റിയാദ്: പ്രവാസ ജീവിതം സമ്മാനിച്ച കൊടിയ ദുരിതത്തിലൊടുവില്‍ പ്രവാസ ജീവിതത്തില്‍ നിന്നും മോചനം നേടി അഞ്ചംഗ മലയാളി കുടുംബം നാട്ടിലേക്ക് തിരിച്ചു. പക്ഷാഘാതം പിടിപെട്ടു കിടപ്പിലായി ജീവിതത്തിന്റെ രണ്ടറ്റവും തമ്മില്‍ മുട്ടിക്കാന്‍ പ്രയാസപ്പെട്ട തൃശൂര്‍ ചാവക്കാട് സ്വദേശി അഷ്‌റഫുംകുടുംബവുമാണ് സാമൂഹ്യ പ്രവര്‍ത്തകരുടെ കാരുണ്യത്താല്‍ നാട്ടിലേക്ക് തിരിച്ചത്.

കഴിഞ്ഞ എട്ടു വര്‍ഷമായി അഷ്‌റഫും കുടുംബവും റിയാദിലായിരുന്നു. അസീസിയ ദാറുല്‍ ബൈദയില്‍ താമസിച്ചിരുന്ന ഇവര്‍ കുടുംബ നാഥന്റെ പക്ഷാഘാതത്തോടെ തീര്‍ത്തും ഒറ്റപ്പെടുകയായിരുന്നു. ശിഫയിലെ ഒരു കമ്പനിയില്‍ സെയില്‍സ്മാനായിരുന്നു അഷ്‌റഫ്. കമ്പനി സാധനങ്ങള്‍ വിവിധ കടകളില്‍ ഇറക്കി കൊടുക്കുന്ന ജോലിയായിരുന്നു. കടകളിലേക്ക് ആവശ്യമുള്ള സാധനങ്ങള്‍ സാധാരണ സെയില്‍സ്മാന്‍മാര്‍ ചെയ്യുന്നത് പോലെ കടമായിട്ടായിരുന്ന് ഇറക്കി കൊടുത്തിരുന്നത്. എന്നാല്‍ നിതാഖാതും സാമ്പത്തിക പ്രതിസന്ധിയും ഉടലെടുത്തതോടെ നിരവധി കടകള്‍ പൂട്ടുകയും പ്രവര്‍ത്തനം അവസാനിപ്പിക്കുകയും ചെയ്തു. ഇതോടെ ഈ കടങ്ങള്‍ മുഴുവന്‍ അഷ്‌റഫിന്റെ ചുമലില്‍ എഴുതപ്പെടുകയായിരുന്നു. ഏകദേശം ഒന്നര ലക്ഷത്തോളം രൂപയാണ് ഇത്തരത്തില്‍ കമ്പനിയിലേക്ക് അഷ്‌റഫ് നല്‍കാനുണ്ടായിരുന്നത്.

കടം കുമിഞ്ഞുകൂടിയതോടെ മാനസികമായി തളര്‍ന്ന അഷ്‌റഫിന് പക്ഷാഘാതം പിടിപെടുകയായിരുന്നു. ചികിത്സക്കൊടുവില്‍ രോഗം ഭേദമായെങ്കിലും അതേ കമ്പനിയില്‍ പാക്കിങ് വിഭാഗത്തില്‍ തുച്ഛമായ ശമ്പളത്തില്‍ ജോലി ചെയ്യുകയും ചെയ്തു. പക്ഷെ, കടയുടമ ശമ്പളം മുഴുവന്‍ കുടിശികയിലേക്ക് വകയിരുത്തുകയും മാസത്തില്‍ മുന്നൂറ് റിയാല്‍ മാത്രം ചിലവിലേക്കായി നല്‍കുകയും ചെയ്തു. കുട്ടികളുടെ വിദ്യാഭ്യാസം, ചികിത്സ, ജീവിതച്ചിലവ് എന്നിവ മൂലം ജീവിതം ആകെ കുഴഞ്ഞു മറിഞ്ഞു. രണ്ടു വര്‍ഷത്തോളം ഇതേ അവസ്ഥയില്‍ തുടര്‍ന്നെങ്കിലും കുടുംബത്തെ നാട്ടിലേക്കയക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല.ഇതിനിടയില്‍ വീണ്ടും രോഗം പിടികൂടി. പണമില്ലാത്തതിനാല്‍ ചികിത്സയും മുടങ്ങി.

ഈയവസരത്തിലാണ് റിയാദ് ‘കേളി’ സംഭവം അറിഞ്ഞു പ്രശ്‌നത്തില്‍ ഇടപെടുന്നത്. കേളി ജീവകാരുണ്യ വിഭാഗത്തിന്റെ കഠിന ശ്രമത്തെ തുടര്‍ന്ന് ആശുപത്രിയില്‍ അടിയന്തിര ചികിത്സ തരപ്പെടുത്തി. ഒടുവില്‍ മക്കളുടെ അവധി കഴിഞ്ഞ പാസ്‌പോര്‍ട്ട് പോലും പുതുക്കി കമ്പനിയുമായി ചര്‍ച്ച ചെയ്തതിനെ തുടര്‍ന്ന് കടബാധ്യത എഴുതി തള്ളിയതോടെയാണ് നാട്ടിലേക്ക് പോകാനുള്ള വാതില്‍ തുറന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here