കണ്ണൂര്‍: മട്ടന്നൂര്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബ് വധവുമായി ബന്ധപ്പെട്ട് അക്രമിസംഘം ഉപയോഗിച്ചിരുന്ന വാഹനം കണ്ടെത്തി. പൊലിസ് വാഹനം കസ്റ്റഡിയിലെടുത്തു. വളപ്പട്ടണം പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നാണ് വാഹനം കസ്റ്റഡിയിലെടുത്തത്. സ്റ്റേഷന്‍ പരിധിയിലെ അരോളിയിലെ വീട്ടില്‍ നിന്നാണ് വെള്ള നിറത്തിലുള്ള വാഗണ്‍ ആര്‍ കാര്‍ പൊലിസ് കണ്ടെത്തിയത്. വാടകയ്ക്ക് നല്‍കുന്ന കാറാണിത്. പാപ്പിനിശ്ശേരി അരോളി സ്വദേശി യു. പ്രശോഭിന്റേതാണ് കാര്‍. ഇന്നലെ അറസ്റ്റിലായ കെ. അഖില്‍ ആണ് കാര്‍ വാടകയ്‌ക്കെടുത്തത്. കൃത്യം നടത്തിയ ശേഷം 14ന് രാവിലെ പ്രതികള്‍ കാര്‍ തിരിച്ചുനല്‍കുകയായിരുന്നു.

ശുഹൈബ് കൊല്ലപ്പെട്ട ദിവസം ഈ കാര്‍ മട്ടന്നൂര്‍ ഭാഗത്തുള്ള വ്യക്തിക്ക് നല്‍കിയിരുന്നതായി പൊലിസിന് വിവരം ലഭിച്ചിരുന്നു. കേസില്‍ അറസ്റ്റിലായ ആകാശ് തില്ലങ്കേരി തളിപ്പറമ്പിലെ ഒരു സുഹൃത്ത് വഴിയാണ് കാര്‍ ഏര്‍പ്പാടാക്കിയതെന്ന് പൊലിസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here