ലാഹോര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘ക്രിസ്മസ് സന്ദര്‍ശനത്തിന്’ പാകിസ്ഥാന്‍ വിലയിട്ടത് 1.49 ലക്ഷം രൂപ. 2015ലെ ക്രിസ്മസ് സന്ദര്‍ശനങ്ങളുടെ ഭാഗമായി റഷ്യ,അഫ്ഗാന്‍ എന്നീരാജ്യങ്ങള്‍ സന്ദര്‍ശിച്ച മോദി തിരിച്ചു വരുമ്പോള്‍ പാകിസ്ഥാന്‍ സന്ദര്‍ശിച്ചിരുന്നു.

തിരികെയെത്തവെയാണ് ക്രിസ്മസ് ദിനത്തില്‍ മോദി പാക്കിസ്ഥാനിലെ ലഹോറിലിറങ്ങിയത്. നരേന്ദ്രമോദിയുമായി എത്തിയ ഇന്ത്യന്‍ വ്യോമസേന വിമാനത്തിനു വ്യോമയാന റൂട്ടിലെ നിരക്കാണു പാക്കിസ്ഥാന്‍ വാങ്ങിയതെന്നു വിവരാവകാശ നിയമപ്രകാരമുള്ള രേഖകള്‍ വ്യക്തമാക്കുന്നു.
സാമൂഹിക പ്രവര്‍ത്തകനായ ലോകേഷ് ബത്ര നല്‍കിയ അപേക്ഷയിലാണു വിവരാവകാശ നിയമപ്രകാരം മറുപടി ലഭിച്ചതെന്നു വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.

2014 2016 വരെയുള്ള കാലഘട്ടത്തില്‍ വ്യോമസേനയുടെ വിമാനത്തില്‍ പ്രധാനമന്ത്രി നടത്തിയ യാത്രയുടെ കണക്കുകള്‍ അന്വേഷിച്ചാണു വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ചത്. 2016 ജൂണ്‍ വരെ വ്യോമസേനയുടെ വിമാനമാണു മോദി വിവിധ രാജ്യങ്ങളിലെ സന്ദര്‍ശനത്തിനായി ഉപയോഗിച്ചത്. ഈക്കാലയളവില്‍ നേപ്പാള്‍, ഭൂട്ടാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍, ഖത്തര്‍, ഓസ്‌ട്രേലിയ, പാക്കിസ്ഥാന്‍, റഷ്യ, ഇറാന്‍, ഫിജി, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളാണു മോദി സന്ദര്‍ശിച്ച മറ്റ് രാജ്യങ്ങള്‍.
റഷ്യ അഫ്ഗാനിസ്ഥാന്‍ സന്ദര്‍ശനം കഴിഞ്ഞു മടങ്ങിവരവെയാണു 2015 ഡിസംബര്‍ 25ന് മോദി ലഹോറിലിറങ്ങിയത്. ഇതിന് 1.49 ലക്ഷം രൂപയാണ് പാക്കിസ്ഥാന്‍ വ്യോമയാന റൂട്ടിലെ നിരക്കായി വാങ്ങിയതെന്ന് പാക്കിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷനില്‍നിന്നുള്ള രേഖകള്‍ വ്യക്തമാക്കുന്നു.

വ്യോമസേനയുടെ ബോയിങ് 737 വിമാനത്തില്‍ വൈകുന്നേരം 4.50ന് ലഹോറിലെത്തിയ പ്രധാനമന്ത്രിക്കു മികച്ച സ്വീകരണമാണു ലഭിച്ചത്. അവിടെനിന്നു ഹെലിക്കോപ്റ്ററിലാണു മോദി പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ വീട്ടിലേക്ക് പോയത്.

2016 മേയ് 22,23ന് മോദി ഇറാന്‍ സന്ദര്‍ശിച്ചപ്പോള്‍ 77,215 രൂപയും 2016 ജൂണ്‍ 4,5 തീയതികളില്‍ ഖത്തര്‍ സന്ദര്‍ശിച്ചതിന് 59,215 രൂപയും പാക്കിസ്ഥാന്‍ ഇന്ത്യയില്‍നിന്ന് ഈടാക്കി. മോദിയുടെ ഈ രണ്ടു യാത്രയും പാക്കിസ്ഥാന്റെ വ്യോമമേഖലയ്ക്കു മുകളിലൂടെയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here