ഫ്‌ളോറിഡ: ഫാല്‍ക്കണ്‍ ഹെവി സ്‌പേസ് എക്‌സ് വിക്ഷേപിച്ച എലന്‍ മസ്‌കിന്റെ ഇലക്ട്രിക് കാര്‍ ടെസ്‌ല റോഡ്സ്റ്റര്‍ തകര്‍ന്നു വീണേക്കുമെന്ന് ശാസ്ത്രജ്ഞര്‍. എന്നാല്‍ സമീപഭാവിയില്‍ ഒന്നും തന്നെ അതിനു സാധ്യതയില്ല. ആയിരക്കണക്കിനു വര്‍ഷങ്ങള്‍ക്കു ശേഷം.

ഭൂമിയിലോ ശുക്രനിലോ തകര്‍ന്നു വീഴാനാണു സാധ്യതയെന്ന് ടെസ്‌ലയെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെട്ടു. ലക്ഷ്യം തെറ്റിയ ടെസ്‌ല ചൊവ്വയില്‍ എത്തില്ലെന്നാണ് ശാസ്ത്രജ്ഞന്‍മാരുടെ പക്ഷം. ശുക്രനേയും ചുറ്റി സൂര്യന്റെ അടുത്തേക്കു നീങ്ങിയാല്‍ കത്തിച്ചാമ്പലാകാനും സാധ്യതയുണ്ട്.

എന്നാല്‍ ഭയപ്പെടാനില്ലെന്നും തകര്‍ന്നു വീഴാന്‍ ചെറിയ സാധ്യതയേ ഉള്ളു എന്നുമാണ് ശാസ്ത്രജ്ഞരുടെ അഭിപ്രായം. ഭൂമിയില്‍ അത് ആറു ശതമാനവും ശുക്രനില്‍ 2.5 ശതമാനവും മാത്രമാണ്.

എന്നാല്‍ ടെസ്‌ലയ്ക്ക് തകര്‍ന്നു വീഴാന്‍ ഏറ്റവും നല്ല സ്ഥലം ഭൂമിയാണെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. ഓരോ 30 വര്‍ഷം കൂടുംതോറും ടെസ്‌ല ഭൂമിയ്ക്കു നേര്‍രേഖയില്‍ വരുമെങ്കിലും 2091ല്‍ ഭൂമിയോടു ചേര്‍ന്നുവരും.

ടെസ്‌ല എന്നാല്‍

ലോകത്തെ ആദ്യത്തെ ബഹിരാകാശ സ്‌പോര്‍ട്‌സ് കാറായ ടെസ്‌ല കഴിഞ്ഞയാഴ്ചയാണ് അമേരിക്കയിലെ കേപ് കനവറിലുള്ള കെന്നഡി സ്‌പെയ്‌സ് സെന്ററില്‍നിന്ന് ഫാല്‍ക്കണ്‍ ഹെവി റോക്കറ്റില്‍ പറന്നുയര്‍ന്നത്. ലോകത്തെ ഏറ്റവും കരുത്തേറിയ റോക്കറ്റില്‍ കയറ്റിവിട്ട കാര്‍ ബഹിരാകാശത്ത് ഏകാന്ത്രയാത്ര നടത്തുകയാണ്.

ചൊവ്വയുടെ ഭ്രമണപഥത്തിലെത്തുക എന്നതാണ് ലക്ഷ്യം. 1,305 കിലോ ആണ് കാറിന്റെ ഭാരം. ഇതിനൊപ്പം 6,000 സ്‌പെയ്‌സ് എക്‌സ് ജീവനക്കാരുടെ പേരടങ്ങിയ ഫലകം, ശാസ്ത്ര നോവലിസ്റ്റ് ഐസക് അസിമോവിന്റെ കൃതികളുടെ ഡിജിറ്റല്‍ പതിപ്പ് എന്നിവയും സ്ഥാപിച്ചിട്ടുണ്ട്. കാറിന്റെ സര്‍ക്യൂട്ട് ബോര്‍ഡില്‍ ‘ഇതു നിര്‍മിച്ചതു മനുഷ്യരാണ് ‘ എന്ന സന്ദേശവും പതിച്ചിട്ടുണ്ട്.

ഫാല്‍ക്കണ്‍ ഹെവി സ്‌പേസ് എക്‌സ്

ലോകത്തെ ഏറ്റവും ശക്തമായ റോക്കറ്റാണ് ഫാല്‍ക്കണ്‍ ഹെവി. സ്‌പേസ് എക്‌സ് എന്ന കമ്പനിയാണ് നിര്‍മാതാക്കള്‍.

ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററിലായിരുന്നു റോക്കറ്റിന്റെ വിക്ഷേപണം. 63,500 കിലോഗ്രാം ഭാരമുള്ള ചരക്ക് ഭൂമിക്ക് പുറത്തെത്തിക്കാനുള്ള ശേഷി ഫാല്‍ക്കണ്‍ ഹെവിക്കുണ്ട്.

27 എന്‍ജിനുകള്‍ വിക്ഷേപണത്തിന് ഉപയോഗിച്ചു. പുനരുപയോഗത്തിന് സാധിക്കുന്ന മൂന്നു ഭാഗങ്ങളും ഈ റോക്കറ്റിനുണ്ട്. 18 ബോയിങ് 747 വിമാനങ്ങള്‍ക്ക് തുല്യമായ 2500 ടണ്‍ ഊര്‍ജമാണ് റോക്കറ്റിന്റെ വിക്ഷേപണത്തിനായി എരിഞ്ഞു തീര്‍ന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here