വാഷിംഗ്‌ടൺ: അമേരിക്കന്‍ പ്രസിഡന്‍റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇടപെടൽ നടത്തിയ 13 റഷ്യക്കാര്‍ക്കെതിരെ കേസെടുത്തു. ഇവർക്കെതിരെ ഗുരുതര വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

കൂടാതെ ഇവർ അമേരിക്കൻ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന് വേണ്ടി പ്രചാരണം നടത്തിയെന്നും അന്വേഷണ സംഘത്തിന്‍റെ തലവനായ റോബര്‍ട്ട് മ്യൂളര്‍ അറിയിച്ചു.

പ്രത്യേക അന്വേഷണ സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരം 2016ലെ അമേരിക്കന്‍ പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ റഷ്യന്‍ ഇടപെടല്‍ സ്ഥിരീകരിക്കുന്നുണ്ട്. 37 പേജുള്ള റിപ്പോര്‍ട്ടില്‍ 13 റഷ്യക്കാര്‍ കേസില്‍ കുറ്റക്കാരാണെന്നും ഇടപെടൽ നടത്തിയതിൽ റഷ്യയിലെ ഇന്‍റര്‍നെറ്റ് ഗവേഷണ ഏജന്‍സിയായ ട്രോള്‍ ഫാമിനും പങ്കുണ്ടെന്നും അന്വേഷണസംഘം കണ്ടെത്തി.

തിരഞ്ഞടുപ്പിൽ ട്രംപിന് വേണ്ടി റഷ്യയില്‍ നിന്ന് ഇടപെടലുണ്ടായി എന്നായിരുന്നു മുഖ്യ എതിരാളിയായ ഹിലരി ക്ലിന്റൺ ആരോപിച്ചിരുന്നത്. ഇതിലൂടെ റഷ്യ ട്രംപിന് അനുകൂലമായ സാഹചര്യം സൃഷ്ടിച്ചുവെന്നും ഹിലരി ആരോപിച്ചിരുന്നു.

എന്നാൽ അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് ഡൊണൾഡ് ട്രംപ് നിഷേധിച്ചു. താന്‍ പ്രസിഡന്‍റിനായി നോമിനേഷന്‍ നല്‍കുന്നതിന് മുമ്പ് തന്നെ അമേരിക്കയെ താഴ്ത്തിക്കെട്ടാനുള്ള നീക്കം റഷ്യ നടത്തിയെന്നും ഗൂഡാലോചനയില്‍ തനിക്ക് പങ്കില്ലെന്നും ട്രംപ് പ്രതികരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here