തിരുവനന്തപുരം∙ മഞ്ചേശ്വരം മുതൽ തലസ്ഥാനത്തു രാജ്ഭവൻ വരെ ഈ മാസം 11നു സിപിഎം നടത്തിയ ജനകീയ പ്രതിരോധ ധർണയിൽ പങ്കെടുത്തതു 12,61,020 പേരാണെന്നു പാർട്ടി റിപ്പോർട്ട്. ശനിയാഴ്ച സമാപിച്ച സംസ്ഥാന കമ്മിറ്റിയിൽ വച്ച പ്രവർത്തന റിപ്പോർട്ടിലാണ് ഈ വെളിപ്പെടുത്തൽ. 25 ലക്ഷം പേർ പങ്കെടുക്കുമെന്നും സമരം കഴിഞ്ഞപ്പോൾ അതു സാധിച്ചു എന്നും സംസ്ഥാന നേതൃത്വം അവകാശപ്പെട്ടിരുന്നു. എന്നാൽ പാർട്ടിയുടെ തന്നെ കണക്കുപ്രകാരം ലക്ഷ്യമിട്ടതിലും പകുതിപ്പേരേ പങ്കെടുത്തിട്ടുള്ളു.

സമരം വിജയമാണെന്നും സംസ്ഥാന സമരചരിത്രത്തിൽ പുതിയൊരു അധ്യായം കുറിച്ചെന്നും അതേസമയം വിലയിരുത്തിയ സംസ്ഥാന കമ്മിറ്റി, അതിന്റെ പോരായ്മകളും ചൂണ്ടിക്കാട്ടി. റിപ്പോർട്ടിൽ നിന്ന്: സമര പ്രചാരണം നല്ല നിലയിൽ സംഘടിപ്പിക്കണം എന്നു തീരുമാനിച്ചെങ്കിലും എല്ലായിടത്തും അതിനനുസരിച്ചു പ്രവർത്തനമുണ്ടായോ എന്നു പരിശോധിക്കണം. മികച്ച ആസൂത്രണം ഉണ്ടായ സ്ഥലങ്ങളിലെല്ലാം ആവേശത്തോടെ ജനങ്ങളെത്തി. 4.30നു ശേഷവും സഖാക്കൾ എത്തുന്ന സ്ഥിതിയുണ്ടായി. എന്നാൽ നാലു മണിക്കു സമരകേന്ദ്രങ്ങളിൽ ആളില്ലാത്ത സ്ഥിതിയും ഉണ്ടായി.

ഏറ്റവുമധികം പേർ സമരത്തിൽ പങ്കെടുത്തതു കണ്ണൂർ ജില്ലയിലാണ്–1,88,303. ഏറ്റവും കുറവ് വയനാട്ടും– 22,476 പേർ. ആറു ജില്ലകളിൽ ലക്ഷത്തിലേറെപ്പേർ പങ്കെടുത്തു. കാസർകോട്– 70,287, കോഴിക്കോട്– 1,42,911, മലപ്പുറം–63,623, പാലക്കാട്–98,705, തൃശൂർ–1,10,256, എറണാകുളം– 86,264, ഇടുക്കി– 65,365, കോട്ടയം– 53,846, ആലപ്പുഴ–1,10,710, പത്തനംതിട്ട–44,432, കൊല്ലം–1,02,835, തിരുവനന്തപുരം–1,01,007. സ്ത്രീപ്രാതിനിധ്യം ഏറ്റവും കൂടുതൽ കോഴിക്കോട്ടാണ്– 56201 പേർ. തൊട്ടുപിന്നിൽ ആലപ്പുഴ– 54,177 പേർ. സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ, പുരോഹിതർ, എൽഡിഎഫ് നേതാക്കൾ തുടങ്ങിയവരെല്ലാം പങ്കെടുത്തുവെന്നും ഇതിൽ പറയുന്നു. സംസ്ഥാന കമ്മിറ്റി ചേരുന്നതിനു രണ്ടു ദിവസം മുൻപു മാത്രമാണു സമരം നടന്നതെങ്കിലും ഈ കണക്കുകൾ ശേഖരിക്കാൻ പാർട്ടിക്കു സാധിച്ചു.

കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കും നടപടികൾക്കുമെതിരെ ആയിരം കിലോമീറ്റർ ദൂരം റോഡിന് ഒരുവശത്തു വരിയായി പ്രവർത്തകർ അണിനിരക്കുന്ന ഒരു മണിക്കൂർ ധർണയാണു തീരുമാനിച്ചിരുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിനു മുന്നോടിയായി പാർട്ടിക്കാകെ രാഷ്ട്രീയ, സംഘടനാപരമായ ഉണർവു നൽകുകയായിരുന്നു ലക്ഷ്യം. സമരത്തെക്കുറിച്ച് ഇനി ജില്ലാ കമ്മിറ്റികളും അവലോകനം നടത്തി ദൗർബല്യങ്ങളുണ്ടായോ എന്നു പരിശോധിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here