മാരാമണ്‍: മാരാമണ്‍ സുവിശേഷ കണ്‍വന്‍ഷന്റെ ചരിത്രത്തില്‍ ആദ്യമായി പ്രസംഗ വേദി ഭിന്നലിംഗക്കാര്‍ക്ക് അനുവദിച്ചു നല്‍കി. മാര്‍ത്തോമാ സഭ ആ വിഭാഗക്കാരോടുള്ള സഭയുടെ ഐക്യ ദാര്‍ഡ്യം പ്രഖ്യാപിച്ചു. 

ഫെബ്രുവരി 5 ന് മാരാമണ്‍ കണ്‍വന്‍ഷന്‍ പന്തലില്‍ നടന്ന യുവവേദി യോഗത്തിലാണ് മര്‍ത്തോമ്മാ സഭാംഗവും ഭിന്നലിംഗ വിഭാഗത്തിന്റെ പ്രതിനിധിയുമായ സെലിന്‍ തോമസ് മുഖ്യ പ്രസംഗം നടത്തിയത്. സമൂഹത്തില്‍ മൂന്നാം വിഭാഗത്തെ പ്രതിനിധാനം ചെയ്യുന്ന ഭിന്ന ലിംഗക്കാര്‍ക്ക് നീതിയും കരുണയും ലഭിക്കേണ്ടതാണെന്ന് സെലിന്‍ തോമസ് വ്യക്തമാക്കി. 

റവ. ഡോ. തോമസ് മാര്‍ തീത്തോസ് അധ്യക്ഷത വഹിച്ചു. ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്തു. ഭിന്ന ലിംഗക്കാരും ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ജനമാണെന്നും ഇവരുടെ ഇടയില്‍ സുവിശേഷ പ്രവര്‍ത്തനം നടത്തുന്ന നവോദയ പദ്ധതിക്കു ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം ജന്മ ശതാബ്ദി ആഘോഷചടങ്ങില്‍ തുടക്കം കുറിക്കുമെന്നും മെത്രാപ്പോലീത്ത പറഞ്ഞു. സഭയിലെ മറ്റു എപ്പിസ്‌കോപ്പാമാരും യോഗത്തില്‍ പങ്കെടുത്തു.

ഭിന്നലിംഗക്കാരും ദൈവിക സൃഷ്ടിയുടെ ഭാഗമാണെന്ന് അംഗീകരിക്കുവാന്‍ വൈകിയാണെങ്കിലും തയാറായ മര്‍ത്തോമ്മാ സഭയുടെ നേതൃത്വത്തോടു നന്ദിയുണ്ടെന്ന് ട്രാന്‍സ്ജന്റര്‍ ആക്ടിവിസ്റ്റായ ശ്രീകുട്ടി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here