france-attack-2.jpg.image.784.410

അരാസ് (ഫ്രാൻസ്)∙ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനുള്ളിൽ ആക്രമണം നടത്താൻ ശ്രമിച്ച ആയുധധാരിയായ യുവാവിനെ ട്രെയിൻ യാത്രികരായ യുഎസ് സ്വദേശികൾ കീഴടക്കി. വടക്കൻ ഫ്രാൻസിലെ അരാസ് റയിൽവെ സ്റ്റേഷൻ സമീപമാണ് സംഭവം. യുവാവിനെ അരാസ് സ്റ്റേഷനിലെത്തിച്ച് പൊലീസിന് കൈമാറി. ഇയാൾ മൊറോക്കോ സ്വദേശിയാണെന്നാണ് സൂചന. ബ്രസൽസിൽ നിന്നാണ് ഇയാൾ ട്രെയിനിൽ കയറിയതെന്നു കരുതുന്നു. എകെ 47 തോക്കും, ഓട്ടോമാറ്റിക് പിസ്റ്റളും, കത്തിയും വെടിയുണ്ടകളും ഉൾപ്പെടെയുള്ള ആയുധങ്ങളുമായാണ് ഇയാൾ പാരിസിലേക്കുള്ള അതിവേഗ ട്രെയിനിൽ ആക്രമണം നടത്താൻ ശ്രമിച്ചത്. കേസ് ഭീകരവാദ വിരുദ്ധ സേന ഏറ്റെടുത്തു.

ആക്രമണത്തിൽ ട്രെയിൻ യാത്രികരായ മൂന്നു പേർക്ക് പരുക്കേറ്റു. ഇവരിൽ രണ്ടു പേരുടെ നില ഗുരുതരമാണെന്നാണ് സൂചന. ഒരാൾക്ക് വെടിയേറ്റും രണ്ടാമന് കത്തി കൊണ്ടുമാണ് പരുക്കേറ്റത്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. ഇത് ഭീകരാക്രമണത്തിനുള്ള ശ്രമമായിരുന്നുവെന്ന് ബെൽജിയം പ്രധാനമന്ത്രി ചാൾസ് മൈക്കൽ അറിയിച്ചു.

 

അതിനിടെ, ഇന്റലിജൻസ് വൃത്തങ്ങൾക്ക് പരിചിതനായ വ്യക്തിയാണ് ആക്രമണം നടത്താൻ ശ്രമിച്ചതെന്ന് ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് െചയ്തു. ഇയാൾ അരാസ് പൊലീസിന്റെ ചോദ്യംചെയ്യലിനോട് പ്രതികരിക്കാൻ കൂട്ടാക്കിയിട്ടില്ല. അതേസമയം, ആക്രമണ ശ്രമം തടയുന്നതിനായി അവസരോചിതമായി ഇടപെട്ട യുഎസ് പൗരൻമാരുൾപ്പെടെയുള്ള യാത്രികരെ പ്രസിഡന്റ് ബറാക് ഒബാമ അഭിനന്ദിച്ചു. വൻ ദുരന്തമാണ് ഇവരുടെ മനഃസാന്നിധ്യം മൂലം ഒഴിവായതെന്ന് വൈറ്റ് ഹൗസ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറഞ്ഞു.

france-attack-1.jpg.image.784.410

LEAVE A REPLY

Please enter your comment!
Please enter your name here