ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്മാര്‍ട്ട് സിറ്റീസ് മിഷനില്‍ ഇന്ത്യന്‍ കമ്പനികളെ അവഗണിച്ച് അമേരിക്കന്‍ കമ്പനികള്‍ക്ക് കരാറുകള്‍ നല്‍കുന്നതിനു പിന്നില്‍ വന്‍ അഴിമതിയെന്ന് സീനിയര്‍ ഐഎഎസ് ഉദ്യോഗസ്ഥന്റെ ആരോപണം. ബഹുരാഷ്ട്ര കണ്‍സള്‍ട്ടന്‍സിയായ കെപിഎംജിയുടെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളിലെ അഴിമതി ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്കയച്ച കത്തിലാണ് ഐഎഎസ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍.

പേരുവെളിപ്പെടുത്തുന്നില്ലെങ്കിലും കേന്ദ്രസര്‍ക്കാരില്‍ ഡയറക്ടര്‍ പദവി വഹിക്കുന്ന ഐഎഎസ് ഉദ്യോഗസ്ഥനാണ് താന്‍ എന്ന് കത്തില്‍ പറയുന്നുണ്ട്. ലോകത്തിലെ ആദ്യ നാല് ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്‍സി നെറ്റ്‌വര്‍ക്കുകളില്‍ ഒന്നാണ് നെതര്‍ലാന്‍ഡ്‌സ് ആസ്ഥാനമായ കെപിഎംജി. ഈ കമ്പനിയുടെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളില്‍ അഴിമതി ആരോപിക്കുന്ന ഉദ്യോഗസ്ഥന്‍ ഇതിനു തെളിവായി ദുരൂഹമായ നിരവധി സംഭവങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
സര്‍ക്കാരിന്റെ സുപ്രധാന കരാറുകള്‍ അന്താരാഷ്ട്ര കമ്പനികള്‍ക്ക് നല്‍കാനായി സ്വാധീനം ഉപയോഗിക്കുന്നതായും കത്തില്‍ ആരോപിക്കുന്നു. ബരാക് ഒബാമ പ്രസിഡന്റായിരിക്കുമ്പോള്‍ അമേരിക്കന്‍ സര്‍ക്കാരില്‍ യുഎസ് ആന്‍ഡ് ഫോറിന്‍ കൊമേഴ്‌സ് സര്‍വീസിന്റെ ഡയറക്ടര്‍ ജനറല്‍ ആയിരുന്ന അരുണ്‍ കുമാറാണ് ഇപ്പോള്‍ കെപിഎംജി ഇന്ത്യയുടെ മേധാവി. ഇദ്ദേഹം അമേരിക്കന്‍ പൗരനാണ്. ഇയാള്‍ പ്രധാനമന്ത്രിയുടെ സ്മാര്‍ട്ട് സിറ്റീസ് മിഷന്‍ പദ്ധതിയിലടക്കം അമേരിക്കന്‍ കമ്പനികള്‍ക്ക് കരാറുകള്‍ നേടിക്കൊടുക്കാന്‍ സ്വാധീനം ഉപയോഗിക്കുന്നായും ആരോപണമുണ്ട്. ഇത് ഇന്ത്യന്‍ കമ്പനികളുടെ അവസരവും ഇന്ത്യക്കാരുടെ തൊഴിലവസരങ്ങളും ഇല്ലാതാക്കുന്നു.

കമ്പനിക്ക് അനുകൂലമായ നടപടി സ്വീകരിക്കുന്നതിനുള്ള ഉപകാര സ്മരണയായി ഐഎഎസ് ഉദ്യോഗസ്ഥരുടെ മക്കള്‍ക്കും ബന്ധുക്കള്‍ക്കും കമ്പനിയില്‍ ജോലി നല്‍കുന്നുവെന്നും കത്തില്‍ പറയുന്നു. ഇക്കാര്യങ്ങള്‍ അന്വേഷിച്ച് നടപടിയെടുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട് ഐഎഎസ് ഉദ്യോഗസ്ഥന്‍ കത്തിലൂടെ ആവശ്യപ്പെടുന്നു.

കമ്പനിയിലെ ഉന്നത പദവിയില്‍ ബന്ധുക്കളുള്ള ഒന്‍പത് സീനിയര്‍ ഉദ്യോഗസ്ഥരുടെ വിവരങ്ങളും കത്തിലുണ്ട്. ഇതില്‍ പലരും കേന്ദ്ര സര്‍ക്കാര്‍ സുപ്രധാന സ്ഥാനങ്ങളില്‍ അവരോധിച്ചവരാണ്. മോഡിയുടെ സ്മാര്‍ട്ട് സിറ്റീസ് മിഷനില്‍ പ്രധാന ചുമതലയുള്ള ഒരു ഉദ്യോഗസ്ഥനും ഈ ലിസ്റ്റിലുണ്ട്. ബഹുരാഷ്ട്ര കമ്പനികളില്‍ ഇങ്ങനെ ജോലി തരപ്പെടുത്തുന്നത് 40 കോടി രൂപയില്‍ കുറയാത്ത കൈക്കൂലി നല്‍കുന്നതിനു തുല്യമാണെന്നും കത്തില്‍ പറയുന്നു.

ഒരു ഉദ്യോഗസ്ഥന് കമ്പനി നേരിട്ട് കോഴ വാഗ്ദാനം ചെയ്തതായും കത്തില്‍ സൂചിപ്പിക്കുന്നു. ഉദ്യോഗസ്ഥന്‍ ഇത് നിരസിച്ചെങ്കിലും കമ്പനിയുടെ അനുയായികളായ സീനിയര്‍ ഉദ്യോഗസ്ഥരുടെ പ്രതികാരനടപടികള്‍ ഭയന്ന് ഇത് റിപ്പോര്‍ട്ട് ചെയ്യാന്‍ തയ്യാറായില്ല. കത്തില്‍ സൂചിപ്പിക്കുന്ന വിഷയങ്ങളിലെ അഴിമതി സംബന്ധിച്ച് അന്വേഷണം നടത്തി ഉചിതമായ നടപടികള്‍ സ്വീകരിക്കണഴമന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് കത്ത് അവസാനിക്കുന്നത്.

ഐഎഎസ് ഉദ്യോഗസ്ഥന്റേതായി പുറത്തുവന്ന കത്തിലെ ആരോപണങ്ങള്‍ വളരെ ഗുരുതരമാണ്. കത്തിനെക്കുറിച്ച് പ്രധാനമന്ത്രിയുടെ ഓഫിസിന്റെ പ്രതികരണം തേടിയെങ്കിലും ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്നാണ് ഇത് വാര്‍ത്തയാക്കിയ കാരവന്‍ മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കെപിഎംജി കണ്‍സള്‍ട്ടന്‍സി ആരോപണങ്ങള്‍ നിഷേധിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here