South-Korean-Unification-Mi.jpg.image.784.410

സോള്‍ ∙ യുദ്ധത്തിലേക്ക് നീങ്ങിയിരുന്ന ഉത്തര-ദക്ഷിണ കൊറിയകള്‍ ഉന്നതതല ചർച്ചയ്ക്ക് തയാറായി. ഇതോടെ അതിർത്തിയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷത്തിന് നേരിയ അയവ് വന്നു. ഇതോടെ അതിര്‍ത്തിയില്‍ വിന്യസിച്ചിരുന്ന സൈന്യങ്ങള്‍ക്ക് നല്‍കിയ മുന്നറിയിപ്പ് പിന്‍വലിച്ചു. ഉത്തര കൊറിയയുടെ അന്ത്യശാസനം അവസാനിക്കുന്നതിന് മുമ്പാണ് അതിര്‍ത്തിഗ്രാമമായ പാന്‍മുജോമില്‍ ചര്‍ച്ചനടത്താന്‍ ധാരണയായത്.

ദക്ഷിണ കൊറിയന്‍ പ്രസിഡന്‍റിന്റെ സുരക്ഷാ ഉപദേഷ്ടാവ് ഉത്തര കൊറിയയുടെ ഉപപ്രധാനമന്ത്രി മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ കിം യോങ് ഗോന്‍ എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്. അടച്ചിട്ട മുറിയില്‍ നടന്ന ചര്‍ച്ചയുടെ വിശദാംശങ്ങള്‍ പുറത്തുവിടാന്‍ ഇരുകൂട്ടരും തയാറായിട്ടില്ല. എന്നാല്‍, ദക്ഷിണ കൊറിയ ചിത്രങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്.

ഉത്തര കൊറിയക്കെതിരായ പ്രചാരണങ്ങള്‍ തുടരുമെന്ന് ദക്ഷിണ കൊറിയന്‍ പ്രതിരോധമന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ചര്‍ച്ചയില്‍ ഉരുത്തിരിയുന്ന തീരുമാനം അനുസരിച്ച് പ്രചാരണം തുടരുകയോ അവസാനിപ്പിക്കുകയോ ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. സൈനിക മുക്ത പ്രദേശമായ പാന്‍മുജോമിലാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള സമാധാന ചര്‍ച്ചകള്‍ നടക്കാറുള്ളത്.

യുദ്ധസന്നദ്ധരായി ഒരുങ്ങിയിരിക്കാൻ സൈന്യത്തിന് ഉത്തരകൊറിയ ഏകാധിപതി കിങ് ജോങ് ഉൻ ഉത്തരവുനൽകിയിരുന്നു. കൊറിയൻ അതിർത്തിയിൽ മൈക്കിലൂടെ നടത്തുന്ന യുദ്ധാഹ്വാന സംപ്രേഷണം ദക്ഷിണകൊറിയ ശക്തമാക്കിയതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം മൂർച്ഛിച്ചത്. ലൗഡ് സ്പീക്കർ ആക്രമണം ശക്തമായതോടെ വ്യാഴാഴ്ച ഉത്തരകൊറിയ കനത്ത ഷെല്ലാക്രമണം നടത്തുകയായിരുന്നു. ദക്ഷിണകൊറിയയും തിരിച്ച് ഷെല്ലാക്രമണം നടത്തിയിരുന്നു. ഇത്തരത്തിൽ സംഘർഷം യുദ്ധത്തിലേക്ക് കടന്നേക്കുമെന്ന സൂചനയിലാണ് ഇരു പക്ഷവും ചർച്ചയ്ക്ക് തയാറായത്.

LEAVE A REPLY

Please enter your comment!
Please enter your name here