Home / വിനോദം / സിനിമ / ഈ പ്രേമം മനോഹരം

ഈ പ്രേമം മനോഹരം

പ്രേമം പൈങ്കിളിയാണ്. അത് എക്കാലത്തും അങ്ങനെയൊക്കെ തന്നെയാണ്. മലയാള സിനിമയും എന്നൊക്കെ പ്രേമം പ്രമേയമാക്കിയോ അതില്‍ ഭൂരിഭാഗവും പൈങ്കിളിയായി വെറും ക്ലീഷേകളുടെ തടവില്‍ ഒതുങ്ങിപ്പോയി. 2000 ത്തിന് ശേഷം മലയാളിക്ക് ഓര്‍ത്തുവക്കാന്‍ ഒരു ക്ലാസ്‌മേറ്റ്‌സുണ്ട്. നൊസ്റ്റാള്‍ജിയെ പകര്‍ന്ന ക്ലാസ്‌മൈറ്റ്‌സ് ഒഴിച്ചുനിര്‍ത്തിയാല്‍ ഇക്കഴിഞ്ഞ 15 വര്‍ഷത്തിനിടയില്‍ കാമ്പസ് നൊസ്റ്റാള്‍ജിയയും പ്രേമവും നിറഞ്ഞ നല്ല പ്രണയചിത്രങ്ങള്‍ വളരെ കുറവാണ്. ആ കുറവിന് ഒരു പരിഹാരമായി ലോക സിനിമ ചരിത്രത്തില്‍ പുതുമയൊന്നുമില്ലാത്ത രണ്ടാമത്തെ മലയാള ചിത്രം എന്ന പ്രഖ്യാപനവുമായി പ്രേമം എന്ന സിനിമയെത്തിയിരിക്കുന്നു. പേരും പ്രമേയവും പ്രേമമായതുകൊണ്ട് തന്നെ അമിതപ്രതീക്ഷകളുടെ ചുമട് ഒഴിവാക്കാന്‍ ഈ പ്രഖ്യാപനം നന്നായി ഉപകരിക്കും.

നേരം എന്ന സര്‍പ്രൈസ് ഹിറ്റ് സമ്മാനിച്ച അല്‍ഫോണ്‍സ് പുത്രന്‍ രണ്ട് വര്‍ഷത്തിന് ശേഷം വീണ്ടുമൊരു മെയ് മാസത്തില്‍ അതേ നിവിന്‍ പോളിയും ടീമുമായി പ്രേമവുമായി എത്തുമ്പോള്‍ ആ പ്രതീക്ഷയ്ക്ക് അല്പം പോലും മങ്ങലേറ്റിയിട്ടില്ല. പ്രേമം എന്ന വികാരത്തിലൂടെ ഒരിക്കലെങ്കിലും കടന്നുപോയ ഏതൊരാള്‍ക്കും പഴയ ആ ഓര്‍മ്മകളിലൂടെ ഒന്നുകൂടി കടന്നുപോകാന്‍ പ്രേമം ഒരു നിമിത്തമാകും. വേനല്‍ചൂടിനോട് വിടപറഞ്ഞ് മഴയെ വരവേല്‍ക്കാന്‍ ഒരുങ്ങുന്ന മലയാളിയുടെ മനസ്സില്‍ ഒരു കുളിര്‍മഴയായി ഈ പ്രേമം നിറയും. കഥയില്‍ പുതുമ ഇല്ലെങ്കിലും കഥ പറച്ചിലില്‍ പുതുമയുണ്ടായാല്‍ പോലും പ്രേക്ഷകര്‍ അത് ഏറ്റെടുക്കും അത് ഉറപ്പ്. സംശയമുണ്ടെങ്കില്‍ പ്രേമയത്തിന്റെ ബോക്‌സ് ഓഫീസ് ജാതകം ഇനിയങ്ങോട്ട് പരിശോധിച്ചാല്‍ മതിയാകും.

കഴിഞ്ഞ 15 വര്‍ഷക്കാലത്തിനിടെ ജോര്‍ജ് ഡേവിഡ് എന്ന യുവാവിന്റെ ജീവിതത്തിലെ മൂന്നു പ്രണയകാലങ്ങളിലൂടെയാണ് അല്‍ഫോണ്‍സ് പുത്രന്റെ പ്രേമം സഞ്ചരിക്കുന്നത്. മൊബൈല്‍ ഫോണിന്റെ ആവിര്‍ഭാവത്തിന് മുമ്പ് നാട്ടിന്‍പുറങ്ങളില്‍ പൊട്ടിവിടര്‍ന്ന പ്രണയത്തിന്റെ നേര്‍ക്കാഴ്ച പകരുന്ന ആദ്യകാലം. കോളജ് ജീവിതത്തിലെ സഹൃദവും റാഗിങ്ങും, കാന്റീന്‍ വെടിവെട്ടങ്ങളും, സംഘര്‍ഷവും നിറയുന്ന യൗവനകാലം. സ്വപ്‌നങ്ങള്‍ മാത്രം കണ്ടകാലത്ത് നിന്ന് സ്വന്തം തൊഴിലുമായി ഉത്തരവാദിത്വത്തിലേക്ക് ചുരുങ്ങുന്ന മൂന്നാം ഘട്ടം. ഈ മൂന്നുകാലത്തും ജോര്‍ജിന് ഓരോ പ്രണയങ്ങളുണ്ട്.

Premam_2

 

പ്രീഡിഗ്രി വിദ്യാര്‍ഥിയായ ജോര്‍ജിന്റെ(നിവിന്‍ പോളി) ഉറ്റചങ്ങാതികളാണ് കോയ(കൃഷ്ണശങ്കര്‍) ശംഭു(ശബരീഷ് വര്‍മ) എന്നിവര്‍. നേരത്തിലെ മാണിക്ക് തന്നെയാണ് ഈ കോയ. ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥിനിയായ മേരിയോട്(അനുപമ പരമേശ്വരന്‍) ജോര്‍ജിന് അനുരാഗം തോന്നുന്നു. അത് പ്രകടിപ്പിക്കാനുള്ള ബദ്ധപ്പാടുകള്‍, സൈക്കിളിലെ പിന്തുടരല്‍, ബസ് സ്റ്റോപ്പിലെ കാത്തിരിപ്പ്, പ്രണയലേഖനം അങ്ങനെ പഴയതലമുറയുടെ എല്ലാ പ്രണയകാഴ്ചകളും ഒരു നൊസ്റ്റാള്‍ജിയയായി ഈ ഘട്ടത്തില്‍ മുന്നിലെത്തുന്നു. ഈ പ്രണയകാലത്തില്‍ ഒരു പാലത്തിന് പോലും കഥാപാത്രത്തോളം പ്രാധാന്യമുണ്ട്.

ജോര്‍ജിന്റെ അടുത്ത കാലം കോളജ് ജീവിതം. അവിടെ മലര്‍ എന്നൊരു അധ്യാപിക കൊടൈക്കനാലില്‍ നിന്ന് ഗസ്റ്റ് ലക്ചററായി പഠിപ്പിക്കാന്‍ എത്തുന്നു. ജോര്‍ജിന്റെ മനസ് ക്രമേണ മലറിലേക്ക് കുടിയേറുന്നു. കോയയും ശംഭുവും ചങ്ങാതിമാരായി അപ്പോഴും കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥികളായി ജോര്‍ജിനൊപ്പമുണ്ട്. മേരിയുടെ മനസ്സ് കീഴടക്കാന്‍ നടന്നകാലത്തേത് പോലെ ഇവിടെയും കഥാനായകനെ കൂടാതെ നായികയ്ക്കായി പ്രണയമോഹവുമായി മറ്റ് ചിലരുണ്ട്.

ഇന്ന് അവന്റെ ജീവിതം ഒരു ബേക്കറി കം കോഫി ഷോപ്പ് ഉടമയുടെ രൂപത്തിലാണ് കാണുന്നത്. വിദ്യാര്‍ഥിയില്‍ നിന്ന് ഒരു സ്ഥാപന ഉടമയിലേക്കുള്ള മേക്കോവറും പക്വതയും ആര്‍ജ്ജിച്ച കഥാപാത്രമായി ജോര്‍ജ് മാറി. അവിടെ കേക്ക് വാങ്ങാനെത്തുന്ന സെലിന്‍ എന്ന കഥാപാത്രം ജോര്‍ജിന് പുതിയ ചില പ്രതീക്ഷകള്‍ നല്‍കുന്നു. മേരിയും മലരും സെലിനും. നായികമാര്‍ മൂന്നെങ്കിലും നായകന് ജീവിത പങ്കാളി ആര്. ആകാംക്ഷ നിറഞ്ഞ ആ ചോദ്യത്തിനുള്ള ഉത്തരത്തിലാണ് പ്രേമം അവസാനിക്കുന്നത്.

Premam_3

 

സച്ചിന് അഞ്ജലി പോലെ, ഫഹദിന് നസ്രിയ പോലെ പ്രണയത്തിന് പ്രായം പ്രശ്‌നമല്ലെങ്കിലും ജാതിയോ മതമോ ഒന്നും ചര്‍ച്ചചെയ്ത് അല്‍ഫോണ്‍സ് പുത്രന്റെ പ്രേമം ക്ലീഷേയായി പോകുന്നില്ല. ഒരു നല്ല പണിക്കാരന്റെ കൈയില്‍ ഏത് കഥ കിട്ടിയാലും അതില്‍ പണിക്കുറ്റം കുറവായിരിക്കും എന്നതിന്റെ അടയാളമാണ് പ്രേമവും അതില്‍ ഈ സംവിധായകന്‍ പുലര്‍ത്തുന്ന കൈയടക്കവും. രണ്ടാമതായി നിവിന്‍ പൊളി. തൊട്ടതെല്ലാം പൊന്നാക്കി മുന്നേറുന്ന നിവിന്‍ ഒരു മിനിമം ഗാരന്റിയുള്ള നടനിലേക്കുള്ള പടവുകളാണ് പിന്നിടുന്നത്. ഒരു പ്രീഡിഗ്രിക്കാരന്‍ പയ്യനായും പരുക്കനായ കോളജ് വിദ്യാര്‍ഥിയായും കടയുടമയും അവിടുത്തെ ജോലിക്കാരനുമായുള്ള മൂന്നുകാലങ്ങള്‍ അത് മേക്കോവറിലായാലും ഭാവപ്രകടനങ്ങളിലാലും നിവിന്‍ പുലര്‍ത്തുന്ന മികവ് പറയാതെ വയ്യ. സിനിമ തിരഞ്ഞെടുക്കുന്നതില്‍ കാണിക്കുന്ന സൂക്ഷമത തന്നെയാണ് നിവിനെ നിവിനാക്കുന്നത്. നിവിനും നാട്ടിലെ ഒരു പറ്റം സുഹൃത്തുക്കളും ഈ സിനിമയില്‍ പലരംഗങ്ങളിലായി വന്നുപോകുന്നുണ്ട്.

രചനയും സംവിധാനവും എഡിറ്റിങ്ങും അങ്ങനെ മൂന്നു വേഷങ്ങള്‍ കൂടാതെ കഥാന്ത്യത്തില്‍ ഒരു കഥാപാത്രമായി തന്നെ അല്‍ഫോണ്‍സ് പുത്രന്‍ സിനിമയില്‍ രംഗപ്രവേശം ചെയ്യുന്നുണ്ട്. സംവിധായകന്‍ പറഞ്ഞതുപോലെ ഇതില്‍ യുദ്ധമില്ല പ്രണയവും കുറച്ചുതമാശകളും മാത്രമേയുള്ളൂ.

ബുദ്ധിജീവി ഡയലോഗുകളില്ല. കൃത്രിമത്വം തോന്നുന്ന ഒരു സീന്‍ പോലുമില്ല, കപടനാട്യങ്ങളെക്കാള്‍ സംഭാഷണത്തിലും ദൃശ്യങ്ങളും പ്രേമം ടീം പുലര്‍ത്തുന്ന സത്യസന്ധതയ്ക്ക് എത്ര മാര്‍ക്ക് കൊടുത്താലും മതിയാകില്ല. സംവിധായകന്‍ ജൂഡ് ആന്റണിയുടെ കഥാപാത്രം, വിനയ് ഫോര്‍ട്ടിന്റെ അധ്യാപക വേഷം, ഒറ്റ സീനില്‍ മാത്രം പ്രത്യക്ഷപ്പെടുന്ന രഞ്ജി പണിക്കറുടെ കഥാപാത്രം, പ്രിന്‍സപ്പലായെത്തുന്ന മണിയന്‍പിള്ള രാജു, സുബിന്‍, കിച്ചു അങ്ങനെ എല്ലാവരും അവരവരുടെ വേഷങ്ങള്‍ ഭംഗിയാക്കി.

Premam_4

 

ഒരേ സിനിമയില്‍ ഒന്നല്ല മൂന്നു നായികമാരെ അനുപമ പരമേശ്വരന്‍, സായ് പല്ലവി(മലര്‍ എന്ന കഥാപാത്രം), മഡോണ(സെലിന്‍) അവതരിപ്പിച്ച് മൂന്നു മികച്ച അഭിനേതാക്കളായി തന്നെ പരുവപ്പെടുത്തിയിരിക്കുന്നു. അഭിനയത്തിന്റെ കാര്യമെടുത്താല്‍ മലറിനെ അവതരിപ്പിച്ച സായ് പല്ലവി ഒരു പടിമുന്നില്‍ നില്‍ക്കുന്നു. അതിന് ആ കഥാപാത്രത്തിന്റെ പ്രാധാന്യവും സാധ്യതകളും ഒരു ഘടകമാണ്. മൂന്നു നായികമാരില്‍ ഏറ്റവും കൂടുതല്‍ കൈയടി കിട്ടുന്നതും മലരിനാണ്. നോട്ടം കൊണ്ട് പോലും പ്രേക്ഷകരുടെ മനംകവരുന്ന അവര്‍ നൃത്തച്ചുവടുകള്‍ കൊണ്ടും അമ്പരപ്പിക്കുന്നു. ചെരിച്ചിട്ട തലമുടിയുമായി അനുപമ അഭിനയിച്ച ആലുവപ്പുഴയുടെ തീരത്ത് എന്ന ഗാനം സിനിമയ്ക്ക് ഓളം പകരുന്നു. ആനന്ദ് സി ചന്ദ്രന്‍ ഒപ്പിയെടുത്ത ദൃശ്യങ്ങളാണ് സിനിമയുടെ ഹൈലൈറ്റ്. അത്ര മോഹിപ്പിക്കുന്ന കാഴ്ചകള്‍ കൊണ്ട് സമ്പന്നമാണ് ഇതിലെ ദൃശ്യങ്ങള്‍.

പറന്നുനടക്കാന്‍ പറ്റാത്ത പൂക്കളാണ് പൂമ്പാറ്റകളായി മാറുന്നതെന്ന് ചിത്രത്തിന്റെ അന്ത്യത്തില്‍ ഒരു കൂട്ടിച്ചേര്‍ക്കലുമുണ്ട്. നേരത്തില്‍ സമയമാണ് രൂപകമെങ്കില്‍ ഇവിടെ അത് പൂമ്പാറ്റകളാണ്. റിയലിസ്റ്റിക്കായും സിനിമാറ്റിക്കായും മാറിമറിയുന്ന ആഖ്യാനശൈലിയാണ് സിനിമയുടെ രസവേഗം.

Premam_5

 

ശബരീഷ് വര്‍മ്മയുടെ വരികളും രാജേഷ് മുരുകേശന്റെ ഈണങ്ങളും പശ്ചാത്തലസംഗീതവും സിനിമയ്ക്ക് നല്ല മൂഡ് പകരുന്നു. എല്ലാ ചേരുവകളും കൃത്യമായ അളവില്‍ ചേര്‍ന്നാലെ ഒരു നല്ല സദ്യയുണ്ടാകൂ. അതാണ് ഈ സിനിമയിലും കാണാനാകുന്നത്. സന്ദര്‍ഭത്തിനൊത്ത് വരുന്ന തമാശകളും ഉചിതമായ സമയത്ത് വരുന്ന ഗാനങ്ങളും സിനിമയെ രസാവഹമാക്കുന്നു. ട്രീറ്റ്‌മെന്റുകൊണ്ടും സിനിമ വിജയിക്കും എന്നതിന് പ്രേമം വീണ്ടും ഉദാഹരണമാകുന്നു. ഒരു ന്യൂനതയെങ്കിലും എടുത്തുപറയണം എന്നുണ്ടെങ്കില്‍ സിനിമയുടെ ദൈര്‍ഘ്യം പറയാം. രണ്ട് മണിക്കൂര്‍ 45 മിനിറ്റാണ് ദൈര്‍ഘ്യം.

Check Also

വിമാനത്തിന്റെ പുതിയ പോസ്റ്റര്‍

പൃഥ്വിരാജിനെ നായകനാക്കി നവാഗതനായ പ്രദീപ് നായര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് വിമാനം.ക്രിസ്മസ് റിലീസായി എത്തുന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തെത്തി. …

Leave a Reply

Your email address will not be published. Required fields are marked *