തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരെ ദുബായിലുള്ള കേസ് അവസാനിച്ചു. ജാസ് ടൂറിസം കമ്പനിയുടെ ഉടമ ഇസ്മയില്‍ അബ്ദുള്ള അല്‍ മര്‍സൂഖിക്ക് നല്‍കാനുള്ള 1.72 കോടി രൂപ കൊടുത്ത് തീര്‍ത്തതോടെയാണ് കേസ് അവസാനിച്ചത്. സിപിഎം നേതാവിന്റെ ബന്ധുവായ കാസര്‍കോട് സ്വദേശിയായ വ്യവസായിയാണു പണം നല്‍കിയത്. പണം കിട്ടിയതോടെ മര്‍സൂഖി നിലപാട് മാറ്റി. ചെക്കു കേസുകള്‍ ദുബായില്‍ സാധാരണമാണെന്ന് മര്‍സൂഖി പ്രതികരിച്ചു. കേസ് ഒത്തു തീര്‍പ്പായെന്ന് ബിനോയിയും അറിയിച്ചു. പണം നല്‍കാതെയാണ് കേസ് പിന്‍വലിച്ചതെന്നാണ് ബിനോയിയുടെ അവകാശവാദം.

പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുടെ മകന്‍ ഇത്തരത്തില്‍ ഒരു കേസില്‍ കുടുങ്ങിയത് പാര്‍ട്ടിയ്ക്കകത്തും ചര്‍ച്ചയായിരുന്നു. സിപിഎം സംസ്ഥാന സമ്മേളനത്തിനു മുന്‍പു പ്രശ്‌നം അവസാനിപ്പിക്കാന്‍ തിരക്കിട്ട ശ്രമങ്ങളാണ് അണിയറയില്‍ നടന്നത്. യാത്രാ വിലക്ക് അവസാനിപ്പിക്കാന്‍ കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്നും വിലക്ക് നീങ്ങിയാലുടന്‍ കേരളത്തിലേക്ക് മടങ്ങുമെന്നും ബിനോയി പറഞ്ഞു.

സാമ്പത്തിക തട്ടിപ്പുകേസില്‍ പെട്ട ബിനോയ് കോടിയേരിക്ക് ദുബായ് കോടതി യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിരുന്നതോടെയാണ് ബിനോയ് കുരുക്കഴിക്കാന്‍ ശ്രമം തുടങ്ങിയത്. 30 ലക്ഷം ദിര്‍ഹമാണു (ഏകദേശം അഞ്ചരക്കോടി രൂപ) ജാസ് ടൂറിസം കമ്പനി 2013ല്‍ ബിനോയിക്കു നല്‍കിയതെന്നു പറയുന്നു. ഇതില്‍ 1.72 കോടിയോളം രൂപയുടെ കേസാണു യാത്രാവിലക്കിനു കാരണമായത്. ജാസ് ടൂറിസം കമ്പനിയുടെ 51 ശതമാനം ഓഹരി ഇസ്മയില്‍ അബ്ദുള്ള അല്‍ മര്‍സൂഖിക്കും 49 ശതമാനം മലയാളിയായ രാഹുല്‍ കൃഷ്ണയ്ക്കുമാണ്.

ഇതിനിടെ കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിയുടെ പേരിലുള്ള ബാങ്ക് ലോക്കറുകളെ കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ഏജന്‍സികള്‍ക്ക് പരാതി കിട്ടിയിട്ടുണ്ട്. മറ്റൊരു സംസ്ഥാനത്തെ ബാങ്കിന്റെ തിരുവനന്തപുരം ബ്രാഞ്ചില്‍ വിനോദിനിയുടെ പേരില്‍ അഞ്ചു ലോക്കറുകളാണുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here