കാന്‍ബറ: മന്ത്രിമാര്‍ തങ്ങളുടെ കീഴുദ്യോഗസ്ഥരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ഓസ്‌ട്രേലിയ നിരോധിച്ചു. ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി മാല്‍കം ടേണ്‍ബുള്ളാണ് നിരോധനം കൊണ്ടുവന്നത്. ഉപപ്രധാനമന്ത്രിയായ ബാണ്‍ബെ ജോയ്‌സിയുടെ മാധ്യമ സെക്രട്ടറിയുമായുള്ള അവിഹിത ബന്ധത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നതിനെ തുടര്‍ന്നാണ് പുതിയ നിരോധനം ടേണ്‍ബുള്‍ കൊണ്ടുവന്നത്. മന്ത്രിമാര്‍ക്കായി പുറത്തിറക്കിയ പുതിയ പെരുമാറ്റച്ചട്ടത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. മന്ത്രിമാര്‍ കര്‍ശനമായി പെരുമാറ്റച്ചട്ടം പാലിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

മുന്‍ മാധ്യമ ഉപദേഷ്ടാവ് വിക്കി കാംപൈനുമായി ബര്‍ണാബി ജോയിസ് ബന്ധം തുടര്‍ന്നതായി കഴിഞ്ഞ ദിവസം പരസ്യ വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. വിവാദം ടേണ്‍ബുള്‍ സര്‍ക്കാരിനെ പിടിച്ചുലച്ചെങ്കിലും ഇക്കാര്യം പ്രധാനമന്ത്രി നിഷേധിച്ചു. വെറും ഒരു സീറ്റിന്റെ ഭൂരിപക്ഷത്തിലാണ് സര്‍ക്കാര്‍ നിലനില്‍ക്കുന്നത് എന്ന ഒറ്റക്കാരണത്താലാണ് ഉപപ്രധാനമന്ത്രിയെ പുറത്താക്കത്തതെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. പ്രതിപക്ഷ പാര്‍ട്ടികള്‍ ജോയിസിന്റെ രാജി ആവശ്യപ്പെട്ട് രംഗത്തുണ്ടെങ്കിലും ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ ഔദ്യോഗിക ചുമതലകളില്‍ നിന്ന് ഒരാഴ്ചത്തെ അവധിയില്‍ മാത്രം പ്രവേശിച്ചിരിക്കുകയാണ് ബര്‍ണാബി ജോയിസ്.

വിവാഹിതരോ അവിവാഹിതരോ ആയ സഹപ്രവര്‍ത്തകരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ചട്ടലംഘനമായി കണക്കാക്കുമെന്നും തനിക്കും ഇക്കാര്യം ബാധകമായിരിക്കുമെന്നും ടേണ്‍ബുള്‍ വ്യക്തമാക്കി. പെരുമാറ്റചട്ടം നിലവില്‍ വന്നതായും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ആഴ്ച അമേരിക്കന്‍ കോണ്‍ഗ്രസ് പാസാക്കിയ നിയമത്തിന്റെ മാതൃകയിലാണ് പുതിയ പെരുമാറ്റചട്ടം പ്രധാനമന്ത്രി പ്രഖ്യാപിച്ചിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here