ന്യൂഡല്‍ഹി: കഞ്ചാവിന്റെ ഗുണങ്ങള്‍ പഠിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫിസിന്റെ നിര്‍ദേശം. രാജ്യത്തു കഞ്ചാവ് നിയമവിധേയമാക്കണം എന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ്, ആരോഗ്യ മന്ത്രാലയത്തിനു പ്രധാനമന്ത്രിയുടെ ഓഫിസ് (പിഎംഒ) നിര്‍ദേശം നല്‍കിയത്. ഒരു മാസത്തിനകം മറുപടി നല്‍കണമെന്നു പിഎംഒ ആവശ്യപ്പെട്ടതായി ദേശീയ മാധ്യമമാണു റിപ്പോര്‍ട്ടു ചെയ്തത്.

രാജ്യത്തു കഞ്ചാവ് ഉപയോഗം നിയമവിധേയമാക്കണം എന്നാവശ്യപ്പെട്ട് ‘ദ് ഗ്രേറ്റ് ലീഗലൈസേഷന്‍ മൂവ്‌മെന്റ്’ സ്ഥാപക നേതാവ് വിക്കി വറോറ മോദിക്കു കത്തെഴുതിയിരുന്നു. തുടര്‍ന്നാണു പ്രധാനമന്ത്രിയുടെ ഓഫിസ് ഇക്കാര്യത്തില്‍ ഇടപെട്ടത്. ഒരു മാസത്തിനകം പരിശോധന പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ലെങ്കില്‍ ഇടക്കാല റിപ്പോര്‍ട്ട് നല്‍കണമെന്നും മോദിയുടെ ഓഫിസ് നിര്‍ദേശിച്ചിട്ടുണ്ട്.

കഞ്ചാവ് നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളില്‍ മൂന്നുമാസമായി ഈ സംഘം പ്രതിഷേധ പരിപാടികള്‍ നടത്തുന്നുണ്ട്. 16 നഗരങ്ങളിലായി നൂറിലേറെ സജീവ പ്രവര്‍ത്തകര്‍ സംഘടനയ്ക്കുണ്ട്; ലോകമാകെ 25,000 പേര്‍. 2014 ല്‍ പ്രവര്‍ത്തനം ആരംഭിച്ചതുമുതല്‍ ആയിരത്തിലേറെ രോഗികളെ സഹായിക്കാനായെന്നു വിക്കി വറോറ പറഞ്ഞു.

പുരാണങ്ങളില്‍ പോലും പരാമര്‍ശിക്കപ്പെടുന്ന ചെടി നിയമവിധേയമാക്കണം എന്നാണ് ഇവരുടെ ആവശ്യം. ആരോഗ്യ, വ്യവസായിക മേഖലകളില്‍ കഞ്ചാവ് കൂടുതല്‍ ഉപയോഗിക്കപ്പെടണം. രാജ്യം കഞ്ചാവിന്റെ ഗുണങ്ങള്‍ താമസിയാതെ മനസ്സിലാക്കുമെന്നാണു പ്രതീക്ഷയെന്നു വിക്കി വറോറ അഭിപ്രായപ്പെട്ടു. പാര്‍ലമെന്റില്‍ ആവശ്യമായ നിയമഭേദഗതി വരുത്തണമെന്നും സംഘടന ആവശ്യപ്പെടുന്നുണ്ട്.

കഞ്ചാവ് വളര്‍ത്തല്‍ നിയമ വിധേയമാക്കണമെന്ന ആവശ്യവുമായി കഴിഞ്ഞദിവസം യോഗ ഗുരു ബാബ രാംദേവിന്റെ പതഞ്ജലി കമ്പനി രംഗത്തെത്തിയിരുന്നു. ലഹരിമരുന്നു മാത്രമല്ല, നിരവധി ആയുര്‍വേദ ഔഷധക്കൂട്ടുകളുടെ ചേരുവയിലൊന്നാണു കഞ്ചാവെന്ന് ആയുര്‍സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ടെന്നു കാട്ടി പതഞ്ജലി കമ്പനി സിഇഒ ബാലകൃഷ്ണയാണ് രംഗത്തെത്തിയത്.

1985 മുതലാണ് ഇന്ത്യയില്‍ കഞ്ചാവ് വില്‍പന നിരോധിച്ചത്. എന്നാല്‍ മറ്റു പല രാജ്യങ്ങളിലും ഔഷധാവശ്യത്തിനായി കഞ്ചാവ് വളര്‍ത്തുന്നതു നിയമവിധേയമാണ്. ഔഷധക്കൂട്ടിനായി കഞ്ചാവ് ഉപയോഗിക്കുന്നതു വിഷാംശങ്ങള്‍ പൂര്‍ണമായും നീക്കം ചെയ്ത ശേഷമായിരിക്കണമെന്നാണ് പതഞ്ജലി കമ്പനി നേതൃത്വത്തിന്റെ അഭിപ്രായം.

കഞ്ചാവ് നിയമവിധേയമാക്കണമെന്നു നേരത്തേ കേന്ദ്രമന്ത്രി മനേകാ ഗാന്ധിയും ആവശ്യപ്പെട്ടിരുന്നു. യുഎസ് ഉള്‍പ്പെടെയുള്ള വികസിത രാജ്യങ്ങളില്‍ ലഹരി ഉപയോഗം കുറയ്ക്കാന്‍ കഞ്ചാവ് നിയമവിധേയമാക്കിയ നടപടി വിജയകരമാണെന്നാണു ഇതിനായി മനേകാ ഗാന്ധി ചൂണ്ടിക്കാട്ടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here