മയാമി: മലയാളികള്‍ ഏറെ ഇഷ്ടപ്പെട്ട ഒരു കലാരൂപമാണ് നാടകം. ഒരു കാലഘട്ടത്തിന്റെ കലാ സാഹിത്യ രാഷ്ട്രീയ സംവേദന മാധ്യമായിരുന്നു നാടകങ്ങള്‍.

ആധുനിക ദൃശ്യമാധ്യമങ്ങളുടെ ശക്തമായ വരവോടുകൂടി നാടക കലയ്ക്ക് മങ്ങലേറ്റുവെങ്കിലും അന്നും, ഇന്നും ഈ കലയെ സ്‌നേഹിക്കുന്ന ഒരുപാട് പ്രവാസി മലയാളികള്‍ അമേരിക്കയിലുണ്ട്.

ഫ്‌ളോറിഡയിലെ വെസ്റ്റ് പാംബീച്ച് മുതല്‍ മയാമി വരെയുള്ള മൂന്ന് കൗണ്ടികളിലെ മലയാള നാടകകലയെ ഇഷ്ടപ്പെടുന്ന കലാകാരന്മാരും, നാടകാസ്വാദകരും കൂടി ചേര്‍ന്ന് രൂപംകൊടുത്ത സംഗമിത്ര തീയേറ്റേഴ്‌സിന്റെ ബാനറില്‍ ഈവര്‍ഷം അരങ്ങിലെത്തിക്കുന്ന നാടകമാണ് ‘നീതിസാഗരം’.

സൗത്ത് ഫ്‌ളോറിഡയിലെ കലാപ്രതിഭകള്‍ അരങ്ങിലും അണിയറയിലുമായി പ്രവര്‍ത്തിക്കുന്ന ഈ സംഗീത, ഹാസ്യ, നൃത്തനാടകം സൗത്ത് ഫ്‌ളോറിഡയിലെ മുഴുവന്‍ മലയാളി സമൂഹത്തിന്റേയും സഹകരണത്തോടുകൂടി ഏപ്രില്‍ ഏഴാം തീയതി വൈകുന്നേരം 7 മണിക്ക് കൂപ്പര്‍ സിറ്റി ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടത്തപ്പെടും.

ഈ നാടകത്തിന്റെ ടിക്കറ്റ് വിതരണോദ്ഘാടനം ഡേവി നഗരത്തിലുള്ള ക്‌നാനായ കമ്യൂണിറ്റി സെന്ററില്‍ വച്ചു ദേശീയവും, പ്രാദേശികവുമായ മലയാളി സംഘടനാ ഭാരവാഹികളുടേയും, പ്രതിനിധികളുടേയും മഹനീയ സാന്നിധ്യത്തില്‍ നടന്നപ്പോള്‍ അതില്‍ ഫോമ, ഫൊക്കാന, ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ്, എസ്.എം.സി.സി, ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് സൗത്ത് ഫ്‌ളോറിഡ, നവകേരള അസോസിയേഷന്‍, കൈരളി ആര്‍ട്‌സ് ക്ലബ്, ഡ്രംലവേഴ്‌സ് ഓഫ് ഫ്‌ളോറിഡ, ക്‌നാനായ കമ്യൂണിറ്റി അസോസിയേഷന്‍ ഓഫ് സൗത്ത് ഫ്‌ളോറിഡ എന്നിവര്‍ പങ്കുചേര്‍ന്നു.

ഐ.എന്‍.ഒ.സി നാഷണല്‍ വൈസ് പ്രസിഡന്റ് ഡോ. മാമ്മന്‍ സി. ജേക്കബ്, ഫൊക്കാന ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ജോര്‍ജി വര്‍ഗീസ്, എസ്.എം.സി.സി നാഷണല്‍ ട്രഷറര്‍ ജോസ് സെബാസ്റ്റ്യന്‍, കേരള സമാജം സെക്രട്ടറി പത്മകുമാര്‍ നായര്‍, നവകേരള എക്‌സിക്യൂട്ടീവ് കമ്മിറ്റി മെമ്പര്‍ കുര്യാക്കോസ് പൊടിമറ്റം, കൈരളി ആര്‍ട്‌സ് ക്ലബ് പ്രസിഡന്റ് ഏബ്രഹാം കളത്തില്‍, ഡ്രംലവേഴ്‌സ് ഫ്‌ളോറിഡ പ്രസിഡന്റ് ജോസ്മാന്‍ കരേടന്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

ഈ നാടകത്തിന്റെ മെഗാ സ്‌പോണ്‍സര്‍മാരായി ജോസ് തോമസ് സി.പി.എയും, ഉല്ലാസ് കുര്യാക്കോസും ആദ്യ ടിക്കറ്റ് ബാബു കല്ലിടുക്കിലിന്റേയും, നോയല്‍ മാത്യുവിന്റേയും പക്കല്‍ നിന്ന് ഏറ്റുവാങ്ങി ഉദ്ഘാടനം നിര്‍വഹിച്ചു.

ജോയി കുറ്റിയാനി സ്വാഗതവും ബാബു കല്ലിടുക്കില്‍ നന്ദിയും രേഖപ്പെടുത്തി. ഉദ്ഘാടന പരിപാടികള്‍ക്ക് റോബിന്‍സ് ജോസ്, ബിജു ഗോവിന്ദന്‍കുട്ടി, വിനോദ് കുമാര്‍ നായര്‍, സഞ്ജയ് നടുപ്പറമ്പില്‍, നിക്‌സണ്‍ ജോസഫ്, റീനു ജോണി, അനുപമ ജയ്പാല്‍, ജോണ്‍സണ്‍ മാത്യു, ജിനോയ് വി. തോമസ്, ഷിബു ജോസഫ്, അജി വര്‍ഗീസ്, ചാര്‍ലി പൊറത്തൂര്‍, ജിസ്‌മോന്‍ ജോയി, ഡേവിസ് വര്‍ഗീസ്, ശ്രീജിത്ത് കാര്‍ത്തികേയന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here