ന്യൂഡല്‍ഹി: പൊതുമേഖലാ ബാങ്കുകളില്‍ നിന്ന് 11300 കോടി രൂപ വായ്പയിനത്തില്‍ വെട്ടിച്ച ശേഷം ഇന്ത്യ വിട്ട ശതകോടീശ്വരന്‍ ജ്വല്ലറി വ്യവസായി നീരവ് മോഡിക്കു പിന്നാലെ 800 കോടി രൂപയുടെ തട്ടിപ്പ് നടത്തി റോട്ടോമാക് പെന്‍ വ്യാപാരി വിക്രം കോതാരി രാജ്യം വിടുമെന്ന് വാര്‍ത്ത. അതേസമയം റിപോര്‍ട്ട് വിക്രം കോതാരി തള്ളി. താന്‍ കാണ്‍പൂര്‍ സ്വദേശിയാണെന്നും ഇവിടെ തന്നെ കാണുമെന്നുമാണ് അദ്ദേഹം പറഞ്ഞത്. കാണ്‍പൂരില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ പേരില്‍ അലഹബാദ് ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, യൂനിയന്‍ ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങിയ അഞ്ചോളം പൊതുമേഖല ബാങ്കുകളില്‍ നിന്നാണ് വിക്രം കോതാരി 800 കോടി രൂപ വായ്പയെടുത്തത്. ഇന്ത്യ വിടുമെന്ന വാര്‍ത്ത നിഷേധിച്ച വിക്രം കോതാരി വ്യാപാര ആവശ്യത്തിന് താന്‍ വിദേശ യാത്രകള്‍ നടത്താറുണ്ടെന്നും വ്യക്തമാക്കി. മുംബൈ ആസ്ഥാനമായ യൂനിയന്‍ ബാങ്കില്‍ നിന്ന് 485 കോടി രൂപയും കൊല്‍ക്കത്ത ആസ്ഥാനമായ അലഹബാദ് ബാങ്കില്‍ നിന്ന് 352 കോടിയും വായ്പയെടുത്തിരുന്നു. എന്നാല്‍ ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത് വര്‍ഷമൊന്നു കഴിഞ്ഞിട്ടും മുതലോ പലിശയോ അടക്കാന്‍ കമ്പനി തയ്യാറായിട്ടില്ല.

 

LEAVE A REPLY

Please enter your comment!
Please enter your name here