india-pakistan-flag.jpg.image.784.410

 

ന്യൂഡൽഹി ∙ ഇന്ത്യാ – പാക്ക് ദേശീയ സുരക്ഷാ ഉപദേഷ്ടാക്കൾ (എൻഎസ്എ) തമ്മിലുള്ള ചർച്ചയിൽ നിന്നു പാക്കിസ്ഥാൻ പിന്മാറി. കശ്മീർ വിഘടനവാദികളായ ഹുറീയത് നേതാക്കളുമായി പാക്ക് സുരക്ഷാ ഉപദേഷ്ടാവ് ചർച്ച നടത്താൻ പാടില്ലെന്നും ഇന്ത്യാ – പാക്ക് ചർച്ചയിൽ കശ്മീർ വിഷയം ഉന്നയിക്കാനാകില്ലെന്നും വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് വ്യക്തമാക്കിയ സാഹചര്യത്തിലാണ് പിന്മാറ്റം. ചർച്ചയ്ക്കായി ഇന്ത്യ ഉപാധികൾ വയ്ക്കുന്നത് അംഗീകരിക്കാനാകില്ലെന്നു പറഞ്ഞാണ് പാക്കിസ്‌ഥാന്റെ നടപടി.

ചർച്ച സംബന്ധിച്ച് ഇന്ത്യയുടെ നിലപാടിനോടുള്ള പ്രതികരണം ഇന്നലെ അർധരാത്രിക്കകം നൽകാൻ സുഷമ ആവശ്യപ്പെട്ടിരുന്നു. രാത്രി ഒൻപതു മണിയോടെയാണ് പാക്കിസ്‌ഥാൻ പിന്മാറ്റം അറിയിച്ചത്.കശ്മീർ വിഘടനവാദികളായ ഹുറീയത് നേതാക്കളുമായി ചർച്ച നടത്താനുള്ള നീക്കം പാക്കിസ്ഥാൻ ഉപേക്ഷിച്ചില്ലെങ്കിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ ചർച്ച സാധ്യമല്ലെന്നു സുഷമാ സ്വരാജ് നിലപാടു വ്യക്തമാക്കിയിരുന്നു.

ഭീകരവാദം ഒഴികെയുള്ള വിഷയങ്ങളൊന്നും എൻഎസ്എ ചർച്ചയിൽ ഉന്നയിക്കാൻ അനുവദിക്കില്ലെന്നും സുഷമ മാധ്യമ സമ്മേളനത്തിൽ അറിയിച്ചു. കശ്മീർ വിഷയം ചർച്ച ചെയ്യണമെന്നു പാക്ക് സുരക്ഷാ ഉപദേഷ്ടാവ് സർതാജ് അസീസ് ഇസ്‌ലാമാബാദിൽ നടത്തിയ മാധ്യമ സമ്മേളനത്തിൽ ആവശ്യപ്പെട്ടതിനു മറുപടി നൽകുകയായിരുന്നു സുഷമ.

ഹുറീയത്തിനെ ചർച്ചകളുടെ ഭാഗമാക്കാനുള്ള പാക്ക് നീക്കം ഷിംല കരാറിനു വിരുദ്ധമാണെന്നു സുഷമ പറഞ്ഞു. ഇന്ത്യാ – പാക്ക് ചർച്ചകളിൽ മൂന്നാം കക്ഷിയെ ഉൾപ്പെടുത്താനാകില്ലെന്ന ഷിംല കരാർ മാനിക്കാൻ പാക്കിസ്ഥാനു ബാധ്യതയുണ്ട്. സർതാജ് അസീസുമായുള്ള കൂടിക്കാഴ്ചയ്ക്കായി ഡൽഹിയിലെത്തിയ കശ്മീർ വിഘടനവാദി നേതാക്കളായ ഷാബിർ ഷാ, മുഹമ്മദ് അബ്ദുല്ല താരി, സമീർ അഹമ്മദ് ഷെയ്ഖ് എന്നിവരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു വീട്ടുതടങ്കലിലാക്കിയിരുന്നു.

കശ്മീർ ഉൾപ്പെടെയുള്ള വിഷയങ്ങളെല്ലാം ചർച്ച ചെയ്യണമെന്നായിരുന്നു ധാരണയെന്ന സർതാജ് അസീസിന്റെ വാദം സുഷമ ഖണ്ഡിച്ചു.റഷ്യയിലെ ഉഫയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും പാക്ക് പ്രധാനമന്ത്രി നവാസ് ഷരീഫും രേഖാമൂലമുണ്ടാക്കിയ ധാരണയനുസരിച്ചു നടത്തേണ്ട മൂന്നു ചർച്ചകളിൽ എൻഎസ്എ തല ചർച്ചയിൽ ഭീകരവാദമായിരിക്കും വിഷയമെന്നു വ്യക്തമാക്കിയിരുന്നു.

ഉഭയകക്ഷി സമഗ്ര ചർച്ചകൾക്കായി അന്തരീക്ഷമൊരുക്കാൻ പ്രാഥമികമായി മൂന്നു ചർച്ചകൾ നടത്താനായിരുന്നു തീരുമാനം. ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളായ അജിത് ഡോവലും സർതാജ് അസീസും തമ്മിലുള്ള ചർച്ചയ്ക്കു പുറമേ അതിർത്തി സമാധാന വിഷയത്തിൽ ബിഎസ്എഫിന്റെയും പാക്ക് അതിർത്തി രക്ഷാ സേനയായ റേഞ്ചേഴ്സിന്റെയും ഡയറക്ടർ ജനറൽമാർ തമ്മിലും വെടിനിർത്തൽ കരാർ ലംഘനങ്ങളെ കുറിച്ചു മിലിട്ടറി ഓപ്പറേഷൻസ് ഡയറക്ടർ ജനറൽമാർ തമ്മിലും ചർച്ചകൾ നിശ്ചയിച്ചിരുന്നു.

കശ്മീർ ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉഭയകക്ഷി സമഗ്ര ചർച്ചകളിൽ മാത്രമേ ഉൾപ്പെടുകയുള്ളുവെന്നും സുഷമാ സ്വരാജ് വ്യക്തമാക്കി.

ഉഫയിലുണ്ടാക്കിയ ധാരണ അട്ടിമറിക്കാനും ഭീകരവാദത്തെ കുറിച്ചുള്ള ചർച്ച ഒഴിവാക്കാനും പാക്കിസ്ഥാൻ ആസൂത്രിത ശ്രമങ്ങൾ നടത്തിവരികയായിരുന്നെന്നും സുഷമ ആരോപിച്ചു. എൻഎസ്എ തല ചർച്ച ഉപേക്ഷിക്കാൻ ഇന്ത്യയ്ക്കകത്തു നിന്നു തന്നെ സമ്മർദ്ദം സൃഷ്ടിക്കുന്ന നടപടികളാണ് പാക്കിസ്ഥാന്റെ ഭാഗത്തു നിന്നുണ്ടായത്.
ഉഫ കൂടിക്കാഴ്ചയ്ക്കു ശേഷം ഇന്ത്യാ – പാക്ക് അതിർത്തിയിൽ 91 തവണ വെടിനിർത്തൽ കരാർ ലംഘിക്കപ്പെട്ടു.

ഗുർദാസ്പുരിലും ഉധംപൂരിലുമുണ്ടായ ഭീകരാക്രമണങ്ങളും ചർച്ച അട്ടിമറിക്കാൻ വേണ്ടിയായിരുന്നു. കശ്മീർ വിഷയം ചർച്ച ചെയ്യണമെന്നും ഹുറീയത് നേതാക്കളെ കാണുമെന്നുമുള്ള നിലപാടുകളും ചർച്ച ഒഴിവാക്കാനുള്ള തന്ത്രമാണ്.

ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ ചർച്ചയിൽ പാക്ക് സഹായത്തോടെയുള്ള ഭീകരപ്രവർത്തനങ്ങളെ കുറിച്ചുള്ള ഏറെ തെളിവുകൾ ഇന്ത്യയ്ക്ക് അവതരിപ്പിക്കാനുണ്ടെന്നു ബോധ്യമുള്ളതിനാലാണ് ചർച്ചയിൽ നിന്നു പാക്കിസ്ഥാൻ ഒളിച്ചോടുന്നത്.

ഇന്ത്യയുടെ രഹസ്യാന്വേഷണ വിഭാഗമായ ‘റോ’ പാക്കിസ്ഥാനിൽ ഭീകരാക്രമണങ്ങൾ സംഘടിപ്പിക്കുന്നതിനു തെളിവുകളുണ്ടെന്ന സർതാജ് അസീസിന്റെ വാദം ഗൗരവത്തോടെയെടുക്കുന്നില്ലെന്നു സുഷമ പ്രതികരിച്ചു. ജീവനോടെ പിടിയിലായ പാക്ക് ഭീകരൻ മുഹമ്മദ് നവേദിനെ പാക്കിസ്ഥാനു മുന്നിൽ തെളിവായി അവതരിപ്പിക്കാൻ ഇന്ത്യയ്ക്കു കഴിയുമെന്നും സുഷമ തിരിച്ചടിച്ചു .

ഇന്ത്യാ – പാക്ക് ചർച്ചകൾ എക്കാലത്തും ദുർഘട പാതയിലൂടെയാണു നീങ്ങുന്നതെന്നും ഇടയ്ക്കിടെ മുടങ്ങുന്ന പതിവുണ്ടെന്നും സുഷമ പറഞ്ഞു. കാർഗിൽ യുദ്ധവും മുംബൈ ഭീകരാക്രമണവും ഇന്ത്യൻ സൈനികരുടെ ശിരസു ഛേദിച്ചതുമൊക്കെ ചർച്ചകൾ മുടങ്ങാൻ കാരണമായിട്ടുണ്ട്. ഒരിക്കൽ മുടങ്ങിയാൽ പിന്നീടു പുനരാരംഭിക്കുന്നതും സാധാരണമാണ്.

പാഠം 2 – തനിയാവർത്തനം

ന്യൂഡൽഹി∙ കേന്ദ്രത്തിൽ എൻഡിഎ സർക്കാർ അധികാരമേറ്റ ശേഷം ഇന്ത്യ–പാക്ക് ചർച്ചാശ്രമം പരാജയപ്പെടുന്നത് രണ്ടാം തവണ. കഴിഞ്ഞ തവണത്തെ സംഭവങ്ങളുടെ ആവർത്തനമാണ് ഇത്തവണയും സംഭവിച്ചത്.

കഴിഞ്ഞ വർഷം ഓഗസ്‌റ്റ് 25ന് ഇസ്‌ലാമാബാദിൽ വിദേശകാര്യ സെക്രട്ടറിതല ചർച്ചയാണ് ആദ്യം നിശ്ചയിച്ചിരുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്ഥാനാരോഹണച്ചടങ്ങിനെത്തിയ പാക്ക് പ്രധാനമന്ത്രി നവാസ് ഷരീഫുമായി ഡൽഹിയിൽ നടത്തിയ ചർച്ചയിലെ തീരുമാനപ്രകാരമായിരുന്നു വിദേശകാര്യ സെക്രട്ടറിതല ചർച്ച തീരുമാനിച്ചത്. എന്നാൽ വിഘടനവാദികളെ ചർച്ചയ്‌ക്കു വിളിച്ച പാക്ക് ഹൈക്കമ്മിഷനറുടെ നടപടിയെത്തുടർന്ന് അത് ഉപേക്ഷിക്കപ്പെട്ടു. ഇപ്പോൾ റഷ്യയിലെ മോദി – ഷരീഫ് കൂടിക്കാഴ്‌ചയാണ് ഡൽഹിയിലെ ചർച്ചയിലേക്കു വഴി തുറന്നത്. വിഘടനവാദികളെ മാറ്റിനിർത്താൻ പാക്കിസ്ഥാൻ തയാറാകാത്തതാണ് ഇത്തവണയും വിലങ്ങായത്.

LEAVE A REPLY

Please enter your comment!
Please enter your name here