പാലക്കാട്: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടത്തിന്റെ മര്‍ദനമേറ്റ് ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. വനംവകുപ്പ് ജീവനക്കറിയാതെ ആര്‍ക്കും വനത്തിനുള്ളിലേക്ക് പ്രവേശിക്കാനാകില്ലെന്നും ചെന്നിത്തല പറഞ്ഞു.

അതേസമയം പോസ്റ്റ്മോർട്ടത്തിന് ശേഷം മധുവിന്റെ മൃതദേഹം അഗളിയിലെത്തിച്ചു. മധുവിനെ മര്‍ദ്ദിച്ചു കൊന്നതാണെന്ന വാദം ശരിവച്ച്‌ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.  മരണകാരണം ആന്തരിക രക്തസ്രാവം മൂലമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. തലയ്ക്കേറ്റ ഗുരുതര ക്ഷതമാണ് മരണകാരണമായത്.  മധുവിന്റെ നെഞ്ചിലും മര്‍ദ്ദനമേറ്റതായും റിപ്പോര്‍ട്ടിലുണ്ട്. ഇത് സാധൂകരികരിക്കുന്ന പാടുകളും നെഞ്ചില്‍ കണ്ടെത്തി. മര്‍ദ്ദനത്തില്‍ വാരിയെല്ല് തകര്‍ന്നു.

അവശനിലയിലായ മധുവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോള്‍ പൊലീസ് ജീപ്പില്‍ വച്ച്‌ ഛര്‍ദ്ദിച്ചിരുന്നു. തലയിലുണ്ടായ ക്ഷതം കാരണമാണ് മധു ഛര്‍ദ്ദിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നതോടെ പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്താന്‍ വഴിയൊരുങ്ങി.

തൃശൂര്‍ മെഡിക്കല്‍ കോളേജ് ഫോറന്‍സിക് വിഭാഗം മേധാവി ഡോ. ബലറാമിന്റെ നേതൃത്വത്തിലായിരുന്നു പോസ്റ്റ്മോര്‍ട്ടം നടപടികള്‍. പൊലീസിന്റെ കൂടി സാന്നിദ്ധ്യത്തില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടം പൂര്‍ണമായും കാമറയില്‍ പകര്‍ത്തിയിട്ടുണ്ട്.

വ്യാഴാഴ്ച വൈകുന്നേരമാണ് കടുകുമണ്ണ ആദിവാസി ഊരിലെ മധുവിനെ നാട്ടുകാര്‍ കടകളില്‍ നിന്ന് സാധനങ്ങള്‍ മോഷ്ടിക്കുന്നുവെന്ന് ആരോപിച്ച് മര്‍ദ്ദിച്ചത്. മാനസികസ്വാസ്ഥ്യമുള്ള മധു ഏറെക്കാലമായി ഊരിന് പുറത്താണ് താമസിച്ചിരുന്നത്. കാട്ടിനുള്ളില്‍ നിന്ന് പിടികൂടിയ മധുവിനെ അവിടെ വെച്ചു തന്നെ മര്‍ദ്ദിച്ചു. ഉടുത്തിരുന്ന കൈലി മുണ്ട് അഴിച്ച് കൈയ്യില്‍ കെട്ടിയ ശേഷമായിരുന്നു നാട്ടുകാരുടെ ക്രൂരത. പിന്നീട് മുക്കാലിയില്‍ കൊണ്ടുവരികയും ഇയാള്‍ മോഷ്ടിച്ചതെന്ന് പറയുന്ന അരിയും മഞ്ഞള്‍ പൊടിയും പോലുള്ള സാധനങ്ങള്‍ എടുത്തുകൊണ്ടുവരികയും ചെയ്തു. നാട്ടുകാര്‍ ഏറെ നേരം മര്‍ദ്ദിച്ച ശേഷമാണ് ഇയാളെ പൊലീസിന് കൈമാറിയത്. പൊലീസ് എത്തി വാഹനത്തില്‍ കയറ്റിയപ്പോഴേക്കും മധു ഛര്‍ദ്ദിച്ചു. പിന്നീട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ നാട്ടുകാരില്‍ ഒരാള്‍ പകര്‍ത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. സംഭവം അത്യന്തം അപലപനീയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. പിന്നീട് സംഭവത്തില്‍ പ്രതിഷേധിച്ച് മധുവിന്റെ മൃതദേഹവുമായി പോയ ആംബുലന്‍സ് നാട്ടുകാര്‍ തടഞ്ഞു. യഥാര്‍ത്ഥ കുറ്റവാളികളെ അറസ്റ്റ് ചെയ്യുന്നതുവരെ പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ സമ്മതിക്കില്ലെന്ന് പറഞ്ഞാണ് ആംബുലന്‍സ് തടഞ്ഞത്. പിന്നീട് പൊലീസ് ഇടപെട്ട് പ്രതിഷേധക്കാരെ അനുനയിപ്പിച്ച ശേഷം മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളെജിലേക്ക് കൊണ്ടുപോയെങ്കിലും സമയം വൈകിയതിനാല്‍ പോസ്റ്റ്‌മോര്‍ട്ട് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചതായി ഡിജിപി ഇന്നലെ അറിയിച്ചു. തൃശൂര്‍ ഐജിക്കാണ് അന്വേഷണ ചുമതല കൈമാറിയിരിക്കുന്നതെന്നും അദേഹം അറിയിച്ചു. മധുവിന്റെ മരണത്തില്‍ മജിസ്‌ട്രേറ്റ്തല അന്വേഷണം നടത്തുമെന്നാണ് മന്ത്രി എ.കെ ബാലന്‍ പറഞ്ഞത്. മണ്ണാര്‍ക്കാട് മജിസ്‌ട്രേറ്റിനാണ് അന്വേഷണ ചുമതല.

LEAVE A REPLY

Please enter your comment!
Please enter your name here