ന്യൂഡല്‍ഹി: പഞ്ചാബ് നാഷനല്‍ ബാങ്ക് തട്ടിപ്പു കേസ് റിപ്പോര്‍ട്ട് ചെയ്തതിന് ഒരാഴ്ച്ചയ്ക്ക് ഇപ്പുറം മൗനം വെടിഞ്ഞു പ്രധാനമന്ത്രി നരേന്ദ്ര മോദി. സാമ്പത്തിക തട്ടിപ്പുനടത്തുന്നവര്‍ക്കെതിരായി ശക്തമായ നടപടിയുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. പൊതുധനം കൊള്ളയടിക്കുന്നവര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയെടുക്കും. ഇക്കണോമിക് ടൈംസ് സംഘടിപ്പിച്ച ആഗോള ബിസിനസ് ഉച്ചകോടിയില്‍ സംസാരിക്കവേയാണ് മോദിയുടെ പ്രതികരണം.

നീരവ് മോദി 11,400 കോടിയുടെ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ പ്രധാനമന്ത്രിയുടെ മൗനത്തോട് രൂക്ഷമായ പ്രതികരണമാണുണ്ടായിരുന്നത്. രാഹുല്‍ ഗാന്ധി അടക്കമുള്ളവര്‍ പ്രധാനമന്ത്രിയുടെ മൗനത്തോട് രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ത്തിയിരുന്നത്. സാമ്പത്തികതട്ടിപ്പുകള്‍ ചെയ്യുന്നവര്‍ക്കെതിരെ ശക്തമായ നടപടിയാണ് ഈ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളതെന്നും അതിനിയും തുടരുമെന്നും മോദി വ്യക്തമാക്കി.

വജ്രവ്യാപാരിയായ നീരവ് മോദിയും ഇയാളുടെ ബന്ധവും ബിസിനസ് പങ്കാളിയുമായ മെഹുല്‍ ചൗക്‌സിയും ചേര്‍ന്ന് പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും 11,000 കോടി രൂപ തട്ടിയെടുത്തതാണ് പി.എന്‍.ബി കേസ്. അതിനിടെ, കേസില്‍ മെഹുല്‍ ചോക്‌സിയുടെ 1200 കോടി രൂപയുടെ സ്വത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി.

ചോക്‌സിയുടെ സ്ഥാപനമായ ഗീതാഞ്ജലി ജെംസിനു ഹൈദരാബാദ് പ്രത്യേക സാമ്പത്തികമേഖലയിലുള്ള വസ്തുവകകളാണു കണ്ടുകെട്ടിയത്. ചോക്‌സിയുടേതും നീരവ് മോദിയുടേതുമായി 94.5 കോടി രൂപയുടെ മ്യൂച്വല്‍ ഫണ്ട്, ഓഹരി നിക്ഷേപങ്ങള്‍ മരവിപ്പിക്കുകയും ചെയ്തു. ഇതില്‍ 86.72 കോടിയുടെ നിക്ഷേപവും ചോക്‌സിയുടേതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here