ന്യൂഡല്‍ഹി: ഏഴ് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രുഡോ ഇന്ന് ഇന്ത്യയിലെത്തും. വിദേശകാര്യമന്ത്രി ക്രിസ്റ്റ്യ ഫ്രീലാന്‍ഡ്, ശാസ്ത്ര, സാമ്പത്തിക വികസന മന്ത്രി നവീപ് ബെയ്ന്‍സ്, പ്രതിരോധ മന്ത്രി ഹര്‍ജിത് സിംഗ് സജ്ജന്‍, ശാസ്ത്ര, സ്‌പോര്‍ട്‌സ് മന്ത്രി കിര്‍സി ഡങ്കന്‍, ഇന്‍ഫ്രാസ്ട്രക്ചര്‍ മന്ത്രി അമര്‍ജീത് സോഹി തുടങ്ങി കനേഡിയന്‍മന്ത്രിസഭയിലെ അംഗങ്ങളും ട്രുഡോയ്‌ക്കൊപ്പമുണ്ടാകും.

ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ പ്രതിരോധമേഖല, ഭീകരവാദത്തിനെതിരായ പോരാട്ടം, വ്യാപാര നിക്ഷേപബന്ധങ്ങള്‍ മെച്ചപ്പെടുത്തുക എന്നിവ ലക്ഷ്യമിട്ടാണ് സന്ദര്‍ശനം.

കാനഡയുടെ വിവിധഭാഗങ്ങളില്‍ സിഖ് സമുദായക്കാര്‍ക്ക് നേരെ നടക്കുന്ന അക്രമങ്ങളും ഇരു പ്രധാനമന്ത്രിമാരും തമ്മില്‍ 23 ന് നടക്കുന്ന കൂടിക്കാഴ്ച്ചയില്‍ ചര്‍ച്ചാവിഷയമാകും. ആണവമേഖലയിലെ സഹകരണം സംബന്ധിച്ചും ഇരുനേതാക്കളും തമ്മില്‍ ചര്‍ച്ചചെയ്യും. ഡല്‍ഹിക്ക് പുറമെ, ആഗ്ര, അഹമ്മദാബാദ്, മുംബൈ, അമൃത്സര്‍ എന്നിവിടങ്ങളും ട്രൂഡോയും സംഘവും സന്ദര്‍ശിക്കും.

കച്ചവട മേഖലയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത ഉടമ്പടി കരാറില്‍ അന്തിമ തീരുമാനമെടുക്കാന്‍ ഇരു രാജ്യങ്ങളുടെയും പ്രതിനിധികളും ചര്‍ച്ച നടത്തിയിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ ഇന്ത്യയില്‍ കനേഡിയന്‍ നിക്ഷേപം ഏകദേശം 15 ബില്ല്യണ്‍ ഡോളര്‍ മാത്രമാണെന്നും കനേഡിയന്‍ പ്രതിനിധികള്‍ അറിയിച്ചിരുന്നു.

2017 ല്‍ കാനഡയും ഇന്ത്യയും തമ്മിലുള്ള വ്യാപാരത്തിന്റെ മൂല്യം 8.4 ബില്യണ്‍ ഡോളറാണെന്നും ധാരാളം കനേഡിയന്‍ പെന്‍ഷന്‍ ഫണ്ടുകള്‍ ഇന്ത്യയില്‍ നിക്ഷേപിക്കാന്‍ താല്‍പര്യപ്പെടുന്നതായും അവര്‍ അറിയിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here