ചിക്കാഗോ: സോഷ്യൽ മീഡിയായിലെ തരംഗമായ, ലോക മലയാളികളുടെ മനസ്സിൽ നർമ്മത്തിന്റെ രസക്കൂട്ടുകൾ നിറച്ച വാഗ്മിയും കുടുംബ സദസ്സുകൾക്ക് സ്വീകാര്യനുമായ ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍, 2018 ജൂൺ 21 മുതൽ 24 വരെ ചിക്കാഗോയിൽ വച്ച് നടക്കുന്ന ഫോമാ ഇന്റര്‍നാഷണല്‍ കണ്‍വന്‍ഷനില്‍ സംവദിക്കാനെത്തുന്നു. ചിക്കാഗോ ആതിഥേയത്വം വഹിക്കുന്ന ഫോമാ ഇന്റര്‍നാഷണല്‍ ഫാമിലി കണ്‍വന്‍ഷനില്‍ അദ്ദേഹത്തിന്റെ സ്വതസിദ്ധമായ പ്രഭാഷണത്തോടൊപ്പം, ചിന്തോദ്ദീപകവും നര്‍മപ്രധാനവുമായ വാക്കുകളായിരിക്കും ‘കാപ്പിപ്പൊടി അച്ചന്‍’ എന്ന് നാം സ്‌നേഹാദരങ്ങളോടെ വിളിക്കുന്ന, കപ്പൂച്ചിന്‍ സഭയിലെ ഈ ശ്രേഷ്ഠ വൈദികനില്‍ നിന്നും കേള്‍ക്കുക. കണ്‍വന്‍ഷന്റെ വിവിധ വേദികളില്‍ അദ്ദേഹത്തിന്റെ സാന്നിധ്യം ഉണ്ടാവുമെന്ന് ഫോമാ ഭാരവാഹികള്‍ അറിയിച്ചു. 

ഒന്നിനും സമയമില്ലാതെ നെട്ടോട്ടമോടുന്ന മനുഷ്യർക്ക്, പ്രത്യേകിച്ച് മലയാളികളുടെ പലവിധ ജീവിത പ്രശ്‌നങ്ങള്‍ക്കും, അച്ചന്റെ നർമ്മത്തിൽ ചാലിച്ച സ്നേഹോപദേശങ്ങൾ ഉത്തരങ്ങളാണ്, പരിഹാരത്തിന്റെ മരുന്നുകളാണ്. നമ്മുടെ ജന്‍മനാട്ടിലും മറുനാട്ടിലും ലോകകമെങ്ങും ഉള്ള മലയാളികളുടെ ഇഷ്ട യൂടൂബ് പ്രഭാഷകനുമാണ് അച്ചൻ. 56 കാരനായ അച്ചന്‍ ഇതിനോടകം അമേരിക്ക ഉള്‍പ്പെടെ 45 ലേറെ രാജ്യങ്ങള്‍ പലവട്ടം സന്ദര്‍ശിച്ചിട്ടുണ്ട്. കഴിഞ്ഞ പതിമൂന്ന് വര്‍ഷമായി അമേരിക്കന്‍ മലയാളികളെ സന്ദർശിച്ചു പോകുന്നു. 

കുടുംബ ബന്ധങ്ങളിലെ പൊട്ടിയകന്നു പോയ കണ്ണികള്‍ സ്‌നേഹ സാന്ത്വനത്തിന്റെ ഭാഷയില്‍ വിളക്കിച്ചേര്‍ക്കുന്ന അച്ചന്റെ അനവധി സ്റ്റേജ് പ്രസംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാണിപ്പോള്‍. ഫെയ്‌സ് ബുക്കില്‍ കിട്ടിയ ലൈക്കുകളുടെ എണ്ണം 20 ലക്ഷത്തോടടുക്കുകയാണ്. നല്ല ഒരു കൗൺസിലർ കൂട്ടിയായ അച്ചനെ വിവിധ രാജ്യങ്ങളിലെ മാനസിക സംഘര്‍ഷമനുഭവിക്കുന്ന മലയാളികള്‍ തങ്ങളുടെ ചെറുതും വലുതുമായ പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ അച്ചനെ സമീപിക്കാറുണ്ട്‌. അവിടെയെല്ലാം ഓടിയെത്താന്‍ ഈയൊരാള്‍ മാത്രം. അതിനാല്‍ ഒരു കരയില്‍ നിന്ന് മറുകരയിലേയ്ക്കുള്ള യാത്ര ഒഴിഞ്ഞിട്ട് ഒന്നിനും നേരമില്ല. 

ഇടുക്കി ജില്ലയിലെ കട്ടപ്പനയ്ക്കടുത്ത് വലിയ തോവാളയിലെ പുത്തന്‍പുരയ്ക്കല്‍ വീട്ടില്‍ ജോസഫ്-അന്നമ്മ ദമ്പതികളുടെ മകനായി ജനനം. ഏക ജ്യേഷ്ഠന്‍ കൃഷിയും കുടുംബകാര്യവും നോക്കി നാട്ടിലുണ്ട്. തിരുവനന്തപുരം ലോ അക്കാഡമിയില്‍ നിന്ന് നിയമ ബിരുദമെടുത്ത അച്ചന്‍ സമയക്കുറവുമൂലം ഇപ്പോള്‍ കറുത്ത ഗൗണ്‍ അണിയുന്നില്ല. സ്ഥിരം ധരിക്കുന്നത് ധാര്‍മികോദ്ബോധനത്തിന്റെ കാപ്പിപ്പൊടി നിറത്തിലുള്ള ളോഹ. കഴിയുന്നതും ഇദ്ദേഹം ചെരിപ്പ് ഉപയോഗിക്കറില്ല. കപ്പൂച്ചിന്‍ സഭയുടെ കോട്ടയം പ്രോവിന്‍സിന്റെ തലവനായി ഏതാനും വര്‍ഷം മുമ്പ് നിയമിതനായി. കോട്ടയം നഗരത്തില്‍ ചവിട്ടുവരിയിലുള്ള സെന്റ് ജോസഫ് പ്രൊവിന്‍ഷ്യല്‍ ഹൗസാണ് കോട്ടയം പ്രോവിന്‍സിന്റെ ആസ്ഥാന മന്ദിരം. 

”മറ്റ് വൈദികരുടെ മാതൃകയും അവരുടെ സ്വീകാര്യതയും എന്നെ വല്ലാതെ സ്വാധീനിച്ചു. ക്രിസ്തീയ സന്ദേശം ലോകത്തിനു കൊടുക്കാന്‍ മിഷന്‍ ലീഗ് പ്രവര്‍ത്തന കാലം മുതല്‍ ആഗ്രഹമുണ്ടായിരുന്നു. ചെറുപ്പം മുതലേ പ്രസംഗിക്കാനുള്ള കഴിവും ഉണ്ടായിരുന്നു. അതുകൊണ്ടാണ് പ്രബോധനത്തില്‍ ഊന്നല്‍ കൊടുക്കുന്ന ഈ സഭയില്‍ ചേര്‍ന്നത്. മാതാപിതാക്കള്‍ അച്ചനാകണമെന്ന് ഒരിക്കലും നിര്‍ബന്ധിച്ചിട്ടില്ല…” വൈദിക ജീവിതം തിരഞ്ഞെടുക്കാനുള്ള കാരണത്തെക്കുറിച്ച് അച്ചന്‍ പറയുന്നു.

1976ല്‍ എസ്.എസ്.എല്‍.സി പാസായ അച്ചന് പ്രീഡിഗ്രിക്ക് പഠിക്കുമ്പോള്‍ കോളേജ് രാഷ്ട്രീയം കലശലായി. കേരള കോണ്‍ഗ്രസിന്റെ കോളേജ് യൂണിയന്‍ ഭാരവാഹിയും ജില്ലാ പ്രതിനിധിയുമായിരുന്നു. ഗുജറാത്തില്‍ കുറച്ചു കാലം താമസിച്ചു. 1980 ജൂണില്‍ സഭയില്‍ ചേര്‍ന്നു. 93ല്‍ പുരോഹിതനായി. ഇതിനിടയ്ക്കാണ് തിരുവനന്തപുരം ലോ അക്കാഡമിയില്‍ നിന്നും നിയമ ബിരുദം നേടിയത്. 

ജാതി മത ഭേതമെന്യേ മലയാളികൾ നെഞ്ചിലേറ്റുന്ന കാപ്പിപ്പൊടി അച്ചന്റെ സാമീപ്യം, ഫോമാ അന്താരാഷ്ട്ര കൺവൻഷനിൽ പങ്കെടുക്കുന്നവർക്ക് ഒരിക്കലും മറക്കാനാകാത്ത ഒരു അവസരമായിരിക്കും എന്നതിൽ സംഘാടകർക്ക് ഒട്ടും സംശയമില്ല.

2018 ഫോമാ അന്താരാഷ്ട്ര കൺവൻഷൻ വിത്യസ്തതകൾ കൊണ്ട് ശ്രദ്ധേയമാകുകയാണ്. പ്രശസ്ത മജീഷ്യനും മോട്ടിവേഷണൽ സ്പീക്കറുമായ പ്രൊഫ: ഗോപിനാഥ് മുതുകാട് തുടങ്ങി, സാമൂഹിക, സാംസ്ക്കാരിക രംഗങ്ങളിൽ പ്രവർത്തിക്കുന്ന ഒട്ടനവധി പേർ ഈ കൺവൻഷനിൽ പങ്കെടുക്കും.

വിത്യസ്തങ്ങളായ വിവിധ പരിപാടികൾ ഉൾപ്പെടുത്തി കൊണ്ട് നടത്തപ്പെടുന്ന ഫോമാ 2018 ഫാമിലി കൺവൻഷന്റെ ആദ്യ ഘട്ട രജിസ്ട്രേഷൻ പൂർത്തിയാകുമ്പോൾ, മുന്നൂറോളം ഫാമിലികളാണ് ഇതു വരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേരളത്തിന്റെ സംസ്ക്കാരവും ഭാഷയും പരിചയപ്പെടുന്നതിനൊപ്പം, കേരളീയ ഭക്ഷണവും ഉൾപ്പെടുത്തി കൊണ്ടാണ് ഈ നോർത്ത് അമേരിക്കൻ മലയാളി മഹാമഹം കൊടിയേറുന്നത്.

പുതു തലമുറയ്ക്ക് കേരളീയ സംസ്ക്കാരം പരിചയപ്പെടുത്താനും, പഴയ തലമുറയ്ക്കൊപ്പം യുവ ജനതയുടെ ഒരു നാഷണൽ നെറ്റ് വർക്കും ഉണ്ടാക്കാനാകും എന്നത് ഫോമ പോലുള്ള ദേശീയ സംഘടനകളുടെ പിന്നിലെ ഉദ്ദേശ ശുദ്ധി.

ഫോമായെ കുറിച്ച് അറിയുവാനും കൂടുതൽ വിവരങ്ങൾക്കും സന്ദർശിക്കുക

www.fomaa.net 

ബെന്നി വാച്ചാച്ചിറ 847 322  1973, ജിബി തോമസ് 914 573 1616 , ജോസി കുരിശിങ്കൽ 773 478 4357, ലാലി കളപ്പുരയ്ക്കൽ 516 232 4819, വിനോദ് കൊണ്ടൂർ 313 208 4952, ജോമോൻ കുളപ്പുരയ്ക്കൽ 863 709 4434, സണ്ണി വള്ളിക്കളം 847 722 7598.

വിനോദ് കൊണ്ടൂർ ഡേവിഡ്.

LEAVE A REPLY

Please enter your comment!
Please enter your name here