മുംബൈ: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസ് അന്വേഷണം അംബാനി കുടുംബത്തിലേക്കും. ധീരുബായ് അംബാനിയുടെ സഹോദരപുത്രന്‍ വിപുല്‍ അംബാനിയെ സിബിഐ വിളിച്ചുവരുത്തി ചോദ്യംചെയ്തു. കേസില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുനുള്ള സാധ്യതയും നിലനില്‍ക്കുകയാണ്.

നിരവ് മോദിയുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറായ വിപുല്‍ അംബാനിയെ മുംബൈയിലെ ഓഫീസിലേക്ക് സിബിഐ വിളിച്ചുവരുത്തുകയായിരുന്നു. കമ്പനിയുമായി ബന്ധപ്പെട്ടരേഖകളും വിശദമായി പരിശോധിച്ച സിബിഐ വിപുലിനെ രണ്ടുമണിക്കൂറോളം ചോദ്യംചെയ്തു. റിലയന്‍സ് ഇന്‍ഡസ്ട്രീസ് സ്ഥാപകന്‍ ധീരുബായ് അംബാനിയുടെ സഹോദരപുത്രനായ വിപുല്‍ അംബാനി മൂന്ന് വര്‍ഷമായി നിരവിന്റെ കമ്പനിയിലെ ജീവനക്കാരനാണ്. പിഎന്‍ബി ജീവനക്കാരായ പത്തുപേരെയും ചോദ്യംചെയ്തു. ഇവരില്‍ ചിലര്‍ക്കെതിരെ എഫ്‌ഐആര്‍ രെജിസ്റ്റര്‍ ചെയ്‌തേക്കുമെന്ന സൂചനയുണ്ട്.

ദക്ഷിണ മുംബൈയിലെ പിഎന്‍ബിയുടെ ബ്രാഡിഹൌസ് ശാഖയിലും സിബിഐയും എന്‍ഫോഴ്‌സ്‌മെന്റ് പരിശോധന നടത്തി. മറ്റ് ബാങ്ക്ശാഖകള്‍ വായ്പ അനുവദിക്കുന്നതിനായി ഇടപാടുകാരന് ജാമ്യം നില്‍ക്കുന്നബാങ്കുകള്‍ നല്‍കാറുള്ള, ‘ലെറ്റര്‍സ് ഓഫ് അണ്ടര്‍ടേക്കിങ് ‘ സംബന്ധിച്ച്, അടുത്തിടെ നടന്നിട്ടുള്ള എല്ലാ ഇടപാടുകളുടെയും വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ രാജ്യത്തെ ബാങ്കുകളോട് സിബിഐ ആവശ്യപ്പെട്ടു. അതേസമയം, അറസ്റ്റിലായ പിഎന്‍ബി മുന്‍ഡിജിഎം ഗോകുല്‍നാഥ് ഷെട്ടി, നിരവ് മോദിയില്‍നിന്ന് തട്ടിപ്പിന് പരോപകാരമായി പണംവാങ്ങിയതായി സമ്മതിച്ചിട്ടുണ്ട്. ഒപ്പം ബാങ്കിലെ പ്രധാനപ്പെട്ട രേഖകളും ചോര്‍ത്തിനല്‍കി.

ഇതിനിടെ, നിരവ് മോദിയെ തിരികെ എത്തിക്കാനുള്ള ശ്രമം അന്വേഷണസംഘം ഊര്‍ജിതമാക്കി. അമേരിക്ക അടക്കം ഇതരരാജ്യങ്ങളിലെ വിമാനത്താവളങ്ങളില്‍ സന്ദേശം കൈമാറിയിട്ടുണ്ടെന്നാണ് സൂചന. നിരവ് മോദിയുടെയും, മെഹുല്‍ചോക്‌സിയടെയും സ്ഥാപനങ്ങളില്‍ റെയ്ഡ് തുടരും.

LEAVE A REPLY

Please enter your comment!
Please enter your name here