Home / കായികം / ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്: വികാസ് ഗൗഡയ്ക്കും ലളിത ബാബറിനും സ്വര്‍ണം

ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്: വികാസ് ഗൗഡയ്ക്കും ലളിത ബാബറിനും സ്വര്‍ണം

ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് രണ്ട് സ്വര്‍ണംകൂടി. പുരുഷന്മാരുടെ ഡിസ്‌കസ് ത്രോയില്‍ വികാസ് ഗൗഡയും (62.03 മീ.) വനിതകളുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസില്‍ ലളിത ബാബറുമാണ് (9 മിനിറ്റ് 34.13 സെ.) മീറ്റിന്റെ നാലാംദിനം സ്വര്‍ണം നേടിയത്. സുവര്‍ണപ്രതീക്ഷ നിലനിര്‍ത്തി വനിതകളുടെ 800 മീറ്ററില്‍ ടിന്റു ലൂക്കയും പുരുഷവിഭാഗത്തില്‍ ജിന്‍സണ്‍ ജോണ്‍സണും ഫൈനലില്‍ കടന്നു. 4-400 മീറ്റര്‍ റിലേ ഉള്‍പ്പെടെ അവസാനദിനം ഇന്ത്യ കൂടുതല്‍ മെഡലുകള്‍ പ്രതീക്ഷിക്കുന്നു.

പുതിയ ദേശീയ റെക്കോഡോടെയാണ് ലളിത സ്വര്‍ണം നേടിയത്. ബഹ്‌റൈന്റെ റൂത്ത് ജെബേറ്റ് പിന്മാറിയതോടെ ലളിതയ്ക്ക് കാര്യമായ വെല്ലുവിളി നേരിടേണ്ടിവന്നില്ല. ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസ് വെങ്കലമെഡല്‍ ജേതാവുകൂടിയാണ് ലളിത. ചൈനയുടെ ലി ഷെന്‍ഷു വെള്ളിയും ഷാങ് സിയാന്‍ വെങ്കലവും നേടി.

വികാസ് ഗൗഡ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണപ്രകടനം ആവര്‍ത്തിക്കുകയായിരുന്നു. 2013-ല്‍ പുണെയിലും വികാസിനായിരുന്നു സ്വര്‍ണം. കുവൈത്തിന്റെ എയ്‌സ സങ്കാവി വെള്ളിയും ഇറാന്റെ മഹ്മൂദ് സമീനി വെള്ളിയും നേടി.

spotrs.2.

പുരുഷന്മാരുടെ 10,000 മീറ്ററില്‍ തമിഴ്‌നാടിന്റെ ജി. ലക്ഷ്മണന്‍ വെള്ളി മെഡല്‍ നേടി (29 മിനിറ്റ് 42.81 സെ.). ബഹ്‌റൈന്റെ ഏഷ്യന്‍ ഗെയിംസ് സ്വര്‍ണമെഡല്‍ ജേതാവ് എല്‍. ഹസന്‍ എല്‍. അബ്ബാസി (28:50.71) സ്വര്‍ണം നേടി. വനിതകളുടെ 800 മീറ്ററില്‍ രണ്ടുമിനിറ്റ് 6.33 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് ടിന്റു ലൂക്ക ഫൈനലിന് യോഗ്യത നേടിയത്. തമിഴ്‌നാട് താരം എം.ഗോമതിയും ഫൈനലിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. പുരുഷന്മാരുടെ 800 മീറ്ററില്‍ ഒരുമിനിറ്റ് 51.55 സെക്കന്‍ഡില്‍ ഓടിയെത്തിയാണ് മലയാളി താരം ജിന്‍സണ്‍ ഫൈനലില്‍ കടന്നത്. 200 മീറ്ററില്‍ ധരംവീറും ശ്രാവണി നന്ദയും ഫൈനലില്‍ കടന്നു. 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ മലയാളിതാരം അനു രാഘവന്‍ നാലാം സ്ഥാനത്തെത്തി.

Check Also

ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാം കളിയും ഗോള്‍ രഹിത സമനിലയില്‍

കൊച്ചി: മഞ്ഞപ്പടയുടെ ആവേശത്തിരയെ നിരാശയിലാക്കി കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാം കളിയും ഗോള്‍ രഹിത സമനിലയില്‍ അവസാനിച്ചു. ജംഷഡ്പൂര്‍ എഫ്.സിയുമായി കൊച്ചി …

Leave a Reply

Your email address will not be published. Required fields are marked *