ജോഥ്പൂര്‍: മുഹമ്മദ് അഫ്രസുല്‍ എന്ന 45കാരനായ തൊഴിലാളിയെ ജോലി നല്‍കാമെന്നു പറഞ്ഞ് വിളിച്ചുകൊണ്ടുപോയി പിക്കാസ് കൊണ്ട് കുത്തിക്കൊലപ്പെടുത്തുകയും പെട്രോളൊഴിച്ചു കത്തിക്കുകയും ദൃശ്യം സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്ത കേസില്‍ അറസ്റ്റിലായ ശംഭുലാല്‍ റെഗര്‍ എന്ന രാജസ്ഥാന്‍ സ്വദേശി ജയിലില്‍ നിന്നു ചിത്രീകരിച്ച രണ്ടു വീഡിയോകള്‍ പുറത്തുവന്നു. ജയിലിലെ സുരക്ഷാവീഴ്ച വ്യക്തമാക്കുന്നതാണ് ശംഭുലാലിന് ഫോണ്‍ സൗകര്യവും വീഡിയോ ചിത്രീകരിക്കുന്നതിന് അവസരം ലഭിച്ചിരിക്കുന്നതും. ജിഹാദികള്‍ക്കെതിരേയാണ് ജയിലില്‍ നിന്ന് പിടിച്ച വീഡിയോ എന്നും ശ്രദ്ധേയമാണ്. ജിഹാദികള്‍ക്കെതിരേ ഹിന്ദുക്കള്‍ ഒന്നിക്കണമെന്നാണ് എഴുതിതയ്യാറാക്കിയ വിദ്വേഷ പ്രസംഗത്തില്‍ പറയുന്നത്. മറ്റൊരു വീഡിയോയില്‍ തന്റെ ജീവന് ഭീഷണിയുണ്ടെന്നും ഇയാള്‍ പറയുന്നു. ഹിന്ദു സ്ത്രീകള്‍ക്കെതിരേയുള്ള ഭീഷണികള്‍ ഞാന്‍ സഹിക്കില്ല. എന്റെ ജീവിതം ഞാന്‍ നശിപ്പിച്ചതിലും ഖേദിക്കുന്നില്ല. എന്നാല്‍ ഞാനും അവളും തമ്മില്‍ അവിഹിത ബന്ധമുണ്ടെന്ന് നിയമവും മാധ്യമങ്ങളും പ്രചരിപ്പിച്ചതില്‍ തനിക്ക് ദുഖമുണ്ടെന്നും ശംഭുലാല്‍ പറയുന്നു. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുമായി ശംഭുലാലിനുണ്ടായിരുന്ന ബന്ധം തകര്‍ന്നതാണ് ക്രൂരകൃത്യത്തിലേക്ക് അയാളെ നയിച്ചിരുന്നതെന്ന് വാര്‍ത്തകളുണ്ടായിരുന്നു. അതിനിടെ അതീവ സുരക്ഷയുള്ള ജയിലില്‍ ശംഭുലാല്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിനെക്കുറിച്ച് അന്വേഷിക്കാന്‍ ആഭ്യന്തരമന്ത്രി ഗുലാബ് ചന്ദ് കടാരിയ പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here