Nawaz-Sharif.jpg.image.784.410

ഇസ്‍ലാമാബാദ്∙ കശ്മീരിലെ വിഘടനവാദി നേതാക്കൾ മൂന്നാം കക്ഷിക്കാരല്ലെന്ന് പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫ്. കശ്മീർ വിഷയത്തിൽ അവർ പ്രധാനികളാണ്. അവരുടെ ഭാവി നിർണയിക്കുന്ന എന്തു തീരുമാനം എടുക്കുമ്പോഴും അവരുമായും കൂടിയാലോചന നടത്തണം. അവരുടെ അഭിപ്രായവും പരിഗണിക്കണമെന്നും ഷെരീഫ് പറഞ്ഞു.

കശ്മീർ വിഷയം ഉൾപ്പെടുത്താത്ത ഇന്ത്യ-പാക്കിസ്ഥാൻ ചർച്ച വ്യർഥമാണെന്നും ക്യാബിനറ്റ് യോഗത്തിൽ ഷെരീഫ് പറഞ്ഞതായി ഡോൺ മാധ്യമം റിപ്പോർട്ട് ചെയ്തു. ഇന്ത്യ-പാക്ക് ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ ചർച്ചയിൽ നിന്നും പാക്കിസ്ഥാൻ പിന്മാറിയതിനെ ന്യായീകരിച്ച് ഷെരീഫ് നടത്തുന്ന ആദ്യ പ്രസ്താവനയാണിത്. ചർച്ച റദ്ദാക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ച് പാക്ക് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സർതാജ് അസീസ് യോഗത്തിൽ ഷെരീഫിനോടും മറ്റ് ക്യാബിനറ്റ് അംഗങ്ങളോടും വ്യക്തമാക്കി.

കഴിഞ്ഞ ഞായറാഴ്ച നടക്കാനിരുന്ന ഇന്ത്യ-പാക്ക് ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ ചർച്ചയിൽ നിന്നും ഏതാനും മണിക്കൂറുകൾക്കു മുൻപായിരുന്നു പാക്കിസ്ഥാൻ പിന്മാറിയത്. കശ്മീർ വിഘടനവാദികളായ ഹുറീയത് നേതാക്കളുമായി പാക്ക് സുരക്ഷാ ഉപദേഷ്ടാവ് ചർച്ച നടത്താൻ പാടില്ലെന്നും ഇന്ത്യാ – പാക്ക് ചർച്ചയിൽ കശ്മീർ വിഷയം ഉന്നയിക്കാനാകില്ലെന്നുമുള്ള വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് വ്യക്തമാക്കിയ സാഹചര്യത്തിലായിരുന്നു പിന്മാറ്റം.

LEAVE A REPLY

Please enter your comment!
Please enter your name here