ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പുകേസില്‍ കൂടുതല്‍ അറസ്റ്റിന് സാധ്യത. അറസ്റ്റിലായ മൂന്നുപേരെ കൂടാതെ മറ്റു പിഎന്‍ബി ഉദ്യോഗസ്ഥരിലേക്കും നീരവ് മോദിയുടെയും മെഹുല്‍ ചോക്‌സിയുടേയും അടുപ്പക്കാരിലേക്കുമാണ് അന്വേഷണം നീളുന്നത്. അതിനിടെ, നീരവിനെ പിടികൂടാന്‍ മറ്റ് രാജ്യങ്ങളിലെ വിമാനത്താവളങ്ങളിലേക്കും സിബിഐ സന്ദേശം കൈമാറി. രാജ്യത്താകെ 49 ഇടങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ് തുടരുകയാണ്.

തട്ടിപ്പ് കണ്ടെത്തിയതിന് പിന്നാലെ രണ്ടുതവണയായി ആകെ 20 ജീവനക്കാരെ പിഎന്‍ബി സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇവരില്‍ ഏതാനും ചിലരുടെയും, നീരവ് മോദിയുടെയും, മെഹുല്‍ ചോക്‌സിയുടെയും അടുപ്പക്കാരില്‍ ചിലരുടെയും അറസ്റ്റ് ഉടനുണ്ടായേക്കും. ബാങ്ക് ജീവനക്കാരായ മറ്റ് ഏഴുപേരെ കൂടി സിബിഐ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതായാണ് വിവരം.

അറസ്റ്റിലായ മൂന്നു പ്രതികളില്‍ പ്രധാനി ഗോകുല്‍നാഥ് ഷെട്ടി തട്ടിപ്പിന് പകരമായി നീരവ് മോദിയില്‍ നിന്ന് കമ്മീഷന്‍ സ്വീകരിച്ചതായി ചോദ്യംചെയ്യലില്‍ സിബിഐയോട് സമ്മതിച്ചു. എന്നാല്‍, ചോദ്യംചെയ്യലിനോട് കാര്യമായി സഹകരിക്കുന്നില്ലെന്നും സിബിഐ വൃത്തങ്ങള്‍ അറിയിച്ചു. മെഹുല്‍ ചോക്‌സിയുടെ ഗില്ലി ഇന്ത്യാ ലിമിറ്റഡ് കമ്പനിയുടെ ഡയറക്ടറായ മലയാളി അനിയത്ത് ശിവരാമന്‍ നായര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയും കേസുണ്ട്. പിഎന്‍ബി മുംബൈ സോണല്‍ മുന്‍ ഡിജിഎം നല്‍കിയ പരാതിയിലാണ് നടപടി.

ഇതിനിടെയാണ് നിരവ് മോദിയെ കണ്ടെത്തുന്നതിനുള്ള ശ്രമം സിബിഐ ഊര്‍ജിതമാക്കുന്നത്. രാജ്യത്തിനകത്തും പുറത്തുമുള്ള വിമാനത്താവളങ്ങളിലേക്ക് ഇതുസംബന്ധിച്ച് സന്ദേശം കൈമാറി. അമേരിക്കയില്‍നിന്ന് മറ്റു രാജ്യത്തേക്ക് കടക്കാനുള്ള സാധ്യത മുന്നില്‍കണ്ടാണ് നടപടി. നിരവ് മോദി, ഗീതാഞ്ജലി ഗ്രൂപ്പ് സ്ഥാപനങ്ങളില്‍ റെയ്ഡ് ഇന്നും തുടര്‍ന്നു. ആകെ 49 ഇടങ്ങളിലാണ് എന്‍ഫോഴ്‌സ്‌മെന്റ് പരിശോധന.

LEAVE A REPLY

Please enter your comment!
Please enter your name here