Home / കേരളം / പാനൂരില്‍ ബോംബ് സ്‌ഫോടനത്തില്‍ രണ്ട് സി.പി.എം. പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

പാനൂരില്‍ ബോംബ് സ്‌ഫോടനത്തില്‍ രണ്ട് സി.പി.എം. പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

ഈസ്റ്റ് ചെറ്റക്കണ്ടി കാക്രോട്ട് കുന്നില്‍ ബോംബ് സ്‌ഫോടനത്തില്‍ രണ്ട് സി.പി.എം. പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. രണ്ടുപേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം.

kerala

 

ഈസ്റ്റ് ചെറ്റക്കണ്ടിയിലെ കിളമ്പില്‍ ഷൈജു (32), വടക്കെകരാല്‍ സുബീഷ് (29) എന്നിവരാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റ വടക്കെകരാല്‍ നിജീഷ് (23), പൊയിലൂര്‍ ചമതക്കാട്ടില്‍ രതീഷ് (25) എന്നിവരെ കോഴിക്കോട് സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ബോംബ് നിര്‍മാണത്തിനിടെയാണ് സ്‌ഫോടനമെന്ന് പോലീസ് പറഞ്ഞു.

കൊളവല്ലൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്ന കുന്നിന്‍പ്രദേശം. കുന്നിന്‍ മുകളില്‍ മൂന്നിടത്തായി തീപിടിച്ചിട്ടുണ്ട്. കത്തിക്കരിഞ്ഞ നിലയില്‍ കൂട്ടിയിട്ട ഓലയുടെ അവശിഷ്ടങ്ങള്‍ ഇവിടെയുണ്ട്. സംഭവസ്ഥലത്ത് പോലീസ് നടത്തിയ പരിശോധനയില്‍ നാല് സ്റ്റീല്‍ ബോംബുകളും പരിക്കേറ്റ നിജീഷിന്റെ വീടിനുസമീപത്തുനിന്ന് ഒരു സ്റ്റീല്‍ബോംബും കണ്ടെത്തി. പ്ലാസ്റ്റിക് സഞ്ചിയില്‍ സൂക്ഷിച്ച കുപ്പിച്ചില്ല്, പ്ലാസ്റ്റിക് ബക്കറ്റ്, ചെരിപ്പുകള്‍ എന്നിവയും സംഭവസ്ഥലത്ത് കണ്ടെത്തി. കത്തിക്കരിഞ്ഞതിന്റെ അവശിഷ്ടങ്ങള്‍, രക്തക്കറ എന്നിവ സംഭവസ്ഥലത്തുണ്ട്.റോഡില്‍നിന്ന് അരക്കിലോമീറ്ററോളം ഉള്ളിലായാണ് സംഭവം നടന്ന സ്ഥലം.

സ്‌ഫോടനത്തില്‍ പരിക്കേറ്റ് ആസ്പത്രിയിലെത്തിച്ചവരുടെ ശരീരഭാഗങ്ങള്‍ ചിന്നിച്ചിതറിയ നിലയിലായിരുന്നു. പരിക്കേറ്റവരെ പായയില്‍ പൊതിഞ്ഞ് മിനിലോറിയിലാണ് ആസ്പത്രിയിലെത്തിച്ചത്. തലശ്ശേരി സഹകരണാസ്പത്രിയിലെത്തിച്ചശേഷം രണ്ടുപേരെ കോഴിക്കോട് സ്വകാര്യ ആസ്പത്രിയിലേക്കു മാറ്റി. തലശ്ശേരി സഹകരണാസ്പത്രിയിലെത്തിച്ച പരിക്കേറ്റവരുടെ ചിത്രമെടുക്കാന്‍ ആസ്പത്രിയിലുണ്ടായിരുന്നവര്‍ സമ്മതിച്ചില്ല. സ്‌ഫോടനം നടന്നതറിഞ്ഞ് സംഭവസ്ഥലത്തേക്ക് പോകുകയായിരുന്ന പോലീസിനെ തടയാന്‍ ശ്രമം നടന്നു.
വിവരമറിഞ്ഞ് എ.ഡി.ജി.പി. ശങ്കര്‍ റെഡ്ഡി, ഡി.ഐ.ജി. ദിനേശ് കശ്യപ്, കണ്ണൂര്‍ പോലീസ് ചീഫ് ഉണ്ണിരാജന്‍ എന്നിവര്‍ സ്ഥലത്തെത്തി. കൊല്ലപ്പെട്ടവര്‍ നിര്‍മാണത്തൊഴിലാളികളാണ്. ഇരുവരും അവിവാഹിതരാണ്. കൃഷ്ണന്റെയും ദേവിയുടേയും മകനാണ് ഷൈജു. സഹോദരങ്ങള്‍: ഷിജി, രഞ്ജിത്ത്, രത്‌ന, ഷൈനി.

കൃഷ്ണന്റെയും കല്യാണിയുടേയും മകനാണ് സുബീഷ്. സഹോദരങ്ങള്‍: സുമേഷ്, സുഗേഷ്, സുരേഷ്. സംഭവത്തെക്കുറിച്ച് സമഗ്രാന്വേഷണം വേണമെന്ന് സി.പി.എം. പാനൂര്‍ ഏരിയാകമ്മിറ്റിയും ബി.ജെ.പി. ജില്ലാകമ്മിറ്റിയും ആവശ്യപ്പെട്ടു. പാര്‍ട്ടികേന്ദ്രങ്ങളില്‍ ബോംബുണ്ടാക്കാന്‍ നിര്‍ദേശം നല്കിയ നേതാക്കള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. സംഭവത്തെക്കുറിച്ച് പാനൂര്‍ സി.ഐ. അനില്‍കുമാര്‍ അന്വേഷിക്കും. തലശ്ശേരി, പാനൂര്‍ മേഖലകളില്‍ പരിശോധന ശക്തമാക്കാന്‍ നര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി. വിശ്വനാഥന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ബോംബ് സ്‌ക്വാഡും ജില്ലാ പോലീസ് മേധാവിയുടെ സ്‌ക്വാഡ് അംഗങ്ങളും അടങ്ങുന്നതാണ് ഈ സംഘം.

Check Also

വേറിട്ട് നടന്നു ഒന്നിച്ചു ആക്രമിക്കുന്ന നയം കേരളത്തിൽ പ്രാവർത്തീകമോ?

വേറിട്ട് നടന്നു ഒന്നിച്ചു ആക്രമിക്കുന്ന നയം കേരളത്തിൽ പ്രാവർത്തീകമോ? ഭരണത്തെ,അധികാരികളെ,രാഷ്ട്രീയ വൈവിധ്യങ്ങളെ എതിർക്കുന്നവർ ആക്രമിക്കപ്പെടുകയും, കൊല്ലപ്പെടുകയും ചെയ്യുന്നു. കൊലപാതകവും, മരണവും, …

Leave a Reply

Your email address will not be published. Required fields are marked *