തൃശൂര്‍:മക്കള്‍ വിവാദങ്ങള്‍ സംസ്ഥാന സമ്മേളനത്തില്‍ ഏശിയില്ല, സിപിഐഎമ്മിന്റെ അമരത്തെ ചെങ്കൊടിയേന്താന്‍ വീണ്ടും കോടിയേരി ബാലകൃഷ്ണന്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ അകമഴിഞ്ഞ പിന്തുണയുമാണു കോടിയേരിക്കു സെക്രട്ടറി സ്ഥാനത്ത് രണ്ടാമൂഴം ഉറപ്പാക്കിയത്.

ഒരു ഊഴം പൂര്‍ത്തിയാക്കിയ അദ്ദേഹത്തെ ഇന്നു സമാപിക്കുന്ന സംസ്ഥാന സമ്മേളനം വീണ്ടും തിരഞ്ഞെടുക്കും. മറ്റൊരാളുടെ പേരും പാര്‍ട്ടിയുടെ പരിഗണനയിലില്ല. പരോക്ഷ പരാമര്‍ശങ്ങളൊഴിച്ചാല്‍ മക്കളുടെ വിവാദത്തിന്റെ പേരില്‍ അദ്ദേഹത്തിനെതിരെ പുറത്തുയര്‍ന്ന വിമര്‍ശനങ്ങളൊന്നും സമ്മേളനത്തില്‍ ഉന്നയിക്കപ്പെട്ടില്ല. ഒരേ പദവിയില്‍ മൂന്നു തവണ തുടരാമെന്നതാണു പാര്‍ട്ടി നയം.

ബിനോയി കോടിയേരി ഉള്‍പ്പെട്ട സാമ്പത്തികത്തട്ടിപ്പു കേസ് സമ്മേളനത്തിനു മുമ്പ് ഒത്തുതീര്‍പ്പാക്കാന്‍ കഴിഞ്ഞതും കോടിയേരിക്ക് സ്ഥാനം ഉറപ്പിക്കാന്‍ സാധിച്ചതിന് ഒരു കാരണമാണ്.

വി.എസ്.അച്യുതാനന്ദന്‍ സംസ്ഥാന സമിതിയിലെ ക്ഷണിതാവായി തുടര്‍ന്നേക്കും. ഒഴിവാകാനുള്ള താല്‍പര്യം വിഎസ് പ്രകടിപ്പിച്ചെങ്കിലേ മറിച്ചൊരു തീരുമാനമുണ്ടാകൂ. യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും പ്രാതിനിധ്യമുള്ളതാവും ഇന്നു തിരഞ്ഞെടുക്കപ്പെടുന്ന പുതിയ സംസ്ഥാന കമ്മിറ്റി. എണ്‍പതു കഴിഞ്ഞവര്‍ ഒഴിയണമെന്നും യുവപ്രാതിനിധ്യം ഉറപ്പാക്കണമെന്നും കേന്ദ്രനിര്‍ദേശമുണ്ട്. 87 അംഗ സംസ്ഥാന സമിതിയെയാണു കഴിഞ്ഞ സമ്മേളനം തിരഞ്ഞെടുത്തത്. ഇതില്‍ വി.വി.ദക്ഷിണാമൂര്‍ത്തിയുടെ വിയോഗത്തെ തുടര്‍ന്നുണ്ടായ ഒരൊഴിവുണ്ട്.

സംസ്ഥാനനേതൃത്വം അവതരിപ്പിക്കുന്ന പാനല്‍ പ്രതിനിധികള്‍ അംഗീകരിക്കാനാണു സാധ്യത. വിഭാഗീയത തലപൊക്കാത്തതിനാല്‍ എതിര്‍ പാനലിനു സാധ്യതയില്ല. സംസ്ഥാനസമിതിയിലേക്ക് 80 പേരെയാണു തെരഞ്ഞെടുക്കുക. നിലവില്‍ ക്ഷണിതാക്കളടക്കം 89 അംഗങ്ങളാണു സമിതിയിലുള്ളത്. ഇവരില്‍ രണ്ടുപേര്‍ മരിച്ചു. ചിലരെ പ്രായാധിക്യം മൂലം ഒഴിവാക്കും. യുവാക്കളുടെയും വനിതകളുടെയും പ്രാതിനിധ്യം ഉയര്‍ത്തുന്നതിന്റെ ഭാഗമായി സംസ്ഥാനസമിതി അംഗങ്ങളുടെ എണ്ണം 87 വരെ വര്‍ധിപ്പിക്കാനും സാധ്യതയുണ്ട്.

ഏപ്രിലിലെ ഹൈദരാബാദ് പാര്‍ട്ടി കോണ്‍ഗ്രസിനുള്ള 150 സംസ്ഥാനപ്രതിനിധികളെയും സമ്മേളനം തെരഞ്ഞെടുക്കും. തുടര്‍ന്ന് തെരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കി പുതിയ സെക്രട്ടറി പ്രതിനിധിയോഗത്തെ അഭിസംബോധന ചെയ്യും. സംസ്ഥാനസമ്മേളനത്തിനു പരിസമാപ്തി കുറിച്ച് ചുവപ്പുസേനാ മാര്‍ച്ചും പൊതുസമ്മേളനവും വൈകിട്ടു നടക്കും. ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിനാണു ചുവപ്പുസേനാ മാര്‍ച്ച്.

LEAVE A REPLY

Please enter your comment!
Please enter your name here