ശ്രീനഗർ∙ അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ജമ്മു കശ്മീരിലെ പൂഞ്ച് മേഖലയിലാണ് പാക്കിസ്ഥാന്‍ വെടിയുതിര്‍ത്തത്. ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചു. രൂക്ഷമായ വെടിവയ്പ്പ് തുടരുകയാണ്. തുടർച്ചയായ എട്ടാം ദിവസമാണ് പാക്കിസ്ഥാൻ കരാർ ലംഘനം തുടരുന്നു. രണ്ടു ദിവസത്തെ വെടിവയ്പ്പിൽ ആറു ജീവനുകളാണ് നഷ്ടപ്പെട്ടത്. നിരവധിപ്പേർക്ക് പരുക്കേൽക്കുകയും ചെയ്തു.

അതേസമയം, വെടിവയ്പ് തുടർന്നാൽ പാക്കിസ്ഥാന് ഉചിതമായ മറുപടി നൽകുമെന്ന് പ്രതിരോധമന്ത്രി മനോഹർ പരീക്കർ പറഞ്ഞു. രണ്ടോ മൂന്നോ മടങ്ങു ശക്തിയാർന്നതായിരിക്കും ഞങ്ങൾ നൽകുന്ന മറുപടി. നുഴഞ്ഞുകയറ്റം തടയുന്നതിനുള്ള എല്ലാ മാർഗങ്ങളും സ്വീകരിച്ചിട്ടുണ്ട്. സുരക്ഷാ കാരണങ്ങളാൽ എന്തൊക്കെയാണ് മാർഗങ്ങളെന്നു പറയാനാകില്ലെന്നും പരീക്കർ വ്യക്തമാക്കി.

.പാക്ക് ആക്രമണം തുടരുന്ന പശ്ചാത്തലത്തിൽ ഇന്ത്യ പാക്ക് ഹൈക്കമ്മിഷണറെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചിട്ടുണ്ട്. അതിർത്തിയിൽ പാകിസ്‌ഥാൻ നടത്തുന്ന വെടിനിർത്തൽ ലംഘനങ്ങളുടെ പശ്‌ചാത്തലത്തിലാണ് ഇന്ത്യയിലെ പാക്ക് ഹൈക്കമ്മിഷണർ അബ്‌ദുൽ ബസിതിനെ ഡൽഹിയിലെ വിദേശകാര്യ മന്ത്രാലയത്തിൽ വിളിച്ചുവരുത്തി ഇന്ത്യ അമർഷവും പ്രതിഷേധവുമറിയിച്ചത്.അതിർത്തിയിലെ ശാന്തിയും സമാധാനവും തകർക്കുന്ന പ്രവൃത്തികൾ പാക്കിസ്‌ഥാൻ സൈന്യത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാവാതിരിക്കാൻ നടപടി വേണമെന്ന് പാക്ക് ഭരണകൂടത്തോട് ഇന്ത്യ ആവശ്യപ്പെട്ടു.

എന്നാൽ ഇന്ത്യയാണ് വെടിനിർത്തൽ കരാർ ലംഘിക്കുന്നതെന്നാണു പാക്ക് ഹൈക്കമ്മിഷണർ അബ്ദുൽ ബസിത് മറുപടി പറഞ്ഞത്. ഇന്ത്യ 70 തവണ കരാർ ലംഘിച്ച് പാക്ക് പ്രദേശത്തേക്ക് ആക്രമണം നടത്തിയെന്നാണു പാക്ക് വാദം. ‘ജൂലൈയിലും ഓഗസ്റ്റിലുമായി ഇന്ത്യ എഴുപതോളം വെടിനിർത്തൽ ലംഘനങ്ങൾ അതിർത്തിയിൽ നടത്തി. ഞങ്ങൾ തീർച്ചയായും ഇതേപ്പറ്റി വളരെ ശ്രദ്ധാലുക്കളാണ്’–ബസിത് പറഞ്ഞു.

ഇരുരാജ്യങ്ങളുടെയും ദേശീയ സുരക്ഷാ ഉപദേഷ്‌ടാക്കൾ ഈമാസം 23നു കൂടിക്കാണാനിരിക്കെയാണ് പാക്ക് സൈന്യം പ്രകോപനമില്ലാതെ ആക്രമണം നടത്തുന്നത്.എന്നാൽ ആക്രമണങ്ങളുടെ പശ്‌ചാത്തലത്തിൽ കൂടിക്കാഴ്‌ച ഒഴിവാക്കാൻ ഉദ്ദേശ്യമില്ലെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here