസ്റ്റ്, നഴ്‌സുമാര്‍ തുടങ്ങിയവരാണ് ഏഴു മണിക്കൂര്‍ നീണ്ടു നിന്ന ശസ്ത്രക്രിയക്കു നേതൃത്വം നല്‍കിയതെന്ന് ടെക്‌സസ് ചില്‍ഡ്രന്‍സിലെ ചീഫ് സര്‍ജനും പ്ലാസ്റ്റിക്ക് സര്‍ജറി വിദഗ്ധനുമായ ഡോ. ലാറി ഹോളിയര്‍ പറഞ്ഞു. രണ്ടു കുട്ടികള്‍ക്കും പൂര്‍ണ്ണ ആരോഗ്യം ലഭിച്ച് ആശുപത്രി വിടാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഡോ. ലാറി പറഞ്ഞു.

അന്നാ ഹോപ് കുട്ടികളുടെ മാതാവ് കഴിഞ്ഞ രണ്ടു വര്‍ഷത്തോളമായി ഞങ്ങള്‍ പ്രാര്‍ത്ഥിക്കുകയായിരുന്നുവെന്നും ഇപ്പോള്‍ രണ്ടുപേര്‍ക്കും രണ്ടു ബെഡില്‍ കിടക്കുന്നതു കാണാന്‍ കഴിഞ്ഞതില്‍ സന്തോഷിക്കുന്നുവെന്നും എല്ലാവര്‍ക്കും പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നുവെന്നും അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here