Salvatore-Girone-(centre-L).jpg.image.784.410

 

ഹാംബുർഗ്∙ കേരള തീരത്ത് രണ്ടു മൽസ്യത്തൊഴിലാളികളെ വെടിവച്ചു കൊലപ്പെടുത്തിയ കേസിലെ രാജ്യാന്തര ട്രൈബ്യൂണൽ വിധിയിൽ തിരിച്ചടി ഇറ്റലിക്കെന്ന് ഇന്ത്യ. കോടതി നടപടികൾ നിർത്തിവയ്ക്കാനാണ് ട്രൈബ്യൂണൽ പറഞ്ഞിരിക്കുന്നത്. ഇത് അംഗീകരിക്കുന്നു. ഇന്ത്യയിലുള്ള സാൽവത്തോറെ ജിറോണിനെ ഇറ്റലിയിലേക്ക് വിടണമെന്നായിരുന്നു ഇറ്റലിയുെട വാദം. അതിന് ട്രൈബ്യൂണൽ അനുമതി നൽകിയിട്ടില്ല. അന്തിമ വിധിവരുന്നത് വരെ അദ്ദേഹം ഇന്ത്യയിൽ തുടരും. ഇക്കാര്യം പരിശോധിച്ചാൽ മനസിലാകും വിധി ഇറ്റലിക്കാണ് തിരിച്ചടിയെന്ന്. രണ്ടാമത്തെ നാവികൻ ലസ്തോറെ മാസി മിലിയാനോ വൈദ്യസഹായത്തിനായി സുപ്രീം കോടതിയുടെ അനുമതിയോടെയാണ് ഇറ്റലിയിൽ നിൽക്കുന്നത്. – ഇന്ത്യൻ വിദേശകാര്യ വക്താവ് അറിയിച്ചു.

ഇറ്റലിയിലേയും ഇന്ത്യയിലേയും കോടതി നടപടികൾ നിർത്തിവയ്ക്കണമെന്നാണ് ഹാംബുര്‍ഗിലെ രാജ്യാന്തര ട്രൈബ്യൂണൽ വിധിച്ചത്. കേസ് അഞ്ചംഗ തർക്കപരിഹാര ട്രൈബ്യൂണലിന് വിടുകയും ചെയ്തു. ട്രൈബ്യൂണലിന് പരിഗണിക്കാൻ അധികാരമില്ലെന്ന ഇന്ത്യയുടെ വാദം തള്ളി. പുതിയ ഹർജികൾ സമർപ്പിക്കുന്നതിനും വിലക്കേർപ്പെടുത്തി.

കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ സെപ്റ്റംബർ 24ന് നൽകണം. ഇതോടെ കേസ് ഇനിയും നീണ്ടു പോകുമെന്ന് ഉറപ്പായി. കേസിൽ നാലുമാസത്തിനകം വാദം പൂര്‍ത്തിയാക്കാമെന്നായിരുന്നു ഇന്ത്യയുടെ നിലപാട്. കേസിൽ രാജ്യാന്തര ട്രൈബ്യൂണലിൽ ഭിന്നത രൂപപ്പെട്ടതോടെ അന്തിമ വിധി വരാൻ സമയമെടുക്കുമെന്നും വ്യക്തമായി. 15 പേർ അനുകൂലിച്ചപ്പോൾ ആറുപേർ എതിർത്തു.

കടലിലുണ്ടാകുന്ന വിഷയങ്ങളില്‍ വിവിധ രാജ്യങ്ങള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ തയാറാക്കിയ യുഎന്‍ ക്ലോസ് പ്രകാരമാണ് ഇറ്റലി രാജ്യാന്തര മധ്യസ്ഥത തേടിയത്. സംഭവം നടന്നത് രാജ്യാന്തര സമുദ്രാതിര്‍ത്തിയിലാണെന്നാണ് ഇറ്റലിയുടെ മുഖ്യവാദം. പ്രതികളായ മറീനുകളെ തര്‍ക്കം പരിഹരിക്കും വരെ ഇറ്റലിയില്‍ തങ്ങാന്‍ അനുവദിക്കണമെന്നും ഇന്ത്യയിലെ നിയമനടപടികള്‍ നിര്‍ത്തിവയ്ക്കണമെന്നും ട്രൈബ്യൂണലില്‍ ഇറ്റലി ആവശ്യപ്പെട്ടിരുന്നു.

സംഭവം നടന്ന് മൂന്നുവര്‍ഷം പിന്നിട്ടും കുറ്റപത്രം സമര്‍പ്പിക്കാന്‍ പോലും കഴിഞ്ഞില്ലെന്നും ഇറ്റലി ട്രൈബ്യൂണലില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ രാജ്യത്തെ നിയമനടപടികളെ ഇറ്റലി അവഹേളിച്ചുവെന്നാണ് ട്രൈബ്യൂണലിനു മുന്നിലെ ഇന്ത്യയുടെ വാദം. ഇന്ത്യയിെല പ്രാഥമിക നിയമ നടപടികള്‍ പോലും ഇറ്റലി പൂര്‍ത്തിയാക്കിയില്ല. പ്രശ്നത്തിന് ഇന്ത്യയില്‍ തന്നെ പരിഹാരം സാധ്യമാണെന്നും കേസ് പരിഗണിക്കാനുള്ള അര്‍ഹത രാജ്യാന്തര ട്രൈബ്യൂണലിനില്ലെന്നാണ് ഇന്ത്യയുടെ നിലപാട്.

മറീനുകളുടെ വിചാരണ നാലുമാസത്തിനകം പൂര്‍ത്തിയാക്കാമെന്ന് ഇന്ത്യ ട്രൈബ്യൂണലിനു മുൻപാകെ ഉറപ്പു നല്‍കിയിരുന്നു. രാജ്യാന്തര ട്രൈബ്യൂണല്‍ അധ്യക്ഷന്‍ ബ്ളാഡ്മിര്‍ ഗോളിഡ്സന്‍റെ നേതൃത്വത്തിലുള്ള ബഞ്ചാണ് കേസ് പരിഗണിച്ചത്.

അറബിക്കടലിൽ കേരള തീരത്ത് രണ്ടു മൽസ്യത്തൊഴിലാളികളെ വെടിവച്ചു കൊലപ്പെടുത്തിയ കേസിലാണ് ഇറ്റാലിയൻ സൈനികരായ ലസ്തോറെ മാസി മിലിയാനോയും സാൽവത്തോറെ ജിറോണും ഇന്ത്യയിൽ വിചാരണ നേരിടുന്നത്. കൊല്ലം നീണ്ടകരയിൽ നിന്നു മത്സ്യബന്ധനത്തിനു പോയ ബോട്ടിലെ മത്സ്യത്തൊഴിലാളികളായ കൊല്ലം മൂദാക്കര ഡെറിക് വില്ലയിൽ വാലന്റൈൻ (ജലസ്റ്റിൻ 50), കളിയാക്കാവിള നിദ്രവിള ഇരയിമ്മൻതുറ ഐസക് സേവ്യറിന്റെ മകൻ അജീഷ് ബിങ്കി (21) എന്നിവരാണു കടലിൽ വെടിയേറ്റു മരിച്ചത്. 2012 ഫെബ്രുവരി 15നായിരുന്നു സംഭവം.

LEAVE A REPLY

Please enter your comment!
Please enter your name here