തിരുവനന്തപുരം: മട്ടന്നൂര്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബ് വധക്കേസിലെ അന്വേഷണ സംഘത്തിനെതിരേ ഗുരുതര ആരോപണവുമായി കണ്ണൂര്‍ എസ് പി. അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥര്‍ റെയ്ഡ് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ചോര്‍ത്തിനല്‍കുന്നതായാണ് എസ്പിയുടെ ആരോപണം. അതിനിടെ കേസ് അന്വേഷണത്തിന് പുതിയ സംഘത്തെ നിയമിച്ചുവെന്ന് പോലിസ് മേധാവി ലോക് നാഥ് ബെഹ്‌റ അറിയിച്ചു. ഐജി മഹിപാല്‍ യാദവിന്റെ നേതൃത്വത്തിലുള്ള സംഘമായിരിക്കും അന്വേഷണം നടത്തുക. ഈ മാസം പന്ത്രണ്ടിന് എടയന്നൂരില്‍ വച്ചാണ് ശുഹൈബ് വെട്ടേറ്റ് മരിച്ചത്. സുഹൃത്തിന്റെ തട്ടുകടയില്‍ ചായ കുടിച്ചിരിക്കെ കാറിലെത്തിയ നാലംഗ സംഘം ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം വെട്ടുകയായിരുന്നു. കേസില്‍ സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകന്‍ ആകാശ് തില്ലങ്കേരിയടക്കം രണ്ടുപേര്‍ അറസ്റ്റിലായിട്ടുണ്ട്. കൊലപാതകത്തില്‍ പാര്‍ട്ടിക്ക് ബന്ധമില്ലെന്ന് സിപിഎം ആവര്‍ത്തിക്കുന്നതിനിടെ പാര്‍ട്ടി കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനൊപ്പം ആകാശ് നില്‍ക്കുന്ന സെല്‍ഫി സാമൂഹിക മാധ്യമങ്ങള്‍ വഴി പുറത്തുവന്നിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here