ന്യുയോര്‍ക്ക്: ജൂലൈ മാസം 5 മുതല്‍ 8 വരെ ബോസ്റ്റണിന് സമീപം സ്പ്രിങ്ങ് ഫീല്‍ഡ് മാസ് മ്യൂച്ചല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ വെച്ച് നടത്തപ്പെടുന്ന 36 മത് നോര്‍ത്തമേരിക്കന്‍ മലയാളി പെന്തക്കോസ്ത് കോണ്‍ഫ്രന്‍സിനോടനുബദ്ധിച്ചുള്ള സഹോദരി സമ്മേളനങ്ങളുടെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു.

നാഷണല്‍ വുമണ്‍സ് കോര്‍ഡിനേറ്റര്‍ സിസ്റ്റര്‍ ആശ ഡാനിയേലിന്റയും ലോക്കല്‍ കോര്‍ഡിനേറ്റേഴ്‌സ് സിസ്റ്റര്‍ സൂസന്‍ ജോണ്‍സണിന്റെയും സിസ്റ്റര്‍ സുജ ഇടിക്കുളയുടെയും നേത്യത്വത്തില്‍ ക്രമീകരിക്കപ്പെടുന്ന പ്രത്യേക സെക്ഷനുകളില്‍ അമേരിക്കയുടെ വിവിധ സ്‌റ്റേറ്റുകളില്‍ നിന്നുമുള്ള 15 ല്‍ പരം സഹോദരിമാര്‍  പ്രാര്‍ത്ഥനയോടും ഐക്യതയോടും ആദ്യാവസാനം നടത്തപ്പെടുന്ന പ്രോഗ്രാമുകളുടെ ചുമതലകള്‍ ഏറ്റെടുത്ത് പ്രവര്‍ത്തിക്കും. 

മുന്‍ വര്‍ഷങ്ങളില്‍ ക്രമീകരിക്കപ്പെട്ടതായ യോഗങ്ങള്‍ക്ക് പുറമേ സാമുഹ്യ സേവന രംഗത്തും വ്യത്യസ്ത തൊഴില്‍ മേഖലയിലും വളരെയധികം പ്രയോജനപ്പെട്ടുകൊണ്ടിരിക്കുന്നവര്‍ക്കായി പ്രത്യേക സമ്മേളനങ്ങളും ക്രമീകരിച്ചുകൊണ്ടിരിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

ദൈവവചനം ശക്തമായി സംസാരിക്കുവാനും ജീവിത അനുഭവങ്ങള്‍ പങ്കുവെയ്ക്കുന്നതിനുമായി സ്വദേശത്തു നിന്നും വിദേശത്ത് നിന്നും സഹോദരിമാര്‍ അതിഥി പ്രാസംഗികരായി എത്തിച്ചേരും. പ്രൊഫ.മായ ശിവകുമാര്‍ , സിസ്റ്റര്‍ സിസി ബാബു ജോണ്‍, സിസ്റ്റര്‍ ജെസി സാജു മാത്യൂ തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നത് കടന്നു വരുന്നവര്‍ക്ക് ആത്മീയ അനുഗ്രഹങ്ങള്‍ക്ക് കാരണമായിത്തീരും.

കോണ്‍ഫന്‍സിന്റെ നാഷണല്‍ കണ്‍വീനര്‍ റവ. ബഥേല്‍ ജോണ്‍സണ്‍, നാഷണല്‍ സെക്രട്ടറി ബ്രദര്‍ വെസ്‌ളി മാത്യു, നാഷണല്‍ ട്രഷറാര്‍ ബ്രദര്‍ ബാബുക്കുട്ടി ജോര്‍ജ്, നാഷണല്‍ യൂത്ത് കോര്‍ഡിനേറ്റര്‍ ബ്രദര്‍ ഷോണി തോമസ്, കോണ്‍ഫ്രന്‍സ് കോര്‍ഡിനേറ്റര്‍ പാസ്റ്റര്‍ ഡോ. തോമസ് ഇടിക്കുള തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിപുലമായ ക്രമീകരണങ്ങളാണ് കോണ്‍ഫ്രന്‍സിനോടനുബദ്ധിച്ച് നടന്നുവരുന്നത്.സഹോദരി സമ്മേളനങ്ങളെക്കുറിച്ചും രജിസ്‌ട്രേഷനെക്കുറിച്ചും കൂടുതല്‍ അറിയുവാന്‍ പി.സി.എന്‍.എ.കെ വെബ്‌സൈറ്റില്‍ ആദ്യമായി സഹോദരിമാര്‍ക്കായി തയ്യാറാക്കപ്പെട്ടിരിക്കുന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുക: www.pcnak2018.org

വാര്‍ത്ത: നിബു വെള്ളവന്താനം (നാഷണല്‍ മീഡിയ കോര്‍ഡിനേറ്റര്‍)

LEAVE A REPLY

Please enter your comment!
Please enter your name here